ഫാറ്റി ലിവർ എന്ന കരൾരോഗം ഒരുകാലത്ത് പ്രായമായവരിൽ മാത്രം കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. കുട്ടികളിലും കൗമാരക്കാരിലും ഫാറ്റി ലിവർ ആശങ്കപ്പെടുത്തുന്ന തോതിൽ വർധിക്കുകയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് അമിതവണ്ണമുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടെത്തുന്നത്.
ജീവിതശൈലിയിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണം. പോഷകമൂല്യം കുറഞ്ഞ ഭക്ഷണങ്ങൾ, ശീതളപാനീയങ്ങളുടെ അമിത ഉപയോഗം, വ്യായാമക്കുറവ്, മൊബൈൽ ഫോണിനും ടെലിവിഷനും മുന്നിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന ശീലം എന്നിവയൊക്കെ കുട്ടികളുടെ കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
എന്താണ് ഫാറ്റി ലിവർ?
കരളിലെ കോശങ്ങളിൽ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്. സാധാരണയായി കരളിൽ ചെറിയ അളവിൽ കൊഴുപ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് അമിതമാകുമ്പോൾ കരളിന്റെ പ്രവർത്തനം തകരാറിലാകാൻ തുടങ്ങും. മദ്യപാനം കൊണ്ടല്ലാതെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളിലെ തകരാറുകൾ (മെറ്റബോളിക് ഡിസ്ഫങ്ഷൻ) മൂലമുണ്ടാകുന്ന കരൾരോഗത്തെ സ്റ്റീറ്റോട്ടിക് ഫാറ്റി ലിവർ (MASLD) എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്.
ഇന്ത്യയും പിന്നിലല്ല...
ഇന്ത്യയിലും കുട്ടികളിലെ ഫാറ്റി ലിവർ വർധിച്ചുവരുന്നതായി വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്കൂൾ വിദ്യാർഥികളിൽ അമിതവണ്ണമുള്ളവരിൽ നടത്തിയ പരിശോധനകളിൽ വലിയൊരു വിഭാഗത്തിനും യാതൊരു ലക്ഷണങ്ങളും ഇല്ലാതെയാണ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്നതായി കണ്ടെത്തിയത്.
ഇവരിൽ പലർക്കും ഇൻസുലിൻ പ്രതിരോധം, രക്തത്തിലെ കൊഴുപ്പിന്റെ അളവ് വർധിക്കൽ, ഉയർന്ന രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങളും ഒരുമിച്ച് കണ്ടെത്തിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യവും ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നു.
ലക്ഷണങ്ങളില്ലാത്തതിനാൽ അപകടം കൂടുതൽ
കുട്ടികളിലെ ഫാറ്റി ലിവറിന്റെ ഏറ്റവും വലിയ വെല്ലുവിളി, രോഗം പലപ്പോഴും യാതൊരു മുന്നറിയിപ്പും നൽകുന്നില്ല എന്നതാണ്. കുട്ടി സാധാരണപോലെ കളിക്കുകയും പഠിക്കുകയും ചെയ്യും. ക്ഷീണമോ വേദനയോ പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും ഉണ്ടാകില്ല.
എന്നാൽ ഇതിന്റെ മറവിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചിലരിൽ വീക്കവും കോശനാശവും ആരംഭിക്കുകയും ചെയ്യാം. കൃത്യസമയത്ത് രോഗം കണ്ടെത്താതെ പോയാൽ പിന്നീട് ഗുരുതരമായ കരൾരോഗങ്ങളിലേക്കും ടൈപ്പ്–2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്കും ഇത് നയിക്കാനുള്ള സാധ്യത കൂടുതലാണ്.
