Image Credit : Twitter
ആഴം കുറഞ്ഞ ഭാഗമാണെന്നറിയാതെ കടലിലേക്ക് ഡൈവ് ചെയ്ത 39കാരന് ദാരുണാന്ത്യം. തുര്‍ക്കിയിലെ അന്‍റാല്യ പ്രവിശ്യയിലെ അലാന്യ എന്ന സ്ഥലത്തിനടുത്താണ് അപകടമുണ്ടായത്. കുടുംബവുമായി വിനോദയാത്രയ്ക്കെത്തിയ ആരിഫ് എര്‍മന്‍ എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുകയാണ്.
കടലിനോട് ചേര്‍ന്ന് കിടക്കുന്ന റിസോര്‍ട്ടാണ് കുടുംബവുമൊത്ത് അവധിക്കാലം ചെലവഴിക്കാന്‍ ആരിഫ് തിരഞ്ഞെടുത്തത്. കുടുംബം നോക്കി നില്‍ക്കെയാണ് ആരിഫ് കടലിലേക്ക് ഡൈവ് ചെയ്തതും. എന്നാല്‍ 50 സെന്‍റീമീറ്റര്‍ മാത്രം ആഴമുളള ഭാഗത്തേക്കുളള ചാട്ടം ആരിഫിന്‍റെ ജീവനെടുത്തു. ഓടിവന്നുളള ചാട്ടമായിരുന്നതിനാല്‍ കടലിന്‍റെ അടിത്തട്ടില്‍ ആരിഫിന്‍റെ തല ശക്തമായി ഇടിച്ചു. ഇതാണ് മരണം സംഭവിക്കാന്‍ കാരണമായതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവസ്ഥലത്ത് അപകടസാധ്യത അറിയിച്ചുകൊണ്ടുളള മുന്നറിയിപ്പ് ബോര്‍ഡുകളും ഡൈവിങ് നിരോധിച്ചുകൊണ്ടുളള സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. എന്നാലിവയൊന്നും ആരിഫ് ശ്രദ്ധിച്ചിരുന്നില്ല, അല്ലെങ്കില്‍ അപകടത്തെ കുറിച്ച് ബോധവാനായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടം സംഭവിച്ചയുടനെ ഹോട്ടൽ ലൈഫ് ഗാർഡ് ആരഫിനെ രക്ഷിച്ച് സിപിആര്‍ അടക്കമുളള പ്രാഥമിക ചികില്‍സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആരിഫിന്‍റെ മൃതദേഹം സംസ്കാരത്തിനായി അദ്ദേഹത്തിന്റെ ജന്മനാടായ സപങ്കയിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതേസമയം ഹോട്ടലിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഈ ദാരുണ സംഭവത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ചും തുർക്കി അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.