AI Enhanced Image
ടെക്നോളജിയുടേയും ബിസിനസുകളുടേയും കേന്ദ്രമായ സിലിക്കണ്‍ വാലിക്കെതിരെ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇവിടം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍കിട നിക്ഷേപകരുടേയും വ്യവസായ പ്രമുഖരുടേയും പേരുകളാണ് ഇപ്പോള്‍ ലൈംഗിക അതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നത്.
Also Read: മുട്ടിന് താഴെ മുറിച്ചുമാറ്റി; മലയാളിക്ക് 1.7 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി
വനിതകള്‍ പരസ്പരം മുന്നറിയിപ്പ് നല്‍കാനായി രഹസ്യമായി ഉപയോഗിക്കുന്ന ‘വിസ്പര്‍ നെറ്റ്‌വര്‍ക്ക്’ എന്ന സ്പ്രഡ്ഷീറ്റിലാണ് ഈ വെളിപ്പെടുത്തലുകളുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മയക്കുമരുന്ന് ഉപയോഗം, ലൈംഗിക പീഡനം, ബലാത്സംഗം വരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് സ്പ്രഡ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്പ്രഡ് ഷീറ്റില്‍ പേരുകളുള്ളവരെ പലപ്പോഴും പല പാര്‍ട്ടികളിലും കണ്ടിട്ടുണ്ടെന്ന് വനിതാ ടെക് ജീവനക്കാരി പറയുന്നു. വന്‍കിടക്കാരായ പ്രമുഖര്‍ക്കെതിരെ രംഗത്തുവന്നാല്‍ സ്വന്തം കരിയര്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭയത്താലാണ് പല സ്ത്രീകളും പരാതിയുമായി എത്താത്തതെന്നും ഇവര്‍ പറയുന്നു.
യുവ സംരംഭകരും ജീവനക്കാരും ഒരുമിച്ച് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ‘ഹാക്കർ ഹൗസുകൾ’ കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങളിൽ ഏറിയ പങ്കും നടക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൗഹൃദത്തിലൂടെ വിശ്വാസം ഉറപ്പിച്ച ശേഷമാണ് ഇത്തരക്കാര്‍ സ്ത്രീകളെ വലയിലാക്കുന്നതെന്നും വിദേശങ്ങളിൽ നിന്നും പുതിയ സ്ഥലങ്ങളിൽ നിന്നും വന്ന് ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ഷീറ്റില്‍ പറയുന്നുണ്ട്.
സെറ്റ് ആപ്പിന്റെ സ്ഥാപകയായ യെഹോങ് ഷു ഉള്‍പ്പെടെ തനിക്കുണ്ടായ ദുരനുഭവം പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ഹാക്കർ ഹൗസിൽ വെച്ച് താൻ ബലാത്സംഗത്തിനിരയായതായി 2021ല്‍ അവർ പരാതിയും നൽകിയിരുന്നു. എന്നാൽ ആരോപണവിധേയനായ ആളെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നതിനിടെ പലരും സഹായിക്കാന്‍ മടിച്ചെന്നും പറയുന്നു. ടെക് എഐ മേഖലയില്‍ ഇത്തരം ചൂഷണങ്ങള്‍ മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. പലപ്പോഴും നിയമവശത്തേക്ക് എത്തുന്നില്ലെന്നതാണ് വാസ്തവം.