ഡിസി കോമിക്‌സിലെ പ്രശസ്ത സൂപ്പർഹീറോ 'ഗ്രീൻ ലാന്റൺ' ആയി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുന്ന എഐ വിഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്. എക്സില്‍ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
മിന്നുന്ന പച്ച മോതിരം ധരിച്ച് അതിൽ നിന്നുള്ള വെളിച്ചം ഉപയോഗിച്ച് കുടിയേറ്റ നിയന്ത്രണം, അമേരിക്കൻ നിർമാണ മേഖല എന്നിവ കൈകാര്യം ചെയ്യുന്ന രീതിയിലാണ് വിഡിയോയിൽ ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്.
'ഏറ്റവും തിളക്കമുള്ള പകലിലും, ഏറ്റവും ഇരുണ്ട രാത്രിയിലും, എന്റെ കണ്ണിൽ നിന്ന് ഒരു തിന്മയ്ക്കും രക്ഷപ്പെടാനാവില്ല. തിന്മയെ ആരാധിക്കുന്നവർ എന്റെ ശക്തിയെ ഭയപ്പെടട്ടെ. ഗ്രീൻ ലാന്റണിന്റെ വെളിച്ചം' എന്ന ഡിസി കോമിക്‌സിലെ ഗ്രീൻ ലാന്റൺ കഥാപാത്രത്തിന്റെ പ്രശസ്തമായ വരികളോടെയാണ് വൈറ്റ് ഹൗസ് ഈ വിഡിയോ പങ്കുവെച്ചത്. (In brightest day, in blackest night, no evil shall escape my sight. Let those who worship evil's might beware my power... Green Lantern's light!)
ബഹിരാകാശവും സൂപ്പർഹീറോ പ്രമേയങ്ങളും അടിസ്ഥാനമാക്കി ട്രംപും വൈറ്റ് ഹൗസും മുമ്പും സമാനരീതിയില്‍ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് മുമ്പ് ചന്ദ്രന്റെ ചിത്രത്തിനൊപ്പം അമേരിക്കൻ പതാക പതിപ്പിച്ച് 'ചന്ദ്രൻ നമ്മുടേതാണ്' എന്നെഴുതിയ പോസ്റ്റും ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചിരുന്നു.
വൈറ്റ് ഹൗസിന്റെ ഈ എഐ വിഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. മാസ് ആകാന്‍ നോക്കിയതാണെങ്കില്‍ കോമഡി ആയിട്ടുണ്ടെന്നും ട്രംപിന്റെ സാങ്കൽപ്പിക ശക്തിപ്രകടനം മാത്രമാണിതെന്നുമുള്ള രീതിയിലാണ് കമന്‍റുകളുയരുന്നത്.