സെക്സ് ഡോളുകൾക്ക് നിയമപരമായി വലിയ നിയന്ത്രണങ്ങളില്ലാത്ത ഓസ്ട്രേലിയയിൽ അധികൃതർ കടുത്ത ആശങ്കയിലാണ്. സെക്സ് ഡോളുകൾക്കായി പണമിറക്കുന്നവരുടെ മാനസികാവസ്ഥയാണ് അധികൃതരെ കുഴക്കുന്നത്. കുട്ടികളുടെ രൂപത്തിലുള്ള സെക്സ് ഡോളുകൾക്ക് ആവശ്യക്കാരേറുന്നതായാണ് പരിശോധനയിൽ വ്യക്തമായത്. 17 വയസിന് താഴെയുള്ള കുട്ടികളുടെ രൂപം തോന്നിക്കുന്ന ഡോളുകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഒട്ടേറെ കേസുകളാണ് ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
18 വയസോ അതിൽ കൂടുതലോ പ്രായം തോന്നിക്കുന്ന ഡോളുകൾക്ക് ഓസ്ട്രേലിയയിൽ നിയമപരമായ നിയന്ത്രണങ്ങൾ പരിമിതമാണെങ്കിലും, കുട്ടികളുടെ രൂപത്തിലുള്ള ഡോളുകൾക്ക് കർശന വിലക്കുണ്ട്. ഇത്തരം ഡോളുകൾ ഓൺലൈനായി എളുപ്പത്തിൽ വാങ്ങാൻ കഴിയുന്നതും അധികൃതരുടെ ആശങ്ക വർധിപ്പിക്കുന്നു. ബാലപീഡനമടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളുടെ സാധ്യതയാണ് അധികൃതർ പ്രധാനമായും ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ഡോളുകൾ കൈവശം വയ്ക്കുന്നവർക്ക് പരമാവധി 15 വർഷം വരെ തടവ് ലഭിക്കാവുന്ന നിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്.
2025ൽ ഓസ്ട്രേലിയയിലെ പെർത്തിൽ 11, 12 വയസ് പ്രായം തോന്നിക്കുന്ന രണ്ട് ഡോളുകൾ കടൽമാർഗം രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തി സേന പിടികൂടിയിരുന്നു. ഈ ഡോളുകൾ ഓർഡർ ചെയ്തത് ജേസൺ വില്യം ഫോർബ്സ് എന്ന യുവാവാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഡോളുകളുടെ കണ്ണുകൾ, മുടി, നിറം, ഉയരം എന്നിവയെക്കുറിച്ച് ഇയാൾ നിർമാതാക്കൾക്ക് കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സമാന പ്രായത്തിലുള്ള ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. ഇതിനായി സമീപത്തെ സ്കൂളുകളിലും ചൈൽഡ് കെയർ സെന്ററുകളിലും ഇയാൾ അന്വേഷണം നടത്തിയിരുന്നു. വ്യാജ പൊലീസ് ബാഡ്ജും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഏറ്റവും ഗുരുതരമായ കണ്ടെത്തൽ വീട്ടിൽ ഇയാൾ ഒരുക്കിയ പ്രത്യേക സംവിധാനമായിരുന്നു. ശബ്ദം പുറത്തേക്ക് കേൾക്കാത്ത രീതിയിൽ വീടിന്‍റെ മച്ചിൽ പ്രത്യേക സൗകര്യമൊരുക്കിയിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിനെ തുടർന്ന് ജേസൺ വില്യം ഫോർബ്സിന് ഏഴ് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
ഈ സംഭവത്തിന് പിന്നാലെയാണ് കുട്ടികളുടെ രൂപം തോന്നിക്കുന്ന ഡോളുകളുടെ ഇറക്കുമതിയും ഓൺലൈൻ വിൽപ്പനയും സംബന്ധിച്ച് ഓസ്ട്രേലിയൻ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തുന്നത്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്ക് മുന്നോടിയായി ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നതും അധികൃതർ പരിശോധിക്കുന്നുണ്ട്. ഓൺലൈനായി ഇത്തരം ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നത് തടയുക, അതിർത്തികളിലൂടെയുള്ള കടത്ത് നിയന്ത്രിക്കുക തുടങ്ങിയ നടപടികളിലാണ് അധികൃതരുടെ ശ്രദ്ധ.
കുട്ടികളുടെ രൂപം തോന്നിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങളുടെ ആവശ്യകത തന്നെ ഗുരുതരമായ മുന്നറിയിപ്പാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കുട്ടികളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഓസ്ട്രേലിയ നടപടി കടുപ്പിക്കുമ്പോൾ, ഇത്തരം ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വ്യാപനം എങ്ങനെ നിയന്ത്രിക്കുമെന്നതാണ് ഇനി പ്രധാന ചോദ്യം.