രോഗത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ
ഫാറ്റി ലിവർ എന്നുകേൾക്കുമ്പോൾ പലരും കരുതുന്നത് എണ്ണയും കൊഴുപ്പും കൂടുതലായി കഴിക്കുന്നതാണ് കാരണമെന്നാണ്. എന്നാൽ യാഥാർഥ്യം അതല്ല. അമിതമായ കലോറി അടങ്ങിയ ഭക്ഷണം, മധുരപാനീയങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകൾ എന്നിവ അമിതമായി ഉപയോഗിക്കുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു. കൂടാതെ വ്യായാമക്കുറവ്, പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം എന്നിവകൂടി ചേർന്നാൽ രോഗം മൂർച്ഛിക്കും.
ശീതളപാനീയങ്ങൾ, ചോക്ലേറ്റ്, കേക്ക്, ബിസ്കറ്റ്, മധുരപലഹാരങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്ന കുട്ടികളിൽ അപകടസാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അതേസമയം, ഒരു പ്രത്യേക പാചകഎണ്ണയോ ഭക്ഷണപദാർഥമോ മാത്രം ഫാറ്റി ലിവറിന് കാരണമാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുമില്ല.
ഭക്ഷണക്രമം മാറ്റിയാൽ വലിയ മാറ്റം സാധ്യം
കുട്ടികളിലെ ഫാറ്റി ലിവർ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗം ആരോഗ്യകരമായ ജീവിതശൈലിയാണ്. ദിവസവും പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പയർവർഗങ്ങളും മത്സ്യവും പരിപ്പുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മധുരപാനീയങ്ങളും ജങ്ക് ഫുഡുകളും പരമാവധി ഒഴിവാക്കണം. അതോടൊപ്പം ദിവസേന കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കളിക്കാനോ വ്യായാമത്തിനോ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. മൊബൈൽ ഫോൺ, ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയ്ക്കായി ചെലവഴിക്കുന്ന സമയം നിയന്ത്രിക്കുന്നതും അത്യാവശ്യമാണ്.
ടോകോട്രിയീനോൾസിനെക്കുറിച്ചുള്ള പഠനങ്ങൾ
വിറ്റാമിൻ E യുടെ ഒരു രൂപമായ ടോകോട്രിയീനോൾസ് എന്ന പോഷകഘടകത്തെക്കുറിച്ച് സമീപകാലത്ത് നിരവധി പഠനങ്ങൾ നടന്നുവരുന്നുണ്ട്. ചില സസ്യഎണ്ണകളിലും ധാന്യങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ഈ ഘടകം കരളിലെ വീക്കം കുറയ്ക്കാനും കോശങ്ങളെ സംരക്ഷിക്കാനും സഹായിച്ചേക്കാമെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഗവേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിനാൽ ഫാറ്റി ലിവറിന് പരിഹാരമായി ടോകോട്രിയീനോൾസ് അടങ്ങിയ സപ്ലിമെന്റുകൾ മാത്രം ഉപയോഗിക്കുന്നത് ശരിയായ സമീപനമല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
മാതാപിതാക്കൾ ശ്രദ്ധിക്കണം
കുട്ടികളുടെ ഭക്ഷണശീലങ്ങൾ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്കാണ് ഏറ്റവും വലിയ പങ്ക്. വീട്ടിൽ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും കുട്ടികളെ പുറംകളികളിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ ഫാറ്റി ലിവർ ഉൾപ്പെടെയുള്ള നിരവധി ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ശരിയായ ഭക്ഷണരീതി, സ്ഥിരമായ വ്യായാമം, മതിയായ ഉറക്കം, സ്ക്രീൻ സമയം കുറയ്ക്കൽ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഈ രോഗസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. കുട്ടികളുടെ ഇന്നത്തെ ജീവിതശൈലിയാണ് അവരുടെ നാളത്തെ ആരോഗ്യം നിർണയിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ശീലങ്ങൾ ചെറുപ്പം മുതൽ വളർത്തിയെടുക്കുക എന്നതാണ് ഫാറ്റി ലിവറിനെതിരായ ഏറ്റവും മികച്ച പ്രതിരോധമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.