പുതിയ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ പ്രഡിസന്‍റ് ഡോണള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍
ഇടക്കാല തിരഞ്ഞെടുപ്പില്‍ തോറ്റു, സെനറ്റിലും കോണ്‍ഗ്രസിലും ഭൂരിപക്ഷമില്ല, എന്നാലും ഡോണള്‍ഡ് ട്രംപ് വിട്ടുകൊടുക്കാനില്ല. സുപ്രധാന അധികാരകേന്ദ്രമായ ചീഫ് ഓഫ് സ്റ്റാഫ് ആയി കടുത്ത ട്രംപ് അനുയായിയും കര്‍ക്കശക്കാരനുമായ സ്റ്റീഫന്‍ മില്ലറെ നിയമിച്ചു. ഡെമോക്രറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റിനെയും ജനപ്രതിനിസഭയെയും ഒരേപോലെ നേരിടാന്‍ മില്ലര്‍ ട്രംപിന് കൂട്ടാവും. ‘ബുദ്ധിയില്ലാത്ത തീവ്രവാദി’ എന്നാണ് നിയുക്ത സ്പീക്കറും ഡെമോക്രാറ്റ് നേതാവുമായ ഹക്കിം ജെഫ്രിസ് മില്ലറെ വിശേഷിപ്പിച്ചത്. അപ്പോള്‍പ്പിന്നെ ആളെപ്പറ്റി കൂടുതലൊന്നും പറയേണ്ടതില്ലല്ലോ...
യുഎസ് ഇടക്കാലതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുവേണ്ടി മിഷിഗണില്‍ പ്രചാരണം നടത്തുന്ന സ്റ്റീഫന്‍ മില്ലര്‍
‘എന്റെ ഏറ്റവും വിശ്വസ്തനായ ഉപദേശികളിലൊരാളാണ് മില്ലര്‍’ – ചീഫ് ഓഫ് സ്റ്റാഫ് നിയമനത്തിന് പിന്നാലെ ട്രംപ് ട്രൂത് സോഷ്യലില്‍ കുറിച്ചത് ഇങ്ങനെ. പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ വേണമെന്ന് വാദിക്കുന്നയാളാണ് സ്റ്റീഫന്‍ മില്ലര്‍. ഡെമോക്രാറ്റ് പ്രതിബന്ധങ്ങള്‍ മറികടന്ന് ട്രംപിന് തന്‍റെ ആഭ്യന്തര അജന്‍ഡ നടപ്പാക്കാന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ കൂടുതായി പ്രയോഗിക്കേണ്ടിവരും. ഇതിന് പറ്റിയ ആളാണ് മില്ലര്‍. ട്രംപിനൊപ്പം കൂടിയിട്ട് ഏറെക്കാലമായി. ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഇതുവരെ.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്‍റ് പദവിയില്‍ നൂറുദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ നടന്ന ചടങ്ങില്‍ സ്റ്റീഫന്‍ മില്ലറെ ആശ്ലേഷിക്കുന്നു
ദിവസവും 3000 പേരെ അറസ്റ്റ് ചെയ്യുക എന്ന ട്രംപിന്റെ കുടിയേറ്റവിരുദ്ധ ലക്ഷ്യം നിറവേറ്റാന്‍ തുനിഞ്ഞിറങ്ങിയ ആളാണ് സ്റ്റീഫന്‍ മില്ലര്‍. ഇതിനായി മുഖംമൂടിധാരികളായ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ഇറക്കിവിട്ടു. രേഖയുള്ളവരെയും ഇല്ലാത്തവരെയുമെല്ലാം അറസ്റ്റ് ചെയ്തു. ഫെഡറൽ നിയമനങ്ങള്‍ പുനഃക്രമീകരിക്കാനുള്ള ട്രംപിന്റെ പ്രചാരണത്തിലും മില്ലർ സജീവമായിരുന്നു. ഇത് 2025ൽ പതിനായിരക്കണക്കിന് സര്‍ക്കാരുദ്യോസ്ഥരുടെ പിരിച്ചുവിടലിലേക്ക് നയിച്ചു.
