Israel's Prime Minister Benjamin Netanyahu gives a news conference in Jerusalem (Photo by RONEN ZVULUN / POOL / AFP)

  • മുന്നറിയിപ്പ് ലഭിച്ചിട്ടും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾക്കോ ​​സൈന്യത്തിനോ കൈമാറിയില്ലെന്ന ആരോപണം നെതന്യാഹു നിഷേധിക്കുകയും, റിപ്പോർട്ട് നൽകിയ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഞായറാഴ്ച അബുദാബിയിലെത്തിയാണ് നെതന്യാഹു യുഎഇ പ്രസിഡന്റിനെ കണ്ടതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ ഓഫീസോ യുഎഇ വിദേശകാര്യ മന്ത്രാലയമോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ഒന്നര ആഴ്ച മുൻപ് ഇസ്രായേലിനെതിരെ വലിയൊരു ആക്രമണത്തിന് ഹമാസ് തയ്യാറെടുക്കുന്നുതായി യുഎഇ പ്രസിഡന്റ് നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഇസ്രായേൽ പത്രമായ 'ഹാരെറ്റ്സ്' റിപ്പോർട്ട് ചെയ്തിരുന്നു. റിപ്പോർട്ട് ചർച്ചയാകുന്നതിനിടയിലാണ് നെതന്യാഹുവിന്റെ ഈ സന്ദർശനം.

നെതന്യാഹു വിവരമറിഞ്ഞിട്ടും മുന്നറിയിപ്പ് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾക്കോ ​​സൈന്യത്തിനോ കൈമാറിയില്ലെന്നും പത്രം റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിന് പ്രാധാന്യം കിട്ടുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നെതന്യാഹുവിന് തിരിച്ചടിയാണ്. പത്രത്തിലെ റിപ്പോർട്ട് നിഷേധിച്ച നെതന്യാഹു പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. വിവരമറിഞ്ഞിട്ടും കൈമാറാതിരുന്ന നെതന്യാഹുവിനാണ് ഹമാസ് ആക്രമണത്തിന് മുൻപുള്ള സുരക്ഷാ വീഴ്ചകളുടെ ഉത്തരവാദിത്തമെന്ന് പ്രതിപക്ഷം ആരോപിച്ചു.

പത്ര റിപ്പോർട്ടിനെ പറ്റി യുഎഇ ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. 2020-ൽ അബ്രഹാം അക്കോർഡിന്റെ ഭാഗമായി നയതന്ത്രബന്ധം സ്ഥാപിച്ചതു മുതൽ ഇസ്രായേലുമായി നേരിട്ടുള്ള ആശയവിനിമയം നടത്തുന്നുണ്ടെന്ന് യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Israeli Prime Minister Benjamin Netanyahu flew to Abu Dhabi to meet with UAE President Sheikh Mohamed bin Zayed Al Nahyan amidst a major political controversy. The high-profile visit follows a recent media report claiming that the UAE had warned Netanyahu about an impending Hamas attack weeks before October 7, 2023. While Netanyahu has vehemently denied the allegations and threatened legal action against the publication, domestic opposition blames him for severe intelligence lapses. Neither governments have officially commented on the contents of the unannounced meeting, which underscores complex regional diplomatic ties.