Image: AFP
വൈദ്യശാസ്ത്രം എത്ര വളര്‍ന്നെങ്കിലും കാന്‍സര്‍ ഇന്നും മാനവരാശിക്കൊരു പേടിസ്വപ്നമാണ്. ലോകരാജ്യങ്ങളില്‍ വലിയൊരു ശതമാനം വിഭാഗത്തെ ബാധിക്കുന്ന രോഗമാണ് തൊണ്ടയിലെ കാന്‍സര്‍. പൊതുവേ കടുത്ത പുകവലിയും മദ്യപാനവും, മുറുക്കുന്ന ശീലവുമൊക്കെയാണ് ഈ രോഗത്തിന് കാരണമായി കണ്ടുവരാറുള്ളത്. എന്നാല്‍ ഓറല്‍ സെക്സ് തൊണ്ടയിലെ കാന്‍സറിന് കാരണമാകുമോ? പ്രശസ്ത അമേരിക്കന്‍ നിര്‍മാതാവും നടനുമായ മൈക്കല്‍ ഡഗ്ലസിന്റെ തുറന്നുപറച്ചിലാണ് ഇവിടെ പ്രസക്തമാകുന്നത്.
2023ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 1.5ദശലക്ഷം കേസുകളില്‍ ഗണ്യമായ ഒരു ഭാഗം തൊണ്ടയിലെ കാന്‍സര്‍ ആയിരുന്നു. ലോകമെമ്പാടുമുള്ള കണക്കുകളെടുത്തു പരിശോധിച്ചാലും തൊണ്ടയിലെ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള ഒരു രാജ്യം തന്നെയാണ് ഇന്ത്യ.
ഹ്യൂമന്‍ പാപ്പിലോമ വൈറസും( HPV) വായിലെ കാന്‍സറിനു കാരണമാകുന്നുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മദ്യപാനത്തിനും പുകയില ഉപയോഗത്തിനും പുറമേയാണ് എച്ച്പിവിയും ഈ രോഗത്തിനു കാരണമാകുമെന്ന തരത്തില്‍ പഠനങ്ങള്‍ പുറത്തുവരുന്നത്. അതേസമയം തന്നെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാന്‍സറുകള്‍ എച്ച്പിവി മൂലമാണെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളൊന്നും ഇതേവരെ പുറത്തുവന്നിട്ടില്ല.
2013ല്‍ അമേരിക്കന്‍ നടനും നിര്‍മാതാവുമായ മൈക്കല്‍ ഡഗ്ലസ് ‘ദ് ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തെക്കുറിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓറല്‍ സെക്സിലൂടെ പകരുന്ന എച്ച്പിവി വൈറസാണ് തന്റെ തൊണ്ടയിലെ കാന്‍സറിന് കാരണമായതെന്നായിരുന്നു അദ്ദേഹം അന്ന് തുറന്നുപറഞ്ഞത്.
2010ലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നത്. അന്ന് ഏറ്റവും മോശം സ്റ്റേജിലൂടെയായിരുന്നു രോഗഘട്ടം കടന്നുപോയത്. വര്‍ഷങ്ങളോളമുള്ള മദ്യപാനവും പുകവലിയുമാണോ രോഗത്തിനു കാരണമായതെന്നും അക്കാര്യത്തില്‍ എപ്പോഴെങ്കിലും ഖേദം തോന്നിയിട്ടുണ്ടോയെന്നും അഭിമുഖത്തില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു ഡഗ്ലസ് രോഗവിവരത്തെക്കുറിച്ച് വിശദമാക്കിയത്.
തന്റെ രോഗത്തിനു കാരണം ഓറല്‍ സെക്സ് ആണെന്നായിരുന്നു ഡഗ്ലസിന്റെ മറുപടി. അമേരിക്കയില്‍ ഏകദേശം 60മുതല്‍ 70ശതമാനം വരെ ഈ രീതിയിലൂടെ പകരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിഡിസി (Disease control and prevention)നല്‍കുന്ന ഡാറ്റയനുസരിച്ചുള്ള കണക്കുകളാണിത്. മറ്റ് ശാരീരിക സമ്പര്‍ക്കത്തിലൂടെയും ഓറല്‍ സെക്സിലൂടെയും വൈറസ് വായയിലേക്കും തൊണ്ടയിലേക്കും പകരാമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഏകദേശം 200ലധികം എച്ച്പിവി വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്. പലരിലേക്കും ഈ വൈറസ് എത്തപ്പെടാറുണ്ടെങ്കിലും ചിലരില്‍ മാത്രമേ ഇത് കടുത്ത രോഗാവസ്ഥയിലേക്ക് മാറാറുള്ളൂ. പുരുഷന്മാരിൽ 10% പേരെയും സ്ത്രീകളിൽ 3.6% പേരെയും ഈ വൈറസ് ബാധിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
കടുത്ത ചെവിവേദന, വിട്ടുമാറാത്ത തൊണ്ടവേദന. കഴുത്തിൽ കാണുന്ന മുഴകൾ. ആഹാരം ചവയ്ക്കാനാവാത്ത അവസ്ഥ, ശബ്ദത്തിലെ മാറ്റം, നിലയ്ക്കാത്ത ചുമ, ശരീരഭാരം കുറയല്‍ എന്നിവയാണ് ഈ രോഗാവസ്ഥയുടെ പ്രധാന ലക്ഷണം. അതേസമയം രോഗം സ്ഥീരീകരിക്കുന്ന 90 ശതമാനം പേരിലും പൂര്‍ണമായും ഭേദപ്പെട്ടേക്കാമെന്നാണ് ടെക്സാസ് യൂണിവേഴ്സിറ്റി കാന്‍സര്‍ സെന്റര്‍ നല്‍കുന്ന വിവരം. എച്ച്പിവി മൂലമുണ്ടാകുന്ന കാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യതയും വളരെ കുറവാണ്.