AI Generated Images
എന്തൊരു തലവേദനയെന്ന് ഇടക്കെങ്കിലും പറയാത്തവർ നമുക്കിടയിൽ കുറവായിരിക്കും. എന്നാൽ അതിനെ നിസ്സാരമാക്കുകയാണ് മിക്കവരുടെയും പതിവ്. എല്ലാ തലവേദനകളും ഒരുപോലെയാണോ? വിവിധ തരം തലവേദനകൾ ഏതൊക്കെയാണ്? പരിശോധിക്കാം.
മൈഗ്രെയ്ൻ
മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത് അനുഭവിച്ചിട്ടുള്ളവർ ആ പേര് കേട്ടാൽത്തന്നെ ഒന്ന് ഞെട്ടും. തീവ്രത കുറഞ്ഞത് മുതൽ അതിതീവ്രമായ ആവർത്തന സ്വഭാവമുള്ള ഒരുതരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാം. നെറ്റിത്തടത്തിൽ അസഹനീയമായ വിങ്ങലോടുകൂടെയാണ് മൈഗ്രെയ്ൻ ആരംഭിക്കുന്നത്. പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നിൽക്കുന്നു. വേദനയോടൊപ്പം മനംപുരട്ടൽ തുടങ്ങി ഛർദ്ദി വരെ വന്നേക്കാം. രാജ്യാന്തര തലത്തിൽ ജനസംഖ്യയുടെ 15% ആളുകളിൽ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ ആയി മൈഗ്രെയ്ൻ അനുഭവപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
AI Generated Images
സാധാരണയായി ഈ വേദന തലയുടെ പകുതിഭാഗത്തെ ബാധിക്കുന്നു. ചിലർക്ക് രണ്ടു വശങ്ങളിലും വരാം.വിങ്ങലോട് കൂടിയ അതിതീവ്രമായ തലവേദന ഏകദേശം 2 മുതൽ 72 മണിക്കൂർ വരെ നീണ്ടു നിന്നേക്കാം. ഒപ്പം മനംപുരട്ടൽ, ഛർദ്ദി, വെളിച്ചം / ശബ്ദം /ചിലതരം ഗന്ധം എന്നിവയോടുള്ള അസഹിഷ്ണതയും ഉണ്ടാവുന്നു. മൂന്നിൽ ഒരുവിഭാഗം ആളുകൾക്കും മൈഗ്രെയ്ൻ തുടങ്ങുന്നതിനു മുൻപായി ഒരുതരം ഓറ (Aura) അനുഭവപ്പെടുന്നതായും കാണാറുണ്ട്. തലവേദന ആരംഭിക്കുന്നതിനു മുൻപുള്ള ഒരു സിഗ്നൽ അല്ലെങ്കിൽ സൂചനയായും ഇതിനെ കാണാം. വെളിച്ചം മിന്നിമറയുന്നത് പോലെയും മറ്റുമുള്ള കാഴ്ച്ചാ വ്യതിയാനങ്ങളാണ് ഏറ്റവും സാധാരണം. കൂടാതെ തളർച്ച, വിറയൽ,തരിപ്പ് തുടങ്ങി പല ശാരീരിക ലക്ഷണങ്ങളും സൂചനയായി അനുഭവപ്പെടാം. പലർക്കും പല തരത്തിൽ ആയിരിക്കും ഇത് അനുഭവപ്പെടുക. സ്ത്രീകളിലാണ് മൈഗ്രെയ്ൻ കൂടുതൽ കണ്ടു വരുന്നത്.
വേദനയുടെ ആരംഭത്തിൽ തന്നെ മരുന്ന് എടുക്കുന്നത് ചികിത്സ ഏറ്റവും ഫലപ്രാപ്തിയിൽ എത്താൻ സഹായിക്കുമെന്ന് വിപിഎസ് ലേക്ക് ഷോർ ആശുപത്രിയിലെ സീനിയർ കൺസൽട്ടന്റ് ന്യൂറോ സർജനായ ഡോ. അരുൺ ഉമ്മൻ പറയുന്നു. തുടക്കത്തിൽ ലളിതമായ വേദന സംഹാരികൾ മതിയാകും. വേദനയുടെ തീവ്രത അനുസരിച്ചു മരുന്നുകളും മാറും. അതോടൊപ്പം ഛർദ്ദി ഒഴിവാക്കാനുള്ള മരുന്നുകളും കഴിക്കാം . പക്ഷെ എല്ലാറ്റിനും ഉപരിയായി മൈഗ്രെയിന്റെ കാരണം കണ്ടുപിടിച്ചു ഒഴിവാക്കുക എന്നതാണ് പ്രധാനം. ഒപ്പം ജീവിതശൈലിയിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന മാറ്റങ്ങളും കൊണ്ട് വരണം
സൈനസൈറ്റിസ്
കണ്ണിന് ചുറ്റും മൂക്കിന്റെ വശങ്ങളിലും നെറ്റിയിലും അനുഭവപ്പെടുന്ന വേദന.നിരന്തരമായ ഈ വേദനയ്ക്ക് ഒപ്പം മൂക്കടപ്പും ഉണ്ടാകും. ചിലപ്പോൾ പനിയും വരാം. തീവ്രമായ അവസ്ഥയിൽ വിദഗ്ധ ഡോക്ടറെ കണ്ട് ചികിത്സ സ്വീകരിക്കേണ്ടതാണ്.
