2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ മുൻ ഹൈക്കോടതി ജഡ്ജിയും യുഎൻ മനുഷ്യാവകാശ മുൻ ഹൈക്കമ്മീഷണറുമായ നവനീതം നവി പിള്ളയുടെ നേട്ടം തമിഴ്നാടിന് അഭിമാനകരമായ ചരിത്രനിമിഷമാണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ അന്നത്തെ മദ്രാസ് പ്രസിഡൻസിയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ നറ്റാൽ പ്രവിശ്യയിലെ കരിമ്പ് തോട്ടങ്ങളിലേക്ക് കരാർ തൊഴിലാളിയായി കപ്പൽ കയറിയ ആളുടെ പിൻതലമുറക്കാരിയാണ് ഇന്ന് ആഗോള നീതിയുടെ പരമോന്നത പീഠത്തിൽ എത്തിനിൽക്കുന്നത്.
1941ൽ ഡർബനിലെ ക്ലെയർവുഡ് ചേരിയിൽ ഒരു ബസ് ഡ്രൈവറുടെ മകളായി ജനിച്ച നവി പിള്ള, കടുത്ത ദാരിദ്ര്യവും വർണവിവേചനത്തിന്റെ കൊടിയ അടിച്ചമർത്തലുകളും അനുഭവിച്ചാണ് വളർന്നത്. സാമ്പത്തിക പരാധീനതകൾ കാരണം വിദ്യാഭ്യാസം വഴിമുട്ടിയ ഘട്ടത്തിൽ പ്രാദേശിക ഇന്ത്യൻ തമിഴ് സമൂഹത്തിന്റെ പിന്തുണയോടെയാണ് അവർ നിയമപഠനം പൂർത്തിയാക്കിയത്. നിറത്തിന്റെയും വംശത്തിന്റെയും പേരിൽ കോടതികളിൽ കറുത്തവർഗക്കാർക്കും ഏഷ്യക്കാർക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന 1967 ൽ, നറ്റാൽ പ്രവിശ്യയിൽ സ്വന്തമായി അഭിഭാഷക ഓഫീസ് തുറന്ന ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയായി അവർ ചരിത്രം കുറിച്ചു.
വർണവിവേചനത്തിനെതിരെ പൊരുതിയ വിപ്ലവകാരികൾക്കും റോബൻ ഐലൻഡിലെ രാഷ്ട്രീയ തടവുകാർക്കും വേണ്ടി കോടതികളിൽ നിർഭയം വാദിച്ച അവർ, നെൽസൺ മണ്ടേലയുടെ ഭരണത്തിൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതാ ജഡ്ജിയായി നിയമിതയായി. തുടർന്ന് റുവാണ്ട വംശഹത്യ ട്രൈബ്യൂണലിന്റെ അധ്യക്ഷയായും രാജ്യന്തര ക്രിമിനൽ കോടതി ജഡ്ജിയായും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും അവർ സേവനമനുഷ്ഠിച്ചു.
തന്റെ തമിഴ് പാരമ്പര്യത്തെയും വേരുകളെയും എപ്പോഴും അഭിമാനത്തോടെ ഓർക്കാറുള്ള നവി പിള്ള, രാജ്യന്തര വേദികളിൽ ജാതിവിവേചനത്തിനെതിരെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായും നിരന്തരം ശബ്ദമുയർത്തിയിട്ടുണ്ട്. ഒരു നൂറ്റാണ്ട് മുൻപ് തമിഴകത്ത് നിന്ന് ജീവിതം തേടി പോയ ഒരു തൊഴിലാളിയുടെ പിന്മുറക്കാരി ലോകസമാധാനത്തിന്റെ നൊബേൽ നെറുകയിലെത്തിയത് കുടിയേറ്റ പോരാട്ടങ്ങളുടെ സമാനതകളില്ലാത്ത വിജയഗാഥ കൂടിയാണ്.