food-divorce-relationships

ഒരേ വീട്ടിലാണ്, ഭാര്യാ ഭര്‍ത്താക്കന്മാരാകാം, ലിവിങില്‍ ആവാം... പക്ഷേ, ഭക്ഷണത്തിന്‍റെ  കാര്യത്തിൽ സ്വന്തം ഇഷ്ടം മുഖ്യം. ദമ്പതികൾക്കിടയിലെ ഭക്ഷണശീലങ്ങളിലെ വ്യത്യാസങ്ങളെ പുതിയൊരു രീതിയിൽ സമീപിക്കുന്ന ട്രെൻഡാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'ഫുഡ് ഡിവോഴ്സ്' (‘Food Divorce’).

പേര് കേൾക്കുമ്പോൾ വിവാഹമോചനം പോലെ എന്തോ ഒന്നാണെന്ന് തോന്നുമെങ്കിലും, ഫുഡ് ഡിവോഴ്സ് എന്നത് യഥാർഥത്തിൽ വിവാഹബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതല്ല. മറിച്ച്, പങ്കാളികൾ തമ്മിലുള്ള ഭക്ഷണ ഇഷ്ടങ്ങളിലെയും ശീലങ്ങളിലെയും വ്യത്യാസങ്ങൾ അംഗീകരിച്ച്, ഓരോരുത്തർക്കും സ്വന്തം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നൽകുന്ന രീതിയാണിത്.

ദമ്പതികൾക്ക് എല്ലാ കാര്യങ്ങളിലും ഒരേ ഇഷ്ടം ഉണ്ടായിരിക്കണമെന്നില്ല. ഭക്ഷണത്തിന്‍റെ കാര്യത്തിലും അങ്ങനെതന്നാണല്ലോ. ഒരാൾക്ക് ബിരിയാണി ഇഷ്ടപ്പെടുമ്പോൾ പങ്കാളിക്ക് സാലഡായിരിക്കാം താൽപര്യം. ഒരാൾക്ക് എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുമ്പോൾ മറ്റൊരാൾക്ക് മസാല കുറഞ്ഞ ഭക്ഷണമാകാം ഇഷ്ടം. ഒരാൾ വെജിറ്റേറിയനായിരിക്കാം, മറ്റൊരാൾ നോൺ-വെജിറ്റേറിയനും.

ഇത്തരം സാഹചര്യങ്ങളിൽ ‘നമ്മൾ രണ്ടുപേരും ഒരേ ഭക്ഷണം തന്നെ കഴിക്കണം’ എന്ന നിർബന്ധം ഒഴിവാക്കി, ഓരോരുത്തരും തങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കുകയാണ് ഫുഡ് ഡിവോഴ്സ് എന്ന ആശയത്തിന്‍റെ അടിസ്ഥാനം.

‘ഇന്ന് എന്ത് കഴിക്കും?’ എന്നത് പല വീടുകളിലും ദിവസേന ഉയരുന്ന ചോദ്യമാണ്. വ്യത്യസ്തമായ ഭക്ഷണരുചികളുള്ള പങ്കാളികൾക്കിടയിൽ ഇത് ചിലപ്പോൾ ചെറിയ തർക്കങ്ങൾക്കും കാരണമാകാം. ഒരാൾക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം മറ്റൊരാൾ നിർബന്ധിച്ച് കഴിപ്പിക്കുക, പങ്കാളിയുടെ ഭക്ഷണശീലം മാറ്റാൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ ഇത്തരം സംഘർഷങ്ങൾ കുറയ്ക്കാനാകുമെന്നാണ് ഫുഡ് ഡിവേഴ്സ് ആശയം മുന്നോട്ടുവെയ്ക്കുന്നത്. ഭക്ഷണത്തിൽ ഒരേ അഭിപ്രായം വേണമെന്നില്ല, പരസ്പര ബഹുമാനമാണ് വേണ്ടത് എന്നതാണ് ഇതിന്‍റെ പ്രധാന സന്ദേശം.

