Image Credit: Reuter (Left), AFP (Middle), Manorama (right)

'ഗര്‍ഭിണികളായ സ്ത്രീകള്‍ 'ടൈലനോള്‍' (പാരസെറ്റമോള്‍) ഒഴിവാക്കണം, അല്ലെങ്കില്‍ ഓട്ടിസമുള്ള കുഞ്ഞ് ജനിച്ചേക്കാം'! പറഞ്ഞത് മറ്റാരുമല്ല യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വലിയ വിവാദമാണ് ട്രംപിന്‍റെ പാരസെറ്റമോള്‍ പരാമര്‍ശം ഉണ്ടാക്കിയത്. ലോകാരോഗ്യ സംഘടനയടക്കമുള്ളവ ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. ട്രംപ് പറയുന്ന മണ്ടത്തരം കേള്‍ക്കേണ്ടതില്ലെന്നും മരുന്നിന് ഓട്ടിസവുമായി ഒരു ബന്ധവുമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

എന്താണ് ട്രംപ് പറഞ്ഞ 'ടൈലനോള്‍'?

അസെറ്റമോമിനോഫെന്‍ എന്ന മരുന്നിന്‍റെ ബ്രാന്‍ഡ് നെയിമാണ് ടൈലനോള്‍. ഇന്ത്യയിലും യുകെയിലും പാരസെറ്റമോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണയായി വേദന കുറയ്ക്കാനും പനി കുറയ്ക്കാനുമാണ് പാരസെറ്റമോള്‍ ഡോക്ടര്‍മാര്‍ നല്‍കി വരുന്നത്. ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്നതിനാല്‍ മരുന്ന് എളുപ്പത്തില്‍ ലഭ്യവുമാണ്. കാലങ്ങളായി ലോകമെങ്ങുമുള്ള ഗര്‍ഭിണികള്‍ ഗര്‍ഭകാല വേദന കുറയ്ക്കാന്‍ പാരസെറ്റമോള്‍ കഴിച്ചു വരുന്നു. 

എന്താണ് ഓട്ടിസം?

വ്യക്തിയുടെ ആശയവിനിമയത്തെയും സാമൂഹിക ഇടപെടലിനെയും ചുറ്റുപാടുകളെയും അറിയുന്നതിനെയും ബാധിക്കുന്ന തരത്തില്‍ നാഡീവ്യൂഹത്തിലുണ്ടാകുന്ന അവസ്ഥയാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍. വൈവിധ്യമാര്‍ന്ന കഴിവുകളും വെല്ലുവിളികളും ഈ അവസ്ഥ ബാധിച്ച കുട്ടികളിലുണ്ടാകാം. ഇത് ആളുകളെ അനുസരിച്ച് ഏറിയും കുറഞ്ഞും വരാം. 

വൈദ്യശാസ്ത്രം  പറയുന്നതെന്ത്?

പാരസെറ്റമോളും ഓട്ടിസവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്ത് ഉപയോഗിക്കാന്‍ സുരക്ഷിതമായ മരുന്ന് തന്നെയാണ് പാരസെറ്റമോളെന്നും തെറ്റായ പ്രചരണങ്ങളിലും വിവരങ്ങളിലും വീഴരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 

ട്രംപിന്‍റെ പ്രസ്താവന ശാസ്ത്രീയ അടിത്തറ ഇല്ലാത്താണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും ഓസ്ട്രേലിയയിലെയും യുകെയിലെയും ആരോഗ്യ ഗവേഷണ ഏജന്‍സികളും വ്യക്തമാക്കുന്നു. ശാസ്ത്രീയമായ തെളിവിനെതിരെ വ്യാജവര്‍ത്തമാനം പരത്തുകയാണ് ട്രംപ് ചെയ്തതെന്ന് ഓസ്ട്രേലിയന്‍ തെറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനും ഗര്‍ഭിണിയായിരിക്കെ ഹ്രസ്വകാലത്തേക്ക് കഴിക്കാന്‍ പറ്റുന്ന ഏറ്റവും സുരക്ഷിതമായ ഗുളികയാണ് പാരസെറ്റമോളെന്ന് ഇന്ത്യന്‍  ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.

