ഇസ്രയേലിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റിലേക്ക് ജയിക്കാൻ സാധിക്കാഞ്ഞതോടെ വോട്ട് തട്ടിപ്പ് ആരോപിച്ച് ബെന്യമിൻ നെതന്യാഹു. അറബ് പാർട്ടികൾ തിരഞ്ഞെടുപ്പ് മോഷ്ടിച്ചെന്നും കൈക്കൂലിയും വോട്ട് തട്ടിപ്പുമാണ് നടന്നതെന്നുമാണ് നെതന്യാഹുവിൻറെ വാദം. നെതന്യാഹുവിന്റെ ലിക്വുഡ് പാർട്ടി അടങ്ങുന്ന സഖ്യത്തിന് കേവലഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല.
അറബ് പാർട്ടികൾ ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ തിരഞ്ഞെടുപ്പ് അട്ടിമിറിക്കാൻ ശ്രമിക്കുന്നുവെന്ന് ലിക്കുഡ് പാർട്ടി ആരോപിച്ചു. അറബ് കേന്ദ്രങ്ങളിലെ പോളിങ് സ്റ്റേഷനിലെ ക്രമക്കേടുകളിൽ അന്വേഷണം വേണമെന്നും പൊലീസിനും ഷിൻ ബെറ്റിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും തെളിവുകൾ സമർപ്പിക്കുമെന്നുമാണ് ലിക്കുഡ് പാർട്ടി എക്സിൽ കുറിച്ചത്. നെതന്യാഹു സർക്കാറിനെ പുറത്താക്കാനുള്ള വഴിയൊരുക്കാൻ ഞങ്ങൾ തയ്യാറാണെന്ന് അറബ് ഭൂരിപക്ഷ പാർട്ടികളുടെ സഖ്യമായ ജോയിന്റ് ലിസ്റ്റിന്റെ ചെയർമാൻ യൂസഫ് ജബരീന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ലിക്കുഡ് പാർട്ടിയുടെ ആരോപണം.
നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജൂത-അറബ് രാഷ്ട്രീയ സഖ്യത്തിന് തയ്യാറാണെന്നാണ് യൂസഫ് ജബരീൻ പറഞ്ഞത്. യഹൂദ-അറബ് സമൂഹങ്ങൾ തമ്മിലുള്ള സഹകരണത്തെ അടിസ്ഥാനമാക്കിയായിരിക്കണം രാഷ്ട്രീയ മാറ്റം ഉണ്ടാകേണ്ടതെന്നും തുല്യ പങ്കാളിത്തത്തിലൂടെ ഇത് സാധ്യമാകുമെന്നും ജബാരിൻ പറഞ്ഞു. ഇതിനു പിന്നാലെയാണ് ലിക്കുഡ് പാർട്ടിയുടെ ആരോപണം. അറബ് പാർട്ടികളുമായുള്ള ഏത് സർക്കാരും ഇസ്രായേലിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
നെതന്യാഹുവിൻറെ സഖ്യത്തിന് ഇതുവരെ 53 സീറ്റിലാണ് ലീഡുള്ളത്. പ്രതിപക്ഷത്തിന് 48 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ 19 സീറ്റിൽ ലീഡുള്ള അറബ് പാർട്ടികൾ ഭരണത്തിൽ നിർണായമാകും.