കൊവിഡ് തീവ്രവ്യാപനം അവസാനിച്ചപ്പോള്‍ വലിയൊരാശ്വാസമായിരുന്നു. ഈ രോഗം അങ്ങിനെ അങ്ങിനെ ഇല്ലാതാകുന്നു എന്നൊരു തോന്നല്‍.
അതങ്ങിനെയല്ലെന്നും ഇനിയുള്ള കാലം മറ്റ് പലരോഗങ്ങളെയും പോലെ കോവിഡിനൊപ്പവും ജീവിക്കാന്‍ ശീലിക്കണമെന്നുമായിരുന്നു അന്ന് ആരോഗ്യ വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ് . അത് അക്ഷരംപ്രതി ശരിയായിരുന്നെന്ന് തെളിയിക്കുന്നതാണ് പുതിയകാലത്തെ കോവിഡ് അനുഭവങ്ങള്‍. ഇപ്പോഴിതാ ലോകമാകെ കോവിഡ് വ്യാപിക്കുകയാണ് . ഇന്ത്യയിലാകട്ടെ കോവിഡ് കേസുകൾ 6,500-നോട് അടുത്തു. XFG എന്നറിയപ്പെടുന്ന പുതിയ കൊവിഡ് വകഭേദമാണ് ഇന്ത്യയില്‍ ഏറ്റവും പുതിയതായി തിരിച്ചറിഞ്ഞത്. NB.1.8.1 എന്ന വകഭേദവും ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക് കണ്ടെത്തിയിരുന്നു.
ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യമായ INSACOG പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം, ഇന്ത്യയിലുടനീളം 163 കേസുകളിൽ XFG എന്നറിയപ്പെടുന്ന പുതിയ COVID-19 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നില്‍ തമിഴ്‌നാട് കേരളത്തില്‍15 കേസുകളും ഗുജറാത്തില്‍ 11 കേസുകളും തിരിച്ചറിഞ്ഞു. ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളടക്കം 159 സാമ്പിളുകളിൽ XFG വകഭേദം കണ്ടെത്തിയിട്ടുണ്ട്. 2025 ജനുവരിയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമാണ് NB.1.8.1 ഏപ്രിൽ അവസാനത്തോടെ ചൈന, ഫ്രാൻസ്, ജപ്പാൻ, നെതർലാൻഡ്‌സ്, സ്‌പെയിൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരിലാണ് NB.1.8.1ആദ്യം കണ്ടെത്തിയത്. ഏഷ്യയിലുടനീളവും അമേരിക്കയുടെ ചില ഭാഗങ്ങളിലും ഈ വകഭേദം അതിവേഗം വ്യാപിക്കുകയാണ്. LF.7.9, XFH എന്നിവയാണ് വ്യാപനശേഷി കാണിക്കുന്ന മറ്റ് പുതിയ കൊവിഡ് വകഭേദങ്ങള്‍.
മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ കാലിഫോർണിയ, വാഷിംഗ്ടൺ സ്റ്റേറ്റ്, വിർജീനിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ രാജ്യാന്തര യാത്രക്കാരുടെ പതിവ് പരിശോധനയിലാണ് NB.1.8.1വകഭേദം ആദ്യമായി യുഎസിൽ കണ്ടെത്തിയത്. 2025 ജൂൺ ആദ്യം മുതൽ, NB.1.8.1 വകഭേദത്തിന്‍റെ ഒരു ഡസനിലധികം കേസുകളാണ് വാഷിംഗ്ടൺ സ്റ്റേറ്റിൽ തിരിച്ചറിഞ്ഞത്. ഒഹായോ, റോഡ് ഐലൻഡ്, ഹവായ് എന്നിവിടങ്ങളിൽ തുടർന്നുള്ള കേസുകൾ റിപ്പോർട്ട് ചെയ്തു. യുഎസിൽ, 2025 മെയ് വരെ COVID-19 മൂലം ആഴ്ചയിൽ ഏകദേശം 300 മരണങ്ങൾ സംഭവിച്ചു. വർദ്ധിച്ചുവരുന്ന വ്യാപനവും പൊതുജനാരോഗ്യ പ്രത്യാഘാതങ്ങളും മൂലം ലോകാരോഗ്യ സംഘടന NB.1.8.1 നെ നിരീക്ഷണത്തിലിരിക്കുന്ന ഒരു കൊവിഡ് വകഭേദമായാണ് കണക്കാക്കുന്നത്. ഇതിനോടകം 22 രാജ്യങ്ങളില്‍ NB.1.8.1 വകഭേദം കണ്ടെത്തി.
എന്തൊക്കെയാണ് പുതിയ വകഭേദങ്ങളുടെ ലക്ഷണങ്ങൾ?
