ഒട്ടും വയ്യ! ഡോക്ടറെ കണ്ടു. മരുന്നും വാങ്ങി. കുറച്ചുദിവസം വിശ്രമിക്കണമെന്നാണ് നിർദേശം. പക്ഷേ വീട്ടിലെത്തിയപ്പോഴാണ് മറ്റൊരു പ്രശ്നം. അടുക്കളയിൽ പാത്രങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. അലക്കാനുള്ള തുണികൾ ബാക്കിയുണ്ട്. വീട് ഒന്ന് അടിച്ചുവാരണം. മുറികൾ ഒതുക്കണം. ഒന്നുകിൽ അത് കണ്ടില്ലെന്ന് നടിക്കാം, അല്ലെങ്കിൽ അത് വേറെ ആരെങ്കിലും ചെയ്തോട്ടെ എന്ന് വിചാരിക്കാം. പക്ഷെ അത് പറ്റുന്നില്ല. വയ്യെങ്കിലും ആ ജോലികൾ ചെയ്യണമെന്ന തോന്നൽ ഉള്ളിൽ ശക്തമാകുന്നു. ശരീരം വിശ്രമം ആവശ്യപ്പെടുമ്പോഴും മനസ്സ് അതിന് അനുവദിക്കാത്ത അവസ്ഥ. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും ഇതിന് പിന്നിൽ ചില മനഃശാസ്ത്രപരമായ കാരണങ്ങളുണ്ട്. Also Read: ‘പ്രിയങ്കയ്ക്കും രാഹുലിനും ഒരു ചേട്ടനുണ്ടായിരുന്നു’; വിങ്ങുന്ന ഓര്‍മകളുമായി സോണിയ
റെസ്റ്റ് ഗില്‍റ്റ് (Rest Guilt): വിശ്രമിക്കുമ്പോൾ കുറ്റബോധം തോന്നുന്ന അവസ്ഥയാണ് Rest Guilt അഥവാ Productivity Guilt.വെറുതെയിരിക്കുന്നത് സമയം പാഴാക്കലാണെന്നും വിശ്രമിക്കുന്നത് മടിയാണെന്നും മനസ്സ് വിശ്വസിക്കുന്നു. ജോലികൾ ചെയ്യുമ്പോഴോ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോഴോ മാത്രമാണ് സ്വയം മൂല്യം ഉള്ളത് എന്ന ചിന്തയും ഇതിന് പിന്നിലുണ്ടാകാം.
റെസ്റ്റ് റസിസ്റ്റന്‍സ് (Rest Resistance): ശരീരത്തിന് വിശ്രമം ആവശ്യമാണെന്ന് വ്യക്തമായി അറിയാമെങ്കിലും മനസ്സ് അതിന് തയ്യാറാകുന്നില്ല. എന്തെങ്കിലും ചെയ്തുതീർക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ. ചിലർക്ക് വീട് അലങ്കോലമായി കിടക്കുന്നത് വലിയ മാനസിക അസ്വസ്ഥതയുണ്ടാക്കും. മറ്റുള്ളവർ കാര്യങ്ങൾ കൃത്യമായി ചെയ്യില്ലെന്നാണ് അവരുടെ തോന്നൽ . എല്ലാം സ്വന്തം രീതിയിൽ ക്രമീകരിക്കുമ്പോഴാണ് മനസ്സിന് സമാധാനം ലഭിക്കുന്നത്.
ടോക്സിക് പ്രൊഡക്റ്റിവിറ്റി(Toxic Productivity): എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്ന സമ്മർദം. ഉൽപ്പാദനക്ഷമതയെ ജീവിതത്തിന്റെ അളവുകോലായി കാണുന്ന പ്രവണതയാണ് Toxic Productivity. വിശ്രമിക്കുന്ന സമയത്തുപോലും ചെയ്യാനുള്ള ജോലികളുടെ പട്ടിക മനസ്സിൽ നിറയും. ഒരു ജോലി തീർന്നാൽ അടുത്തത്. അതും കഴിഞ്ഞാൽ മറ്റൊന്ന്. ജോലി ചെയ്യാത്ത സമയത്ത് കുറ്റബോധവും എന്തെങ്കിലും ചെയ്തുതീർത്താൽ താൽക്കാലിക ആശ്വാസവും ലഭിക്കും.
സൂപ്പര്‍ വുമണ്‍ സിന്‍ഡ്രോം(Super women syndrome): സ്ത്രീകളിൽ കണ്ടുവരുന്ന ഒരു മനോഭാവമാണിത്. ജീവിതത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും തനിച്ച്, ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കണമെന്ന അമിത സമ്മർദം അനുഭവിക്കുന്ന അവസ്ഥ. വീട്ടുജോലി, ജോലി, കുടുംബം, ബന്ധങ്ങൾ തുടങ്ങി എല്ലാം ഒരുപോലെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. അസുഖമായാലും വിശ്രമിക്കാൻ കഴിയില്ല. സഹായം ചോദിക്കാൻ മടിയാണ്.ഒന്നും മറ്റൊരാളെ ഏൽപ്പിക്കില്ല.സ്വന്തം ആവശ്യങ്ങളും ആരോഗ്യവും മാറ്റിവെച്ച് മറ്റുള്ളവർക്കായി ജീവിക്കുന്നു. എല്ലാം ചെയ്യുന്നുണ്ടെങ്കിലും ഉള്ളിൽ കടുത്ത ക്ഷീണവും നിരാശയും അനുഭവിക്കുന്ന അവസ്ഥയാണിത്.
വിശ്രമമെന്നാൽ മടിയല്ല!: വിശ്രമം ഒരിക്കലും അലസതയല്ല എന്ന് പറയുന്നു മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ് സൈക്കാട്രിസ്റ്റ് ഡോ. എൽസി ഉമ്മൻ .വിശ്രമം, ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ്. തുടർച്ചയായ ജോലിയും ഉറക്കക്കുറവും സമ്മർദവും ഒരുപോലെ ആരോഗ്യത്തെ ബാധിക്കാം.
ഡോക്ടർ വിശ്രമിക്കാൻ നിർദേശിച്ചാൽ അത് പാലിക്കുക എന്നത് സ്വന്തം ശരീരത്തോടുള്ള ഉത്തരവാദിത്തമാണ്. പണിയെടുക്കൂ എന്ന് പറയുന്ന മനസ്സിനോട് 'എനിക്കിപ്പോൾ സൗകര്യമില്ല ' എന്ന് തന്നെ പറയണം. വീട്ടിലെ എല്ലാ ജോലികളും ഒരാൾ തന്നെ ചെയ്യണമെന്നില്ല. ചില കാര്യങ്ങൾ മാറ്റിവെക്കാം. ചിലത് മറ്റുള്ളവരെ ഏൽപ്പിക്കാം.
വിശ്രമിക്കുമ്പോൾ കുറ്റബോധം തോന്നുന്നത് പതിവാകുകയും അത് ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നതും നല്ലതാണ്. കാരണം, ജീവിതം എന്നത് ചെയ്യാനുള്ള ജോലികളുടെ ഒരു നീണ്ട പട്ടിക മാത്രമല്ല, ചില നേരങ്ങളിൽ ഒന്നും ചെയ്യാതെ ഇരിക്കാൻ ഉള്ള അവകാശം കൂടിയാണ്.