മഴക്കാലത്ത് പലരിലും സന്ധി വേദന വർദ്ധിക്കാറുണ്ട്, ശരീരത്തിലുണ്ടാകുന്ന വീക്കം (inflammation) ഇതിന് ഒരു കാരണമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് അന്തരീക്ഷമർദ്ദത്തിലുണ്ടാകുന്ന കുറവ് സന്ധികളെ ചുറ്റിയുള്ള കലകളെ ബാധിക്കുന്നതുകൊണ്ട് മുട്ടുവേദന പലരിലും കണ്ടുവരുന്നു. സന്ധി വേദന ദൈനംദിന ജീവിതത്തെയും ജോലികളെയും ബാധിക്കുന്നതുകൊണ്ട് മഴക്കാലത്ത് അതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. മഴ കാരണം പുറത്തിറങ്ങി നടക്കാനും ശാരീരിക പ്രവർത്തനങ്ങൾക്കും കഴിയാത്തത് വേദന കൂടുവാൻ കാരണമാകുന്നു. ഈ വേദന കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്തവും വീക്കം കുറയ്ക്കുന്നതുമായ ഒരു പാനീയമാണ് മഞ്ഞൾ ചായ. 'ബിഎംസി കോംപ്ലിമെന്ററി മെഡിസിൻ ആൻഡ് തെറാപ്പീസ്' ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നത്, മുട്ടുവേദനയുള്ളവർ മഞ്ഞൾ ചായ കുടിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കുമെന്നാണ്. മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തത്തിന് സന്ധി വേദനയുള്ളവരുടെ വേദന 30% വരെ കുറയ്ക്കാൻ കഴിയും.

എന്തുകൊണ്ട് സന്ധി വേദനയ്ക്ക് മഞ്ഞൾ ചായ ?

'ബിഎംജെ ഓപ്പൺ സ്പോർട്സ് ആൻഡ് എക്സർസൈസ് മെഡിസിൻ' ജേണലിലെ ഗവേഷണം അനുസരിച്ച് സന്ധി വേദന കുറയ്ക്കാൻ മഞ്ഞൾ ചായ സഹായിക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർക്കുമിൻ' ഘടകത്തിന് വീക്കം കുറയ്ക്കാനുള്ള വലിയ കഴിവുണ്ട്. ശരീരത്തിലെ വീക്കം നിയന്ത്രിക്കപ്പെടുമ്പോൾ സന്ധി വേദനയുടെ തീവ്രത കുറയുന്നു. കൂടാതെ മഞ്ഞൾ ചായയിൽ സന്ധികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിട്ടുമാറാത്ത വീക്കം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ മഴക്കാലത്തെ സന്ധി വേദന കുറയ്ക്കാം.

ആയുർവേദത്തിലെ പ്രാധാന്യം

ആയുർവേദമനുസരിച്ച് മഞ്ഞൾ ശരീരത്തിലെ മൂന്ന് ദോഷങ്ങളെയും (വാതം, പിത്തം, കഫം) സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയുർവേദം മഞ്ഞളിനെ മുൻനിരയിൽ നിർത്തുന്നു. ജലദോഷം, ചുമ തുടങ്ങിയവയ്ക്കും ഇത് മികച്ചൊരു പ്രതിവിധിയാണ്. ചുരുക്കി പറഞ്ഞാൽ ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നൽകുന്ന ഒരു ലളിതമായ ആയുർവേദ പ്രതിവിധിയാണ് മഞ്ഞൾ ചായ.

ഗവേഷണങ്ങൾ എന്ത് പറയുന്നു?

'കറന്റ് റുമറ്റോളജി റിപ്പോർട്ട്സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത് സന്ധികളിലെ വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ മഞ്ഞൾ ചായ സഹായിക്കും എന്നാണ്. പച്ച മഞ്ഞൾ ചതച്ച് ഇളം ചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് മുട്ടുവേദന കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വേദന കുറയ്ക്കുന്നതിലുപരി ചലനശേഷി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. നോൺ-സ്റ്റീറോയിഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകളെ അപേക്ഷിച്ച് മഞ്ഞളിന് പാർശ്വഫലങ്ങൾ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെ തയ്യാറാക്കാം?