സ്ഥാനമൊഴിഞ്ഞ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിനൊപ്പം പുതിയ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍
സർവകലാശാലകള്‍ക്കെതിെര അടക്കം ട്രംപ് നടത്തിയ പോരാട്ടങ്ങളും മില്ലറാണ് പിന്നില്‍ നിന്ന് നയിച്ചത്. കരീബിയൻ, പസഫിക് മേഖലകളിൽ ലഹരിമരുന്ന് കടത്തുകാരെന്ന പേരില്‍ ട്രംപ് നടത്തിയ സൈനിക ആക്രമണങ്ങളെയും മില്ലര്‍ പിന്തുണച്ചു. ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ പ്രശംസിച്ച മില്ലര്‍ നാവിക ഉപരോധത്തെയും ന്യായീകരിച്ചു. ട്രംപിനേറ്റ തിരിച്ചടികള്‍ മില്ലറെ അല്‍പമെങ്കിലും മയപ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.
വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തുന്ന സ്റ്റീഫന്‍ മില്ലര്‍ (ഫയല്‍ ചിത്രം)
മില്ലറുടെ നടപടികള്‍ അന്വേഷിക്കാന്‍ ഡെമോക്രാറ്റുകള്‍ തയ്യാറെടുക്കുകയാണ്. ട്രംപിന്റെ തീവ്രയാഥാസ്ഥിതിക നയങ്ങള്‍ക്ക് രൂപം നല്‍കിയ പ്രൊജക്ട് 2025ല്‍ പോലും മില്ലര്‍ക്ക് കൈയുണ്ടെന്നാണ് സംസാരം. ഇപ്പോഴേ പ്രതിരോധിച്ചില്ലെങ്കില്‍ മില്ലര്‍ പ്രശ്നമാകുമെന്ന് ഡെമോക്രാറ്റുകള്‍ അറിയാം. ബുദ്ധിയില്ലാത്ത തീവ്രവാദിയെന്ന നിയുക്ത സ്പീക്കര്‍ ഹക്കിം ജെഫ്രിസിന്റെ പ്രതികരണം തന്നെ അല്‍പം കടുത്തതായി. മില്ലറുടെ സര്‍ക്കാരിലെ സാന്നിധ്യം കാന്‍സര്‍ പോലെയാണെന്നും ഉടന്‍ നീക്കം ചെയ്യണമെന്നുമാണ് ജഫ്രിസിന്റെ പോസ്റ്റ്.
ഇത്ര വലിയ തിരിച്ചടികള്‍ നേരിട്ടിട്ടും ട്രംപിന് ഒരു മാറ്റുവുമില്ലെന്ന് തെളിയിക്കുന്നതാണ് മില്ലറിന്റെ നിയമനം. ഡെമോക്രാറ്റുകളുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്ന് പറഞ്ഞെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് ഒട്ടും തയ്യാറല്ലാത്ത മില്ലറെ ഒപ്പം നിര്‍ത്തുന്നത് പോരാടാന്‍ ഉറച്ചുതന്നെയാണ്. ഡെമോക്രാറ്റുകൾ അധികാരം തിരിച്ചുപിടിക്കുമ്പോൾ വൈറ്റ് ഹൗസ് കൂടുതൽ ആക്രമണോല്‍സുകമാവണമെന്നാണ് ട്രംപിന്റെ നിലപാട്.
ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ നതാലി ഹാര്‍പ്പും പ്രസിഡന്‍റിന്‍റെ ഹെലികോപ്റ്ററില്‍ കയറാന്‍ നീങ്ങുന്നു
നിയമനത്തിന് ശേഷം മില്ലര്‍ എക്സിൽ കുറിച്ചു: ‘ലക്ഷ്യം ഇപ്പോൾ എന്നത്തേക്കാളും വ്യക്തമാണ്. നമ്മുടെ പ്രസിഡന്റിനെ പിന്തുണയ്ക്കാനും ഈ മഹത്തായ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനുമായി നമ്മുടെ സർവശക്തിയുമെടുത്ത് പോരാടാം. പ്രസിഡന്റ് ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കേണ്ട വ്യക്തിയാണ് ചീഫ് ഓഫ് സ്റ്റാഫ്. വൈറ്റ് ഹൗസ് ജീവനക്കാരെ നിയന്ത്രിക്കുക, പ്രസിഡന്റിന്റെ സമയവും ഷെഡ്യൂളും ക്രമീകരിക്കുക, മറ്റ് സർക്കാർ വകുപ്പുകളുടെയും നിയമനിർമാണ സഭാംഗങ്ങളുടെയും മേൽനോട്ടം വഹിക്കുക എന്നിവയാണ് പ്രധാന ചുമതലകളെങ്കിലും സ്വാധീനം വൈറ്റ് ഹൗസില്‍ മാത്രമല്ല. ഇനിയുള്ള രണ്ടുവര്‍ഷക്കാലം അമേരിക്കയുടെ കണ്ണും കാതും കൈകളും മില്ലറാകും.