സുദീര്‍ഘമായ പഠന ഗവേഷണങ്ങള്‍ക്കൊടുവിലാണ് പാരസെറ്റമോള്‍ ഓട്ടിസമോ എഡിഎച്ച്ഡിയോ കുട്ടികളില്‍ ഉണ്ടാക്കുന്നില്ലെന്ന് വൈദ്യശാസ്ത്രം സ്ഥിരീകരിച്ചത്. 1996 നും 2016നും ഇടയില്‍ ജനിച്ച 24 ലക്ഷത്തോളം സ്വീഡിഷ് കുട്ടികളെയാണ് ഇതിനായി ശാസ്ത്രജ്ഞര്‍ പഠിച്ചത്. ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ കഴിച്ചത് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ഉണ്ടാകുന്നതിനോ എഡിഎച്ച്ഡി ഉണ്ടാകുന്നതിനോ, ബുദ്ധിപരമായ വൈകല്യങ്ങള്‍ നവജാത ശിശുക്കളില്‍ ഉണ്ടാകുന്നതിനോ കാരണമാകുകയോ, സാധ്യതയേറ്റുകയോ ചെയ്യുന്നില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. മാതാപിതാക്കളുടെ  നാഡീ വൈവിധ്യം, അതില്‍ തന്നെ അടുത്ത ബന്ധുക്കള്‍ തമ്മിലുണ്ടായ വിവാഹത്തിലെ കണക്കുകള്‍ എന്നിവയും ഗവേഷകര്‍ ശേഖരിച്ചു. വിശദമായ പഠനത്തിനൊടുവിലും പാരസെറ്റമോള്‍ ഇത്തരത്തില്‍ ദോഷമുണ്ടാക്കുന്നുവെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

ട്രംപിന്‍റെ പ്രസ്താവന അപകടകരവും തെറ്റിദ്ധരിപ്പിക്കുന്നതും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് അമേരിക്കന്‍ ഗൈനക്കോളജിസ്റ്റുകളും  യുകെ നാഷനല്‍ ഓട്ടിസം സൊസൈറ്റിയും ഒരേ സ്വരത്തില്‍ പറയുന്നു. ഇത്തരത്തിലെ വ്യാജവാര്‍ത്തകള്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ശരീര വേദനകള്‍ക്ക് അടിസ്ഥാന മരുന്നുകള്‍ കഴിക്കുന്നതില്‍ നിന്നും ഗര്‍ഭിണികളെ പിന്‍വലിയാന്‍ പ്രേരിപ്പിക്കുമെന്നും ഇത് അവരുടെ ആരോഗ്യനിലയും ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യവും തകര്‍ക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭകാലത്ത് കഴിക്കേണ്ട മരുന്നുകളെ കുറിച്ച് ഡോക്ടര്‍മാരില്‍ നിന്നും ആരോഗ്യ സംഘടനകളില്‍ നിന്നും മാത്രമേ ഉപദേശം സ്വീകരിക്കാവൂവെന്നും രാഷ്ട്രീയക്കാരല്ല ഇക്കാര്യം പറയേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

പാരസെറ്റമോളും വാക്സീനുകളും

ഓട്ടിസത്തെ കുറിച്ച് നിലവില്‍ ജനങ്ങള്‍ക്കുള്ള ആശങ്കയും ആശയക്കുഴപ്പങ്ങളും വര്‍ധിപ്പിക്കാനും കുറേക്കൂടി മുന്‍വിധിയോടെ സമീപിക്കാനും മാത്രമേ പാരസെറ്റമോളിനെയും വാക്സീനുകളെയും കുറിച്ചുള്ള ഇത്തരം തെറ്റായ വിവരങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നതാണ് വാസ്തവം. ദശാബ്ദങ്ങളെടുത്ത് ശാസ്ത്രലോകമുണ്ടാക്കിയെടുത്ത ബോധവല്‍ക്കരണങ്ങളെ ഒറ്റ  പ്രസ്താവനയോടെ തകിടം മറിക്കുന്നതാണ് ട്രംപിന്‍റെ നിരുത്തരവാദ പ്രസ്താവന. ഗര്‍ഭകാലത്ത് ഏത് മരുന്ന് കഴിക്കുമ്പോഴും ഡോക്ടര്‍മാരുടെ അഭിപ്രായം തേടുകയെന്നതാണ് സ്വീകരിക്കാവുന്ന രീതി.

ENGLISH SUMMARY:

Paracetamol and autism have no scientifically proven connection, despite recent misinformation. Experts emphasize that paracetamol remains a safe medication for pregnant women when used as directed by healthcare professionals, and advise against relying on unsubstantiated claims.