റെഡിമെയ്ഡ് ടീ ബാഗുകൾക്ക് പകരം പച്ച മഞ്ഞൾ ഉപയോഗിച്ച് ചായ തയ്യാറാക്കുന്നതാണ് ഉത്തമം. ഒരു കപ്പ് വെള്ളം, അര മുതൽ ഒരു ടീസ്പൂൺ വരെ മഞ്ഞൾപ്പൊടി അല്ലെങ്കിൽ ചതച്ച പച്ച മഞ്ഞൾ. രുചിക്ക് വേണ്ടി ഇഞ്ചി, കറുവാപ്പട്ട, അല്ലെങ്കിൽ കുരുമുളക് എന്നിവ ചേർക്കാം. ആവശ്യമെങ്കിൽ മധുരത്തിനായി അല്പം തേൻ ചേർക്കാം, എന്നാൽ അളവ് ശ്രദ്ധിക്കണം.

കുരുമുളകിന്‍റെ പ്രാധാന്യം

മഞ്ഞൾ ചായയിൽ ഏകദേശം 20 മില്ലിഗ്രാം കുരുമുളക് ചേർക്കുന്നത് അതിലെ ഗുണങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യുന്നത് വർദ്ധിപ്പിക്കും. കുരുമുളകിലെ പൈപ്പറിൻ, കുർക്കുമിൻ ശരീരത്തിൽ ആഗിരണം ചെയ്യുന്നതിന്റെ വേഗത ഇരട്ടിയാക്കുമെന്ന് 'ന്യൂട്രീഷൻ റിസർച്ച് ലാബ്' ജേണലിലെ പഠനങ്ങൾ പറയുന്നു.

ആർക്കൊക്കെയാണ് കൂടുതൽ പ്രയോജനം?

പ്രതിരോധശേഷി കുറഞ്ഞവർക്കും സീസണൽ സന്ധി വേദന അനുഭവിക്കുന്നവർക്കും ഇത് ഗുണകരമാണ്. പ്രത്യേകിച്ച്, പ്രായക്കൂടുതൽ കൊണ്ട് സന്ധികളിൽ വേദന അനുഭവപ്പെടുന്ന മുതിർന്നവർക്ക്, ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ളവർക്ക്, ഓഫീസിൽ ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ എന്നിവര്‍ക്ക് ഇക് കൂടുതല്‍ ഗുണം ചെയ്യും. വീടിനുള്ളിൽ തന്നെയുള്ള വ്യായാമങ്ങൾ, കൃത്യമായ സ്ട്രെച്ചിങ്, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തല്‍, വീക്കം കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കല്‍, ധാരാളം വെള്ളം കുടിക്കല്‍, ദീർഘനേരം ഒരേ ഇരിപ്പ് ഒഴിവാക്കല്‍ എന്നിവയും മഴക്കാലത്ത് സന്ധി വേദന കുറയ്ക്കാന്‍ ശീലമാക്കുക.

 അമിത ഉപയോഗം ദോഷകരമോ?

അമിതമായാല്‍ എത്ര പ്രകൃതിദത്തമാണെങ്കിലും ചിലപ്പോവ്‍ ദോഷം ചെയ്യും. മഞ്ഞള്‍ ചായയുടെയും അമിത ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ദഹനപ്രശ്നങ്ങള്‍, അസിഡിറ്റി ഉള്ളവരിൽ നെഞ്ചെരിച്ചിൽ എന്നിവ മഞ്ഞള്‍ചായയുടെ അമിത ഉപയോഗം ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളാണ്. രക്തം നേർത്തതാക്കുന്ന മരുന്നുകൾ, പ്രമേഹ മരുന്നുകൾ എന്നിവ കഴിക്കുന്നവരിലും ഇത് പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത് പരീക്ഷിക്കുക.

എല്ലാത്തിലുമുപരി തുടർച്ചയായ നീർവീക്കം, സന്ധികളിൽ ചുവപ്പ് നിറമോ ചൂടോ അനുഭവപ്പെടുക, സന്ധി വേദനയോടൊപ്പം പനി, ചലനശേഷി തീരെ കുറയുക, ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിൽക്കുക എന്നിവ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണണം. മഞ്ഞൾ ചായ സന്ധി വേദന കുറയ്ക്കാൻ സഹായിക്കുമെങ്കിലും ഇതൊരു രോഗത്തിനുള്ള പൂർണ്ണമായ ചികിത്സയല്ലെന്ന് ഓർക്കുക.

Turmeric Tea: A Natural Solution for Monsoon Joint Pain:

Turmeric tea benefits are highlighted as a natural remedy for joint pain, especially during the monsoon season. This ancient Ayurvedic drink, rich in curcumin, offers significant anti-inflammatory properties and can help reduce pain and improve mobility