സംസ്ഥാനത്ത് കടുത്ത ചൂടാണ് . 'നല്ലപോലെ വെള്ളം കുടിക്കണം' എന്ന് എല്ലാവരും പറയാറുണ്ട് അല്ലേ, എന്നാല്‍ അമിതമായി വെള്ളം കുടിക്കരുത് എന്ന് ആരെങ്കിലും പറയാറുണ്ടോ?  നിർജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കണം. പക്ഷേ, അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നതുപോലെ വെള്ളവും അമിതമായാല്‍ അത് ശരീരത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. ഒരു നിശ്ചിത അളവിൽ കൂടുതൽ വെള്ളം ഒരേസമയം ഉള്ളിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. 

വെള്ളം കുടിക്കുന്നതിനും ഒരു കണക്കുണ്ടോ? 

നമ്മുടെ ശരീരത്തിലെ അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കാൻ വെള്ളം വേണം. അതിന് സംശയമൊന്നുമില്ല. ചർമത്തിന്‍റെ തിളക്കം നിലനിർത്താനും മുടിയുടെ ആരോഗ്യത്തിനും ചുളിവുകൾ വീഴാതിരിക്കാനും ഇത് സഹായിക്കുന്നു.   എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ അളവിൽ വെള്ളം കുടിച്ചാല്‍ അത് വൃക്കകൾക്ക് താങ്ങാൻ കഴിയാതെ വരുന്നു. ഒരു മണിക്കൂറിൽ ഏകദേശം 800 മുതൽ 1000 മില്ലി ലിറ്റർ വരെ വെള്ളം മാത്രമേ നമ്മുടെ വൃക്കകൾക്ക് ശുദ്ധീകരിക്കാൻ സാധിക്കൂ. ഇതിൽ കൂടുതൽ വെള്ളം എത്തുമ്പോൾ വൃക്കകളുടെ ജോലിഭാരം വർദ്ധിക്കുകയും ശരീരത്തിലെ ലവണാംശങ്ങളുടെ തുലനാവസ്ഥ തെറ്റുകയും ചെയ്യുന്നു. ഇത് രക്തത്തിലെ സോഡിയത്തിന്‍റെ അളവ് പെട്ടെന്ന് കുറയാൻ കാരണമാകും. ഈ അവസ്ഥയെയാണ് 'ഹൈപ്പോനാട്രീമിയ' (Hyponatremia) എന്ന് വിളിക്കുന്നത്.

സോഡിയം കുറയുന്നത് കോശങ്ങളിൽ വീക്കം ഉണ്ടാക്കാൻ കാരണമാകും. തലച്ചോറിലെ കോശങ്ങളിൽ ഇത്തരത്തിൽ വീക്കം സംഭവിക്കുമ്പോൾ അത് സമ്മർദമുണ്ടാക്കുകയും കഠിനമായ തലവേദനയ്ക്ക് വഴിവെക്കുകയും ചെയ്യുന്നു. പലരും തലവേദന വരുമ്പോൾ നിർജലീകരണം ആണെന്ന് കരുതി വീണ്ടും വെള്ളം കുടിക്കാറുണ്ട്, ഇത് സ്ഥിതി കൂടുതൽ വഷളാക്കുകയേ ഉള്ളൂ.

നമ്മുടെ ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് കൂടുതലാണോ? എങ്ങനെ മനസിലാക്കാമെന്നല്ലേ? അതിന് ശരീരം തന്നെ ചിലപ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിച്ചുതരാറുണ്ട്. 

 * തലകറക്കവും തലവേദനയും

 * മനംപുരട്ടൽ അല്ലെങ്കിൽ ഛർദ്ദി

 * പേശികളിലെ ബലഹീനതയും വേദനയും

 * ചിലപ്പോള്‍ ഓർമ്മക്കുറവ് അല്ലെങ്കിൽ ബോധക്ഷയം വരെ സംഭവിക്കാം

പ്രതിദിനം പുരുഷന്മാർ ഏകദേശം 3.7 ലിറ്റർ വെള്ളം കുടിക്കണം. എന്നാല്‍ സ്ത്രീകളിലേക്ക് വരുമ്പോള്‍ എകദേശം  2.7 ലിറ്റർ മാത്രം വെള്ളം മതി. ഇതിൽ കുടിക്കുന്ന വെള്ളത്തിന് പുറമെ ചായ, കാപ്പി, പാല്, ജ്യൂസ്, ഭക്ഷണത്തിലൂടെ ലഭിക്കുന്ന ജലാംശം എന്നിവയും ഉൾപ്പെടുന്നു.  ശുദ്ധജലം മാത്രമായി ഏകദേശം എട്ട് ഗ്ലാസ് കുടിക്കണമെന്നാണ് പൊതുവായ കണക്ക്.

