Image: CCTV via Reuters

Image: CCTV via Reuters

TOPICS COVERED

വ്യോമയാന മേഖലയിൽ ചരിത്രം കുറിച്ച് ചൈന. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് യാത്രാവിമാനത്തിന്‍റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. നവംബർ 14 ശനിയാഴ്ച കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ബിൻഷൗവിലായിരുന്നു പരീക്ഷണപ്പറക്കൽ നടന്നത്. ചൈനീസ് വിമാന നിർമാണ കമ്പനിയായ കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന (COMAC) വികസിപ്പിച്ച CE-25A ഇലക്ട്രിക് വിമാനമാണ് പറന്നുയര്‍ന്നത്.

രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറും അടങ്ങുന്ന സംഘമാണ് വിമാനം പറത്തിയത്. ആകെ 57 മിനിറ്റും 46 സെക്കൻഡും നീണ്ടുനിന്ന പരീക്ഷണപ്പറക്കലില്‍ 16 മിനിറ്റും 38 സെക്കൻഡും വിമാനം ആകാശത്ത് തന്നെയായിരുന്നു. ഈ സമയം കൊണ്ട്  60.4 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ചെയ്തു. വിമാനത്തിന്റെ പ്രവർത്തനം പൂർണ്ണമായും തൃപ്തികരമാണെന്നാണ് കോമാക്ക് അറിയിച്ചത്.

നഗരങ്ങൾക്കിടയിലുള്ള ഹ്രസ്വദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന വിമാനത്തിൽ 19 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. 10 മെട്രിക് ടൺ ആണ് വിമാനത്തിന്‍റെ പരമാവധി ടേക്ക് ഓഫ് ഭാരം. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ 2,400 മീറ്റർ ഉയരത്തിൽ വരെ പറക്കാന്‍ സാധിക്കും. ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുമാകും. ചിറകുകളിൽ ഘടിപ്പിച്ചിട്ടുള്ള 'ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് ഡക്റ്റഡ്-ഫാൻ' പ്രൊപ്പൽഷൻ സംവിധാനമാണ് വിമാനത്തിന് കരുത്തേകുന്നത്.

കോമാക്കിനൊപ്പം ചൈനീസ് ബാറ്ററി നിർമ്മാതാക്കളായ കണ്ടംപററി ആംപെറക്സ് ടെക്നോളജി (CATL), ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല എന്നിവരും ചേർന്നാണ് വിമാനം വികസിപ്പിച്ചത്. ഈ വർഷം ഫെബ്രുവരി രണ്ടിന് വിമാനത്തിന്റെ ആളില്ലാ പരീക്ഷണപ്പറക്കൽ നടന്നിരുന്നു. തുടർന്ന് 19 ഓളം ആളില്ലാ പരീക്ഷണപ്പറക്കലുകൾ പൂർത്തിയാക്കിയ ശേഷമാണ് മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ ആരംഭിക്കുന്നതിനായി ടൈപ്പ് സർട്ടിഫിക്കറ്റിനായുള്ള കമ്പനിയുടെ അപേക്ഷ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന സ്വീകരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

China has achieved a historic milestone in aviation by successfully completing the first manned test flight of its indigenously developed CE-25A electric passenger aircraft in Binzhou, Shandong province. Built by the Commercial Aircraft Corporation of China (COMAC) in collaboration with battery giant CATL and Shanghai Jiao Tong University, the aircraft flew with two pilots and a flight test engineer aboard, covering 60.4 kilometers during a satisfactory trial.