AI Generated Images
സ്‌ട്രെസ് മൂലമുള്ള തലവേദന
ഏറെപ്പേർക്കും അനുഭവപ്പെടുന്ന തലവേദനയാണിത്. മാനസിക സമ്മർദം, പിരിമുറുക്കം, വിശപ്പ്, ദേഷ്യം തുടങ്ങിയവ മൂലം ഉണ്ടാകുന്ന, തലയിൽ ആരോ ഇറുക്കിപിടിക്കുന്നത് പോലെയുള്ള വേദന. വിശ്രമിച്ചാലോ വേദനസംഹാരി കഴിച്ചാലോ ഈ വേദന അപ്രത്യക്ഷമാകും.
ക്ലസ്റ്റർ തലവേദന
വളരെ ചുരുക്കം പേരിൽ മാത്രം അനുഭവപ്പെടുന്ന തലവേദനയാണ് ക്ലസ്റ്റർ തലവേദന. തലയുടെ ഒരു വശത്ത് സാധാരണയായി കണ്ണിന് ചുറ്റും, ആവര്‍ത്തിച്ചുണ്ടാകുന്ന കടുത്ത തലവേദനയാണ്. കണ്ണ് ചുവക്കുക, കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരിക, വീക്കം എന്നിവയും ഉണ്ടാവാം. ഇത് അരമണിക്കൂർ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ദിവസത്തില്‍ പല തവണയായി വേദന വന്നു പോകാം. പുരുഷൻമാരിലാണ് കൂടുതലായി കണ്ടു വരുന്നത്.കൃത്യമായ ചികിത്സയിലൂടെ മാത്രമേ ക്ലസ്റ്റര്‍ തലവേദന പരിഹരിക്കാനാകൂ.
ഓക്സിപിറ്റൽ തലവേദന
കഴുത്തിൽ ഉണ്ടാവുന്ന സമ്മർദം മൂലം തലയുടെ പിന്നിൽ അനുഭവപ്പെടുന്ന തീവ്രമായ വേദന.സർവിക്കൽ സ്പോണ്ടിലൈറ്റിസ് ബാധിച്ചവരിലാണ് കൂടുതലായി കണ്ട് വരുന്നത്. ഒരുപാട് നേരം കമ്പ്യൂട്ടർ ഫോൺ എന്നിവ ഉപയോഗിക്കുന്നവർ, തയ്യൽ തൊഴിലാളികൾ, വാച്ച് റിപ്പയർ ചെയ്യുന്നവർ, സർജൻമാർ എന്നിവർ ഇതിൽപ്പെടും.തലയ്ക്കു പുറകിൽ നിന്ന് ചുമലിലേക്കും കൈകളിലേക്കും ഈ വേദന പടരാം. സെർവിക്കൽ സ്പോണ്ടിലൈറ്റിസ് ചികിൽസിച്ചു ഭേദം ആക്കുക, കഴുത്തിന്റെ അലൈൻമെന്റ് ശെരിയാക്കുക എന്നിവ ചെയ്താൽ വേദന ഭേദമാകും. കഴുത്തിന്റെ വ്യായാമങ്ങൾ കൃത്യമായി ചെയ്യണം
ചിലരിൽ ബി.പി കൂടിയാലും തലക്ക് പുറകിൽ വേദന അനുഭവപ്പെടാം. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ബി.പി പരിശോധിക്കുകയും വേണം.
അപകടകരമായ തലവേദനകൾ
AI Generated Images
മുകളിൽ പറഞ്ഞ തലവേദനകൾ ബുദ്ധിമുട്ടിക്കുന്നത് ആണെങ്കിലും അപകടകരമല്ല. എന്നാൽ അപകടകരമായേക്കാവുന്ന ചില തലവേദനകൾ ഉണ്ട്.
*പുതിയതായി ആരംഭിച്ച തലവേദന.
മൈഗ്രെയ്ൻ പോലെ ഇടവിട്ട് തലവേദന ഉണ്ടാകാത്ത ഒരാൾക്ക് പെട്ടെന്ന് തലവേദനയുണ്ടെങ്കിൽ അത് ഗൗരവമായി കാണണം.
*തുടർച്ചയായി സാവധാനം വർദ്ധിക്കുന്ന തലവേദന (മൈഗ്രെയ്ൻ പോലുള്ള തലവേദന ഇടവിട്ടുള്ളതാണ്)
* പെട്ടെന്നുള്ള കടുത്ത തലവേദന
* രാവിലെ എഴുന്നേൽക്കുമ്പോൾ ഓക്കാനം ഇല്ലാത്ത ഛർദ്ദി, അപസ്മാരം , ഒരു വശത്തെ ബലക്ഷയം , ബോധം നഷ്ടപ്പെടുക, കാഴ്ച നഷ്ടപ്പെടൽ, പെരുമാറ്റ വ്യതിയാനങ്ങൾ, നടക്കാൻ ബുദ്ധിമുട്ട്, കേൾവിക്കുറവ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളോട് കൂടിയ തലവേദന.
*ലളിതമായ വേദനസംഹാരികളോട് പ്രതികരിക്കാത്ത തലവേദന
നമുക്ക് അനുഭവപ്പെടുന്നതിൽ 98% തലവേദനകളും അപകടകരമല്ല. പക്ഷെ അവയ്ക്ക് നമ്മുടെ ജീവിത നിലവാരത്തെ ബാധിക്കാൻ കഴിയും. അതുകൊണ്ട് തന്നെ ശരിയായ രോഗനിർണയവും കൃത്യമായ ചികിത്സയും അനിവാര്യമാണ്.