മദ്യപിച്ച് നെയില്‍ സലോണില്‍ കയറി ജീവനക്കാരിയോട് ചുംബനമാവശ്യപ്പെട്ട യുവാവ് പിടിയില്‍. തായ്‌വാന്‍ തായ്പേയില്‍ നിന്നാണ് വാര്‍ത്ത പുറത്തുവരുന്നത്. ബാന്‍ക്വിയോ ജില്ലയിലെ നെയില്‍ സലോണിലാണ് സംഭവമുണ്ടായത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്

വിഡിയോ പ്രകാരം കയ്യില്‍ മദ്യക്കുപ്പിയുമായി യുവാവ് സലോണിലേക്ക് കയറുകയാണ്. യുവാവിനെ കണ്ടതോടെ കസ്റ്റമറാണെന്ന് കരുതി ജീവനക്കാരി ഇയാളെ സമീപിക്കുകയാണ്. ഉടന്‍ ഇയാള്‍ നാക്ക് കുഴഞ്ഞ രീതിയില്‍ യുവതിയോട് ‘ഞാന്‍ നിന്നെ ചുംബിച്ചോട്ടെ’ എന്ന് ചോദിക്കുകയായിരുന്നു. യുവാവ് പറഞ്ഞത് വ്യക്തമാകാഞ്ഞതോടെ യുവതി ഒന്നുകൂടി എന്താണ് ആവശ്യമെന്ന് ചോദിച്ചു. യുവാവ് തന്‍റെ ആവശ്യം വ്യക്തമാക്കിയതോടെ ഭയന്ന യുവതി പിന്നോട്ട് നടക്കുന്നതും യുവാവ് യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ലിന്‍ എന്ന യുവാവാണ് സലോണില്‍ മദ്യപിച്ച് കയറി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. ജീവനക്കാര്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ലിന്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രചരിക്കുകയായിരുന്നു. ഇതോടെ ലിന്നിന്‍റെ ബന്ധുക്കള്‍ സ്ഥാപനത്തിലെത്തി ജീവനക്കാരോട് ക്ഷമ ചോദിക്കുകയായിരുന്നു. ഇതോടെ ലിന്നിനെതിരെ നിയമനടപടിയൊന്നും വേണ്ടെന്നാണ് ജീവനക്കാരുടെ നിലപാട്. 

പ്രദേശത്തെ കഫേയിലും ഡംപ്ലിങ് റസ്റ്ററന്‍റിലും യുവാവ് സമാനമായ രീതിയില്‍ കയറി പെരുമാറിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports on the shocking incident of a drunk man who entered a nail salon in Taiwan and demanded a kiss from a terrified female employee. The viral video of the confrontation led the man's relatives to apologize to the staff, prompting the victim to drop formal legal action.