TAGS

മദ്യപിച്ചാൽ വയറ്റിൽ കിടക്കണമെന്നാണ് പറയാറ്. എന്നാൽ കണക്കില്ലാതെ ബിയർ കുടിച്ച് ലഹരിയിലായപ്പോൾ ഹോട്ടലിലെ പക്ഷികളുടെ ആവാസകേന്ദ്രത്തിൽ കയറി രാജഹംസത്തെ എടുത്തുകൊണ്ടുപോയ കനേഡിയൻ പൗരനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മിച്ചൽ ഫെയർബേൺ എന്നയാളാണ് അമേരിക്കയിലെ ലാസ് വെഗാസിൽ മദ്യലഹരിയിൽ അതിക്രമം കാട്ടിയത്.

പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ രാജഹംസത്തെ കഴുത്തിൽ പിടിച്ച് കൈയിലെടുത്ത് ഹോട്ടലിന്റെ ഇടനാഴിയിലൂടെ നടക്കുന്ന ഇയാളെ കാണാം. 30 മുതൽ 40 വരെ ബിയർ കുടിച്ചിരുന്നുവെന്നും കൗതുകത്തിനും തമാശയ്ക്കുമായാണ് പക്ഷിയെ എടുത്തുകൊണ്ടുപോയതെന്നുമാണ് മിച്ചൽ കോടതിയിൽ പറഞ്ഞത്. എന്നാൽ, പക്ഷിയെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇയാളുടെ വാദം.

പീച്ചി എന്ന 27 വയസ്സുള്ള ചിലിയൻ രാജഹംസത്തെയാണ് മിച്ചൽ ആവാസകേന്ദ്രത്തിൽനിന്ന് എടുത്തുകൊണ്ടുപോയത്. ഇയാളുടെ കൈകാര്യം ചെയ്യലിനെത്തുടർന്ന് പക്ഷിയുടെ തൂവലുകൾ കൊഴിയുകയും ശരീരത്തിന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ മിച്ചൽ ഫെയർബേൺ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട ഒരു ഗുരുതര കുറ്റത്തിലും ഒരു ലഘുകുറ്റത്തിലും കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.

ഒക്ടോബർ 19ന് പുറപ്പെടുവിച്ച വിധിക്കു പിന്നാലെ ഡിസംബർ ഒന്നിനാണ് ശിക്ഷ പ്രഖ്യാപിക്കുക. ഗുരുതര കുറ്റത്തിന് നാലുവർഷം വരെയും ലഘുകുറ്റത്തിന് ആറുമാസം വരെയും തടവുശിക്ഷ ലഭിക്കാം. ആകെ നാലര വർഷം വരെ തടവ് ലഭിക്കാവുന്ന കേസാണിത്.

രാജഹംസങ്ങൾ വിവിധ രാജ്യാന്തര സംരക്ഷണ ചട്ടങ്ങളുടെ പരിധിയിൽ വരുന്ന പക്ഷികളാണ്. ഇവയിൽ വലിയ ഇനമായ ഗ്രേറ്റർ ഫ്ലമിംഗോയെ മലയാളത്തിൽ വലിയ പൂനാര എന്നും വിളിക്കുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports on a drunk Canadian tourist who faces up to four and a half years in prison after stealing a 27-year-old flamingo from a Las Vegas hotel. The accused, Mitchell Fairbairn, claimed he took the bird for a joke after consuming dozens of beers, resulting in severe injuries to the protected animal.