വൈറസിന്‍റെ രണ്ട് മുൻ വകഭേദങ്ങള്‍കൂടിച്ചേര്‍ന്ന ഒരു ഉപ വകഭേദമാണ് XFG. അതായത് LF.7 ഉം LP.8.1.2 ഉം സംയോജിച്ച് XFG രൂപപ്പെടുന്നു. ഒരു വ്യക്തിക്ക് ഒരേസമയം വൈറസിന്‍റെ രണ്ട് വ്യത്യസ്ത വകഭേദങ്ങൾ ബാധിക്കപ്പെടുമ്പോഴും വൈറസ് അതിന്‍റെ ജനിതക ഘടകങ്ങള്‍ കലർത്തി പൊരുത്തപ്പെടുത്തുമ്പോഴും പുനഃസംയോജിത വകഭേദങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ജനിതകപരമായി, കോശങ്ങളെ കൂടുതൽ കാര്യക്ഷമമായി ബാധിക്കാൻ സാധ്യതയുള്ളതിനാല്‍ തന്നെ പുതിയ കൊവിഡ് വകഭേദങ്ങളായ XFGക്കും NB.1.8.1നും വ്യാപനശേഷി കൂടുതലാണ്. മറ്റ് COVID-19 വകഭേദങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾക്ക് സമാനമാണ് പുതിയ വകഭേദങ്ങളുടെയും ലക്ഷണങ്ങൾ. പനി, വിറയൽ. തലവേദന. രുചിയോ മണമോ നഷ്ടപ്പെടൽ. പേശിവേദന, ഓക്കാനം. ശ്വാസതടസ്സം. തൊണ്ടവേദന. ഛർദ്ദി, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ തന്നെയാണ് രോഗികളില്‍ കാണപ്പെടുക. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ പ്രകാരം അതീവ ഗുരുതരമായ അവസ്ഥകളിലേക്ക് പോകാന്‍ സാധ്യതയില്ലെങ്കിലും പ്രായമായവരിലും ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവരിലും വാസ്കീന്‍ എടുക്കാത്തവരിലും ഇവ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. നിശബ്ദമായി പടരാനുള്ള കഴിവും ഈ കൊവീഡ് വകഭേദങ്ങളുടെ വ്യാപനശേഷി വര്‍ധിപ്പിക്കുന്നു.
വാക്സീന്‍ എടുത്തവര്‍ക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ടോ?:
കൊവിഡിന്‍റെ ഗുരുതരമായ പ്രത്യാഘാതം തടയുന്നു എന്നതുതന്നെയാണ് വാക്സീന്‍ സ്വീകരിക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം. 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കും, അടിസ്ഥാന രോഗങ്ങളുള്ള വ്യക്തികൾക്കും പരിഷ്കരിച്ച COVID-19 ബൂസ്റ്റർ ആണ് നല്‍കേണ്ടത്. കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ 6 മാസവും അതിൽ കൂടുതലുമുള്ള എല്ലാ വ്യക്തികളും ശ്വസനപ്രശ്നങ്ങള്‍ ഏറ്റവുമധികം ബാധിക്കാനിടയുള്ള ശൈത്യകാല സീസണുകള്‍ക്ക് മുന്‍പ് തന്നെ വാക്സീനുകള്‍ സ്വീകരിക്കുന്നത് നല്ലതാണ്. 6 മാസം മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ കഴിഞ്ഞ വർഷത്തിനുള്ളിൽ അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, പ്രായത്തിനനുസരിച്ചുള്ളതും പുതുക്കിയ COVID-19 വാക്സിൻ ഡോസ് സ്വീകരിക്കണം, കാരണം മുൻകാല വാക്സീനുകളിൽ നിന്നുള്ള സംരക്ഷണം കാലക്രമേണ ക്ഷയിച്ചേക്കാം.
പുതിയ കൊവിഡ് വകഭേദങ്ങളുടെ ദ്രുതഗതിയിലുള്ള ആഗോള വ്യാപനം ശാസ്ത്രീയമായ നിരീക്ഷം, പകർച്ചവ്യാധി തയ്യാറെടുപ്പ്, സമയബന്ധിതമായ ഡാറ്റ പങ്കിടൽ, എന്നിവയുടെ ആവശ്യകത അടിവരയിടുന്നു. എന്നാല്‍ അതിന്‍റെ അര്‍ഥം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്നതല്ല, മറിച്ച് തുടരേണ്ട ജാഗ്രതയെയും ആരോഗ്യപരമായ മുന്‍കരുതല്‍ നടപടികളെക്കുറിച്ചുമുള്ള ഓര്‍മപ്പെടുത്തലാണ്.