കണ്മുന്നിൽ ഒരാൾ കുഴഞ്ഞു വീണപ്പോൾ എന്ത് ചെയ്യും എന്ന് അറിയാതെ പകച്ചു പോയിട്ടുണ്ടോ? നിസ്സഹായരായി നിൽക്കുന്ന നിമിഷങ്ങൾക്ക് ജീവന്റെ വിലയാണെന്ന് അറിയാമോ? ആർക്കും ചെയ്യാവുന്ന ലളിതമായ പ്രവർത്തി കൊണ്ട് ആ ജീവനെ പിടിച്ചു നിർത്താം എന്ന് അറിഞ്ഞാലോ? അതിനുള്ള മാർഗമാണ് Cpr ( Cardio Pulmonary Resuscitation)
എന്താണ് cpr? ഏത് അവസ്ഥയിൽ ഉള്ള രോഗിക്ക് ആണ് cpr നൽകേണ്ടതെന്ന് വിവരിക്കുന്നു കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഹോസ്പിറ്റൽ ഡിപ്പാർട്മെന്റ് ഓഫ് എമർജൻസി ലീഡ് കൺസൽറ്റന്റ് ഡോക്ടർ ജോൺസൻ കെ. വർഗീസ്.
ഹൃദയ സ്തംഭനം ഉണ്ടാവുകയോ ശ്വാസം നിലയ്ക്കുകയോ ചെയ്യുന്ന അവസ്ഥയിൽ നൽകുന്ന അടിയന്തര ജീവൻ രക്ഷാമാർഗം ആണ് സിപിആർ (കാർഡിയോ പൾമനറി റെസസിറ്റേഷൻ ). രക്തചംക്രമണവും, ശ്വാസോച്ഛാസവും നിലനിർത്തുന്നതിനായിട്ടാണ് ഈ രക്ഷാമാർഗ്ഗം പ്രയോഗിക്കുന്നത്.
ബോധരഹിതനായ ആളെ തട്ടി വിളിക്കുമ്പോൾ പ്രതികരണം ഒന്നും ഇല്ലെങ്കിൽ, നാഡീമിടിപ്പും ഹൃദയമിടിപ്പും ശ്വാസഗതിയും പരിശോധിക്കുക. ഇതൊന്നും ഇല്ലെങ്കിൽ ആ വ്യക്തിക്ക് സി പി ആർ കൊടുക്കണം. ഏറ്റവും ആദ്യം ചെയ്യേണ്ടത് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ഉള്ള ആംബുലൻസ് വിളിക്കുക എന്നതാണ്. തുടർന്ന് Cpr നൽകാൻ തുടങ്ങാം. ഇതിനെല്ലാം കൂടി സെക്കന്റുകൾ മാത്രമേ എടുക്കാവൂ.
Cpr എങ്ങനെ നൽകാം?
* പരിസര പ്രദേശം സുരക്ഷിതമാണ് എന്ന് ഉറപ്പ് വരുത്തുക.
*രോഗിയെ നിരപ്പായ പ്രതലത്തിൽ മലത്തി കിടത്തുക. താടി ഉയർത്തി കഴുത്ത് പുറകിലേയ്ക്ക് വളയുന്ന രീതിയിൽ വേണം കിടത്താൻ.
* Cpr നൽകുന്ന വ്യക്തി രോഗിയുടെ ഇടതുവശത്തോ വലതുവശത്തോ മുട്ടുകുത്തി ഇരിക്കുക
* രണ്ട് കൈപ്പത്തികളും ഉപയോഗിച്ച് രോഗിയുടെ നെഞ്ചിന്‍റെ മധ്യഭാഗത്ത് ശക്തമായി അമർത്തുക. നെഞ്ചിൻ കൂടിൻ്റെ മധ്യത്തിലുള്ള സ്റ്റേർണം അസ്ഥിയുടെ താഴ്ഭാഗത്ത് ആണ് അമർത്തേണ്ടത്.
* സിപിആര്‍ ചെയ്യുന്നയാൾ കൈമുട്ടുകൾ നിവർത്തി വേണം വെക്കാൻ. കൈവിരലുകൾ പരസ്പരം കോർത്ത നിലയിൽ ആയിരിക്കണം. കൈപ്പത്തിയുടെ താഴ്ഭാഗം കൊണ്ട് വേണം അമർത്താൻ.
* മുപ്പത് തവണ ഇങ്ങനെ അമർത്തിയ ശേഷം ആവശ്യമെങ്കിൽ രോഗിക്ക് 2 തവണ കൃത്രിമശ്വാസം നൽകണം. ഒരാൾ നെഞ്ചിൽ അമർത്തുമ്പോൾ മറ്റൊരാൾ കൃത്രിമശ്വാസം നൽകുന്നത് ആണ് നല്ലത്. രോഗിയുടെ താടി ഉയർത്തി മൂക്കിൽ പിടിച്ചു വേണം വായിലേക്ക് പതുക്കെ ഊതാൻ.
*മിനിറ്റിൽ 100 മുതൽ 120 എന്ന തോതിൽ ആയിരിക്കണം cpr നികരുന്നതിന്‍റെ വേഗത. 2 സെന്‍റീ മീറ്റർ നെഞ്ച് താഴും വിധം നൽകാനും ശ്രദ്ധിക്കണം.
* എത്രത്തോളം താഴേക്ക് അമർത്തിയോ അത്രത്തോളം തന്നെ നെഞ്ചിനെ മുകളിലേക്ക് ഉയർന്നു വരാനും അനുവദിക്കണം
എത്ര നേരം നൽകണം?
Cpr ഒരു പ്രാഥമിക സഹായം മാത്രമാണ്. കൃത്യമായ വൈദ്യസഹായം ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടർന്നുകൊണ്ടേ ഇരിക്കണം.ഏറ്റവും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കണം. Cpr നൽകുന്നത് വഴി ആശുപത്രിയിൽ എത്തുന്നത് വരെ തലച്ചോറിലേക്കും മറ്റ് അവയവങ്ങളിലേക്കുംരക്തപ്രവാഹം നിലനിർത്താൻ സഹായിക്കും.
വരാവുന്ന പിഴവുകൾ
നെഞ്ചിൽ അമർത്തുന്ന സ്ഥാനം കൃത്യമായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇല്ലെങ്കിൽ വാരിയെല്ലുകൾ പൊട്ടാൻ ഉള്ള സാധ്യതയുണ്ട്. അതുകൊണ്ട് അമർത്തുന്നത് സ്റ്റേർണത്തിൽ തന്നെയാണെന്ന് ഉറപ്പുവരുത്തണം.
സാക്ഷരതയിൽ ഒന്നാമതുള്ള, ശാസ്ത്രസാങ്കേതിത വിദ്യകളിൽ എല്ലാം കൃത്യമായ ധാരണയുള്ള മലയാളികൾക്ക് cpr നെ കുറിച്ചുള്ള അറിവ് വളരെ കുറവാണെന്ന് ഡോക്ടർ ജോൺസൻ കെ. വർഗീസ് പറയുന്നു. അതുകൊണ്ട് തന്നെ രക്ഷിച്ച് എടുക്കാവുന്ന ഒട്ടേറെ ജീവനുകൾ നമുക്ക് നഷ്ടമാകുന്ന സാഹചര്യവും ഉണ്ട്. ശരിയായ രീതിയിൽ എങ്ങനെ cpr നൽകാം എന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി സംസ്ഥാനസർക്കാരും ആരോഗ്യപ്രവർത്തകരും എൻ. ജി. ഒകളും മുന്നിട്ടിറങ്ങണം. സ്കൂളുകളിലടക്കം പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്.