റെസ്റ്റോറന്റിലും സ്വന്തം ഇഷ്ടം

ഫുഡ് ഡിവേഴ്സ് വീട്ടിലെ ഭക്ഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ല. പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോഴും ഇതേ സമീപനം സ്വീകരിക്കാം. ഒരാൾക്ക് പിസ ഇഷ്ടമാണെങ്കിൽ മറ്റൊരാൾക്ക് പാസ്ത തിരഞ്ഞെടുക്കാം. ഒരാൾക്ക് വെജിറ്റേറിയൻ വിഭവം മതിയെങ്കിൽ പങ്കാളിക്ക് നോൺ-വെജ് വിഭവം ഓർഡർ ചെയ്യാം. ഒരേ വിഭവം പങ്കിട്ട് കഴിക്കണമെന്നോ, ഒരാളുടെ ഇഷ്ടം മറ്റൊരാൾ സ്വീകരിക്കണമെന്നോ നിർബന്ധമില്ല.

ഭക്ഷണത്തിലെ സ്വാതന്ത്ര്യം ബന്ധത്തിലെ അകലം അല്ല

ഫുഡ് ഡിവോഴ്സ് എന്ന ആശയത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്, വ്യത്യസ്തമായി ഭക്ഷണം കഴിക്കുന്നതെന്ന് കരുതി  ബന്ധത്തിൽ അകലമുണ്ടെന്ന് അർഥമില്ല. പങ്കാളിയുടെ ഇഷ്ടം തന്‍റേതിൽ നിന്ന് വ്യത്യസ്തമാണെന്ന് അംഗീകരിക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് ആരോഗ്യകരമായ സമീപനം. ഒരുമിച്ച് സമയം ചെലവഴിക്കാനും സംസാരിക്കാനും സന്തോഷിക്കാനും ഒരേ ഭക്ഷണം കഴിക്കണമെന്ന നിർബന്ധമില്ല.

എന്നാൽ ‘ഫുഡ് ഡിവോഴ്സ്’ എല്ലാത്തിനും പരിഹാരമാണോ?

അങ്ങനെ പറയാനാകില്ല. ഭക്ഷണത്തിൽ വ്യക്തിസ്വാതന്ത്ര്യം നൽകുന്നതിനൊപ്പം, വീട്ടിലെ പാചകം, ഭക്ഷണച്ചെലവ്, സാധനങ്ങൾ വാങ്ങൽ തുടങ്ങിയ കാര്യങ്ങളിൽ പരസ്പരം ധാരണ ഉണ്ടാകേണ്ടതുണ്ട്. 

ഭക്ഷണം വെറും വിശപ്പടക്കാനുള്ള മാർഗമല്ല, പല ബന്ധങ്ങളിലും അത് സ്നേഹത്തിന്റെയും ഒരുമയുടെയും ഭാഗമാണ്. എന്നാൽ അതിനർഥം പങ്കാളികൾക്ക് ഒരേ ഭക്ഷണം തന്നെ ഇഷ്ടപ്പെടണമെന്നില്ല. ബന്ധത്തിൽ പരസ്പരം മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ, വ്യത്യാസങ്ങളെ അംഗീകരിക്കുകയും ഓരോരുത്തരുടെയും തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുകയും ചെയ്യുക. ചിലപ്പോൾ നല്ലൊരു ബന്ധത്തിന്റെ രഹസ്യം ഒരേ ഭക്ഷണം കഴിക്കുന്നതിലല്ല, വ്യത്യസ്തമായ ഇഷ്ടങ്ങൾ അംഗീകരിക്കുന്നതിലായിരിക്കാം.

food divorce relationships:

Food divorce is a trending concept where partners embrace their different food preferences and habits, fostering culinary independence within relationships. This approach emphasizes mutual respect for individual food choices rather than enforcing conformity, ultimately strengthening the bond by acknowledging and celebrating differences.