എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

TOPICS COVERED

സീറ്റ് ബെൽറ്റ് ധരിക്കാൻ യാത്രക്കാരനായ കുട്ടി വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാന സര്‍വീസ് റദ്ദാക്കി. വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന പോർട്ടർ എയർലൈൻസിന്റെ വിമാനമാണ്കുട്ടിയുടെ പിടിവാശിയെത്തുടർന്ന് റദ്ദാക്കേണ്ടി വന്നത്. ഓഗസ്റ്റ് 6-നാണ് സംഭവം നടന്നത്.

ടൊറന്റോയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന പോർട്ടർ എയർലൈൻസിന്‍റെ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം. വിമാനത്തിലെ സീറ്റിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്ന ഒരു ചെറിയ കുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ടേക്ക് ഓഫിന് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണെന്നിരിക്കെ, കുട്ടിയെ അനുനയിപ്പിക്കാൻ മാതാപിതാക്കളും വിമാനത്തിലെ ജീവനക്കാരും പലതവണ ശ്രമിച്ചു. എന്നാല്‍ പരാജയമായിരുന്നു ഫലം.

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കുട്ടി സീറ്റ് ബെൽറ്റ് ധരിക്കാൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം റണ്‍വേയില്‍ നിന്നും തിരികെ ടെർമിനലിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ വാശി സുരക്ഷാ ഭീഷണിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടി. തുടർന്ന് കുട്ടിയേയും മാതാപിതാക്കളെയും വിമാനത്തിൽ നിന്ന് മാറ്റി.

എന്നാല്‍ അപ്പോളേക്കും വിമാനത്തിന്റെ പുറപ്പെടൽ സമയം വൈകിയിരുന്നു. അതേസമയം, വിക്ടോറിയ വിമാനത്താവളത്തിൽ രാത്രി 12:30-ന് ശേഷം വിമാനങ്ങൾ പറന്നുയരാൻ അനുവാദമില്ല. ഈ സമയപരിധി കഴിഞ്ഞുപോയതോടെ വിമാനത്തിന്‍റെ സര്‍വീസ് തന്നെ റദ്ദാക്കേണ്ടി വന്നു. സംഭവത്തില്‍ വലഞ്ഞത് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ്. ഇവര്‍ക്ക് യാത്രക്കായി പിറ്റേദിവസം വരെ കാത്തിരിക്കേണ്ടി വന്നു. അതേസമയം, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർലൈൻ അധികൃതർ ഖേദം പ്രകടിപ്പിച്ചു.

ENGLISH SUMMARY:

A Porter Airlines flight from Victoria International Airport to Toronto was cancelled on August 6 after a child refused to wear a mandatory seatbelt while the aircraft was taxiing. Despite repeated attempts by the parents and crew to convince the child, the pilot was forced to return the plane to the terminal for safety reasons, and the family was offloaded. Because the resulting delay pushed the departure past the airport's strict 12:30 AM curfew, the entire flight had to be cancelled, leaving other passengers stranded until the next day.