എത്ര വെള്ളം കുടിക്കണം എന്നുള്ളത് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി, ചെയ്യുന്ന ജോലി, ജീവിക്കുന്ന സാഹചര്യവും അനുസരിച്ചിരിക്കും. 

ശാരീരിക അധ്വാനം

 ശാരീരികമായി കഠിനമായ ജോലി ചെയ്യുന്നവർക്കും സ്പോർട്സ് താരങ്ങൾക്കും ഓഫീസ് ജോലിക്കാരെക്കാൾ കൂടുതൽ വെള്ളം ആവശ്യമാണ്. അധ്വാനിക്കുമ്പോൾ വിയർപ്പിലൂടെ ശരീരം വലിയ തോതിൽ ജലം നഷ്ടപ്പെടുത്തുന്നതാണ് ഇതിന് കാരണം.

കാലാവസ്ഥ

ചൂടുള്ള കാലാവസ്ഥയിൽ താമസിക്കുന്നവർക്കും വെയിലത്ത് ജോലി ചെയ്യുന്നവർക്കും ശരീര താപനില നിയന്ത്രിക്കാൻ കൂടുതൽ വെള്ളം കുടിക്കേണ്ടി വരും. എന്നാൽ തണുപ്പുള്ള സ്ഥലങ്ങളിലോ എസി മുറികളിലോ ഇരിക്കുന്നവർക്ക് ദാഹം കുറവായിരിക്കുമെങ്കിലും ശരീരം പ്രവർത്തനക്ഷമമായിരിക്കാൻ ആവശ്യമായ വെള്ളം കൃത്യമായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ശരീര ഭാരം 

ശരീരത്തിന്‍റെ വലുപ്പവും ഭാരവുമനുസരിച്ച്  ആവശ്യമുള്ള വെള്ളത്തിന്‍റെ അളവും വ്യത്യാസപ്പെടും. ഉയർന്ന ശരീരഭാരമുള്ള ഒരാളുടെ കോശങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കാനും മാലിന്യങ്ങൾ പുറന്തള്ളാനും ചെറിയ ശരീരഭാരമുള്ള ഒരാളെക്കാൾ കൂടുതൽ വെള്ളം ആവശ്യമാണ്.

ആരോഗ്യസ്ഥിതി 

പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസുഖങ്ങൾ ഉള്ളപ്പോൾ ശരീരം കൂടുതൽ വെള്ളം ആവശ്യപ്പെടും. അതേസമയം, വൃക്കരോഗം പോലെയുള്ള പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശാനുസരണം വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കേണ്ടി വന്നേക്കാം.

ഭക്ഷണം

നാരുകൾ അടങ്ങിയ ഭക്ഷണവും പ്രോട്ടീൻ കൂടിയ ഭക്ഷണവും കഴിക്കുമ്പോൾ ദഹനത്തിന് കൂടുതൽ വെള്ളം ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവർക്ക് അതിൽ നിന്ന് തന്നെ ഒരു പരിധി വരെ ജലാംശം ലഭിക്കാറുണ്ട്.

വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ദാഹിക്കുമ്പോൾ മാത്രം കുടിക്കുക

2. കുറച്ചു കുറച്ചായി കുടിക്കുക: ഒന്നിച്ച് രണ്ട് ലിറ്റർ കുടിക്കുന്നതിനേക്കാൾ നല്ലത്, ഇടവേളകളിൽ ഓരോ ഗ്ലാസ് വീതം കുടിക്കുന്നതാണ്.

3. മൂത്രത്തിന്‍റെ നിറം ശ്രദ്ധിക്കുക: മൂത്രം കടുത്ത മഞ്ഞനിറമാണെങ്കിൽ നിങ്ങൾ കൂടുതൽ വെള്ളം കുടിക്കണം. എന്നാൽ തെളിഞ്ഞ വെള്ളം പോലെയാണെങ്കിൽ ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്നാണ് അർഥം.

4. ഇലക്ട്രോലൈറ്റുകൾ: വെറുതെ വെള്ളം മാത്രം കുടിക്കാതെ ഇടയ്ക്ക് ഉപ്പിട്ട നാരങ്ങാവെള്ളമോ കഞ്ഞിവെള്ളമോ കുടിക്കുന്നത് സോഡിയം ബാലൻസ് നിലനിർത്താൻ സഹായിക്കും.

ചുരുക്കത്തിൽ പറഞ്ഞാൽ, വെള്ളം അവശ്യമാണ്, പക്ഷേ അത് കുടിക്കേണ്ട രീതിയിൽ കുടിക്കണം. അമിതമായ ആവേശം വേണ്ട, മിതമായ അളവിൽ കുടിച്ച് ഈ വേനൽക്കാലം ആരോഗ്യത്തോടെ നേരിടാം. 

ENGLISH SUMMARY:

Drinking too much water can be as dangerous as dehydration. Learn about 'Hyponatremia', the risks of over-hydration, and how to balance water intake according to your body weight, health status, and climate during summer.