സെർബിയയിലെ പ്രഹോവോയ്ക്ക് സമീപം ഡാന്യൂബ് നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പുറത്തുവന്നത് രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ യുദ്ധക്കപ്പലിന്റെ അവശിഷ്ടങ്ങൾ. 1944 സെപ്റ്റംബറിൽ പിൻവാങ്ങുകയായിരുന്ന നാസി സൈന്യം മുക്കിയ ഡസൻ കണക്കിന് കപ്പലുകളിലൊന്നാണിത്. ജർമൻ നാവികസേനയുടെ 'ബാറ്റിൽഗ്രൂപ്പ് സീബ്' എന്ന കപ്പൽവ്യൂഹത്തിലെ  ഏതാണ്ട് 200 കപ്പലുകളാണ് അന്ന് തകർക്കപ്പെട്ടത്. കനത്ത ചൂടും വരൾച്ചയുമാണ് യൂറോപ്പിലെ നദികളിലെ ജലനിരപ്പ് റെക്കോർഡ് താഴ്ചയിലെത്തിച്ചത്. 

ചരിത്രത്തിലെ ഏറ്റവും വലിയ 'കൂട്ടമുക്കൽ'

1944 സെപ്റ്റംബർ അവസാനം. റിയർ അഡ്മിറൽ പോൾ-വില്ലി സീബിന്റെ നേതൃത്വത്തിൽ ജർമനിയുടെ കരിങ്കടൽ നാവിക വ്യൂഹം ഡാന്യൂബ് നദിയിലൂടെ പിൻവാങ്ങുകയായിരുന്നു. 1944 ഓഗസ്റ്റിൽ റുമേനിയ കൂറുമാറി സോവിയറ്റ് പക്ഷത്തുചേർന്നതോടെ, സോവിയറ്റ് സൈന്യം അതിവേഗം മുന്നേറി. ഇതോടെയാണ് അഡ്മിറൽ സീബിന്റെ നേതൃത്വത്തിൽ യുദ്ധക്കപ്പലുകളും സൈനികരും സാധാരണക്കാരുമടങ്ങുന്ന സംഘം ജർമൻ മണ്ണിലെത്താനായി നദിയിലൂടെ യാത്ര തിരിച്ചത്. എന്നാൽ, 'അയൺ ഗേറ്റ്' മലയിടുക്കിന് സമീപം സോവിയറ്റ് സൈന്യത്തിന്റെ ശക്തമായ വെടിവെപ്പിൽ ഇവർ കുടുങ്ങി.

മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഉറപ്പായതോടെ, സോവിയറ്റ് മുന്നേറ്റം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെർബിയയിലെ പ്രഹോവോയ്ക്ക് സമീപം നദിയിൽ വളഞ്ഞുപുളഞ്ഞ രീതിയിൽ കപ്പലുകൾ മുക്കാൻ സീബ് ഉത്തരവിട്ടു. വലിയ പടക്കപ്പലുകളായിരുന്നില്ല ഇവയിൽ ഭൂരിഭാഗവും. കരിങ്കടലിൽ ഉപയോഗിച്ചിരുന്ന മൈൻ സ്വീപ്പറുകൾ, ലാൻഡിങ് ക്രാഫ്റ്റുകൾ, പട്രോൾ ബോട്ടുകൾ, ടഗുകൾ, മറ്റു ചെറു ബോട്ടുകൾ തുടങ്ങിയവയാണ് മുക്കപ്പെട്ടവയിൽ ഏറെയും. ചരിത്രത്തിൽ ഒരു നദിയിൽ നടന്ന ഏറ്റവും വലിയ മനഃപൂർവമായ കപ്പൽതകർക്കലായാണ് ഇത് . ബെൽഗ്രേഡിലേക്ക് കരമാർഗം പോകാനായിരുന്നു കപ്പൽ ജീവനക്കാർക്കുള്ള നിർദേശം. എന്നാൽ ഈ തന്ത്രം ഫലം കണ്ടില്ല. സോവിയറ്റ് സൈന്യം ആ തടസ്സം മറികടന്നു. എട്ടു മാസങ്ങൾക്കു ശേഷം ജർമനി കീഴടങ്ങുകയും ചെയ്തു. 

കോടികളുടെ പദ്ധതിയും മുങ്ങി

മുങ്ങിയ കപ്പലുകള്‍ നീക്കാനുള്ള ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പദ്ധതികള്‍ പലതും നടപ്പാക്കിയെങ്കിലും  ഭൂരിഭാഗവും നീക്കം ചെയ്തിട്ടില്ല.  2022-ൽ ഏകദേശം  250 കോടിയുടെ പദ്ധതി സെർബിയ മുന്നോട്ടുവെച്ചെങ്കിലും അതും വഴിയെ മുങ്ങി.  പൊട്ടാത്ത വെടിക്കോപ്പുകളുടെ സാന്നിധ്യവും പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് കപ്പല്‍ പൊക്കല്‍ പദ്ധതികളെ പിന്നോട്ടടിച്ചത്. 

ENGLISH SUMMARY:

The water levels in the Danube River near Prahovo, Serbia, have dropped significantly due to severe heat and drought, exposing the remains of German warships from World War II. These vessels are part of the dozens of Nazi ships scuttled in September 1944 by Admiral Paul-Willi Sieb's retreating Black Sea fleet to obstruct advancing Soviet forces. This event is recorded in history as one of the largest intentional mass scuttling operations in a river. Despite previous efforts and multi-million-dollar projects proposed by Serbia to remove the wrecks, unexploded ordnance and logistical challenges have continually delayed full clearance.