ayurveda-health

സംസ്ഥാനത്തെ സർക്കാർ  ആയുര്‍വേദ ആശുപത്രികളിൽ രോഗികളെ വലച്ച് ചികിത്സ നിരക്ക് കുത്തനെ കൂട്ടി. ബിപിഎൽ കാര്‍ഡുടമകളും കൂടിയ നിരക്ക് നൽകണം. കിടത്തി ചികിൽസയ്ക്ക് വിധേയനാകുന്ന രോഗി ദിനം പ്രതി 50 രൂപ വീതം നൽകണം. സർക്കാരിന്‍റെ സിദ്ധ, പ്രകൃതി ചികിൽസ ആശുപത്രികളിലും ഫീസ് കൂട്ടിയിട്ടുണ്ട്. 

ഏറ്റവും പാവപ്പെട്ടവരെപ്പോലും ഒഴിവാക്കാതെയാണ് സർക്കാരിന്‍റെ ആയുർവേദ, സിദ്ധ പ്രകൃതി ചികിൽസ ആശുപത്രികളിലെ നിരക്ക് വർധന. ബിപിഎൽ വിഭാഗത്തിൽ ഇളവ് കുട്ടികൾക്ക് മാത്രമാണ്. നികുതിയേതര വരുമാനം കൂട്ടാൻ ഓരോ വകുപ്പിനും സർക്കാർ നിർദ്ദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിലെ നിരക്ക് വർധനയെന്ന് ഉത്തരവിൽ പറയുന്നു. ആയുർവേദ ആശുപത്രികളിൽ നൽകുന്ന സേവനങ്ങളുടെ നിലവിലെ നിരക്കിൽ 20 രൂപയുടെ വർധനയാണുള്ളത്. പിഴിച്ചിൽ, ധാര, വസ്തി, ഞവരക്കിഴി അടക്കമുള്ള 38 സേവനങ്ങൾക്കാണ് 20 രൂപ വീതം കൂട്ടിയത്.

ഡ്രസിങ് അടക്കമുള്ള അഞ്ച് സേവനങ്ങൾക്ക് ഓരോ തവണയും 50 രൂപ നൽകണം.കിടത്തി ചികിൽസ നേടുന്ന രോഗി ഓരോ ദിവസവും 50 രൂപ വീതം നൽകണം. കുറഞ്ഞത് രണ്ടാഴ്ച  മുതൽ 30 ദിവസം വരെയാണ് ഒരു രോഗി ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിൽസയ്ക്ക് വിധേയനാകുന്നത്. ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർ അടക്കം വൻ തുക കിടത്തി ചികിൽസയ്ക്ക്  നൽകേണ്ടി വരും. എക്സ റേ എടുക്കുമ്പോൾ ഒരു ഫിലിമിന് നൽകേണ്ട തുക 50 രൂപയാക്കി. 30 രൂപയാണ് കൂട്ടിയത്. സർക്കാർ ആയുർവദ, സിദ്ധ, പ്രകൃതി ചികിത്സ ആശുപത്രികളിൽ ചികിൽസയ്ക്ക് ഇൻഷുറൻസ് പദ്ധതി ഇല്ലാത്തത് രോഗികൾക്ക് വിനയാകും.

ENGLISH SUMMARY:

Ayurveda treatment cost hike in Kerala government hospitals impacts even BPL cardholders. The increased fees affect various treatments and inpatient services, raising concerns about accessibility to affordable healthcare.