nepal-helicopter-crash

എക്സില്‍ പ്രചരിക്കുന്ന വിഡിയോ

നേപ്പാളിലെ സോലുഖുംബു ജില്ലയിലുള്ള ഫെരിചെ ഹെലിപോർട്ടിൽ രണ്ട് ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ഒരു വിദേശ വിനോദസഞ്ചാരി കൊല്ലപ്പെടുകയും മറ്റൊരു യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള സോലുഖുംബുവിലെ ഹെലിപോർട്ടിലാണ് സംഭവം.

എവറസ്റ്റ് മേഖലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രവും ട്രെക്കിങ് റൂട്ടുകളിലൊന്നുമായ ഫെരിചെയിലെ ഹെലിപാഡിൽ ലാൻഡിങ്ങിനായി ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഫിഷ്‌ടൈൽ എയറിന്റെയും ഡൈനാസ്റ്റി എയറിന്റെയും ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്. ലാൻഡിങ്ങിനിടെ ഹെലികോപ്റ്ററുകളുടെ ബ്ലേഡുകൾ തമ്മി കൂട്ടിയിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് ഉടനടി രക്ഷാപ്രവർത്തനം നടത്തിയത്. ഭൂപ്രകൃതിയും പ്രതീകൂല കാലാവസ്ഥയും നിരന്തരം വ്യോമ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തുന്ന പ്രദേശമാണ് സോലുഖുംബു. സംഭവത്തിൽ വ്യോമയാന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

ENGLISH SUMMARY:

A foreign tourist was killed and another passenger sustained severe injuries after two helicopters collided at the Feriche heliport in Nepal's Solukhumbu district on Tuesday morning. The collision occurred when a Fishtail Air helicopter and a Dynasty Air helicopter attempted to land at the high-altitude base located 250 km from Kathmandu. Authorities suspect that the rotor blades of both aircraft came into contact during the landing maneuver. Security personnel and local residents immediately launched rescue operations, while the Civil Aviation Authority of Nepal initiated a formal investigation into the crash.