ഉറങ്ങാന്‍ നേരത്ത് കാലുവേദന കൊണ്ട് കരഞ്ഞിട്ടുണ്ടോ കുട്ടിക്കാലത്ത്. അന്ന് കാല്‍ വളരുന്നതാണ് എന്നൊക്കെ പറഞ്ഞ് അമ്മ ഉഴിഞ്ഞ് ആ വേദന മാറ്റും. എന്നാല്‍ വളര്‍ന്ന് കഴിഞ്ഞാലും ആ വേദന തുടരുന്നവരുണ്ട്. കാലില്‍ എന്തുകൊണ്ടോ കുത്തുന്ന വേദന. തൈലമോ മരുന്നോ പുരട്ടി ഉഴിഞ്ഞാലും മാറില്ല, അവസാനം എങ്ങനെയോ കിടന്നുറങ്ങും, രാവിലെ ഉണരുമ്പോള്‍ വേദന മാറുകയും ചെയ്യും. എന്നാല്‍ ഇത് വളരുന്നതിന്‍റെ വേദനയല്ല എന്ന് തെളിയിക്കുന്ന പഠനങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
റെസ്റ്റ്ലെസ് ലെഗ്സ് സിന്‍ഡ്രോം എന്ന നാഡീസംബന്ധമായ പ്രശ്നാണ് ഈ കുത്തുന്ന വേദനകള്‍ക്ക് പിന്നില്‍ എന്നാണ് പഠനം. ഇത് ഉറക്കത്തെയും ബാധിക്കുന്നു. ജനിതക പ്രശ്നങ്ങളും ശരീരത്തിലെ ഇരുമ്പിന്‍റെ അളവുമാണ് ഇതിന് കാരണം. പാരമ്പര്യമായി ഇത് കൈമാറപ്പെടാറുണ്ട്. ശരീരത്തിന്‍റെ ചലനത്തിനും ഓര്‍മയ്ക്കും സുഖത്തിനും മറ്റും കാരണമായ ഡോപോമീന്‍ എന്ന ഹോര്‍മോണിന്‍റെ അളവിലെ പ്രശ്നങ്ങളാണ് മറ്റൊരു കാരണം. ശരീരത്തിലെ മസിലുകള്‍ ചലിപ്പിക്കാനായി തലച്ചോറില്‍ നിന്നും സിഗ്നലുകള്‍ അയയ്ക്കുന്നതില്‍ ഡോപമീന് വലിയ പങ്കുണ്ട്. ഡോപമീന്‍ അനിയന്ത്രിതമായി ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ ഇത് മസിലുകളെ ചലിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇതനുഭവപ്പെടുന്ന വ്യക്തിക്ക് ചലിക്കേണ്ട ആവശ്യം ഉണ്ടാവുകയുമില്ല. തുടര്‍ന്ന് മസിലുകള്‍ ചലിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും രക്തയോട്ടം കൂടുകയും ചെയ്യുന്നു. ഇത് മസിലുകളെ തളര്‍ത്തുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ ചലിക്കുന്ന ഭാഗങ്ങളിലൊന്ന് കാലുകളാണ്. ആയതിനാല്‍ ഡോപമീന്‍റെ പ്രശ്നം കാലുകളെത്തന്നെയാണ് അധികവും ബാധിക്കാറ്. കുട്ടികളെ കൂടാതെ ഏത് പ്രായത്തിലും ഈ വേദന വരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദന വരാന്‍ സാധ്യതയുള്ള മറ്റൊരു കൂട്ടര്‍ ഗര്‍ഭിണികളാണ്. ഗര്‍ഭത്തിന്‍റെ ആലസ്യം കുറയ്ക്കാനായി ശരീരം ഡോപമീന്‍ ഉത്പാദിപ്പിക്കുന്നു. ചിലപ്പോള്‍ ഇത് അളവില്‍ കൂടുതലാകുന്നു. തുടര്‍ന്ന് വേദനയിലേക്കെത്തുന്നു. ശരീരത്തിലെ ഇരുമ്പിന്‍റെ കുറവ് ഇത്തരം കാലുവേദനകള്‍ക്ക് കാരണമാകാറുണ്ട്. നട്ടെല്ലിനും വൃക്കകള്‍ക്കും പ്രശ്നമുള്ളവര്‍ക്കും വന്‍തോതില്‍ വേദന വരാന്‍ സാധ്യതയുണ്ട്. ഇത് കൂടാതെ പാര്‍ക്കിന്‍സണ്‍സ് അസുഖം ഉണ്ടെങ്കിലും വേദന വരാനുള്ള സാധ്യത കൂടുതലാണ്.
ഈ കാലുവേദന സാധാരണ കുട്ടികള്‍ക്ക് പെട്ടെന്ന് മാറുന്നതാണ് പതിവ്. എന്നാല്‍ ചിലപ്പോള്‍ ഇത് നീണ്ടു നില്‍ക്കാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ളവര്‍ക്ക് വെറുതെ ഇരിക്കുമ്പോഴും വേദനയുണ്ടാകും. ഈ രോഗമുള്ളവരില്‍ വിഷാദരോഗവും സാധാരണ കാണാറുണ്ട്. വ്യായാമം ഇത്തരം വേദനകള്‍ക്ക് മികച്ച ഒരു പ്രതിവിധിയാണ്. കാലുകള്‍ ചലിക്കുന്നതിലൂടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ലഘൂകരിക്കാന്‍ ഒരു പരിധി വരെ സാധിക്കും. എന്നിട്ടും വേദന മാറിയില്ലെങ്കില്‍ കൃത്യമായ ചികില്‍സാരീതികള്‍ തന്നെ പിന്തുടരേണ്ടി വരും. എന്നാല്‍ ജനിതകപ്രശ്നമായതിനാല്‍ തന്നെ ഒരു പരിധി വരെ മാത്രമേ മരുന്നുകള്‍ക്ക് വേദനയെ നിയന്ത്രിക്കാനാകൂ. മരുന്ന് നിര്‍ത്തിവച്ചാല്‍ വേദന പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നേക്കാം..