Image Credit / X / @MothershipSG
അണ്ഡാശയങ്ങള്‍ സംരക്ഷിക്കാനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്ക്കുവന്ന ഒരുനിമിഷത്തെ അശ്രദ്ധയില്‍ യുവതിയുടെ രണ്ട് അണ്ഡാശയങ്ങളും നീക്കം ചെയ്തു. ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ് മെഡിക്കല്‍ സെന്ററിലാണ് സംഭവം. ഒടുവില്‍ ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ ആശുപത്രി മാപ്പുപറഞ്ഞതായി ഹോങ്കോങ് വാര്‍ത്താ വെബ്സൈറ്റായ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: ഗ്രിൽഡ് ചിക്കനൊപ്പം കിട്ടുന്ന ആ ഗ്രേവി കഴിക്കരുത്; വിലക്കേർപ്പെടുത്തി ദുബായ് മുൻസിപ്പാലിറ്റി
കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ ഗുരുതരവീഴ്ച സംഭവിച്ചത്. രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നവംബര്‍ 16ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അണ്ഡാശയങ്ങള്‍ നീക്കം ചെയ്യാതെ സംരക്ഷിക്കണമെന്നായിരുന്നു ശസ്ത്രക്രിയക്കു മുന്‍പായി നല്കിയ സമ്മതപത്രത്തിലും, ചികിത്സാ ഘട്ടങ്ങളിലും വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ശസ്ത്രക്രിയ നടക്കുന്നതിനിടെ സാഹചര്യത്തെക്കുറിച്ചുള്ള ബോധം താല്‍ക്കാലികമായി നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഡോക്ടറെത്തിയെന്നാണ് ആശുപത്രി നല്കുന്ന വിശദീകരണം. ‘കോഗ്നിറ്റീവ് ലാപ്സ്’ എന്നാണ് ആശുപത്രി ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് സാംപിളുകള്‍ ലബോറട്ടറി പരിശോധനയ്ക്കായി അയക്കുന്നതിനായി എടുത്തപ്പോഴാണ് രണ്ട് അണ്ഡാശയങ്ങളും നീക്കം ചെയ്തതായി നഴ്സ് തിരിച്ചറിയുന്നത്.
ഉടന്‍ തന്നെ നഴ്സ് ഈ വിവരം ഡോക്ടറെ അറിയിച്ചു. പിഴവ് സമ്മതിച്ച ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് സാധ്യത. യുവതിയോടും കുടുംബത്തോടും ഡോക്ടര്‍ മാപ്പു പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ഡോക്ടറുടെ മാത്രം പിഴവുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ആശുപത്രിയിലെ സൗകര്യമോ, ഉപകരണങ്ങളോ, മറ്റു ജീവനക്കാരോ ആയി ബന്ധപ്പെട്ട് ഒരു പിഴവുകളും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.