Image Credit: X/abcnews

  • വെറുതേയല്ല, 19 ലക്ഷം രൂപയോളം പിഴ ഈടാക്കിയാണ് പുസ്തകം ഷെല്‍ഫില്‍ തിരികെ വയ്പ്പിച്ചത്. 1858 ല്‍ പബ്ലിഷ് ചെയ്ത ആന്‍റിക്വിറ്റീസ് ഓഫ് ഏതന്‍സ് എന്ന പുസ്തകമാണ് ലൈബ്രറിയില്‍ തിരികെ എത്തിയത്

പുസ്തകം വായിക്കാന്‍ കൊണ്ടുപോയാല്‍ തിരികെ കൊടുക്കാത്തവര്‍ ലോകത്തെല്ലായിടവും ഉണ്ട്. മിക്കവാറും ആളുകള്‍ സുഹൃത്തുക്കളില്‍ നിന്നാണ് പുസ്തകമെടുത്ത് മുങ്ങുന്നതെങ്കില്‍ ചിലര്‍ ലൈബ്രറികളില്‍ നിന്നാണ് പുസ്തകമെടുത്ത് അപ്രത്യക്ഷരാകുന്നത്. അത്തരത്തില്‍ എടുത്ത ഒരു പുസ്തകം ഓസ്ട്രേലിയയിലെ പബ്ലിക് ലൈബ്രറിയിലേക്ക് ഒന്നര നൂറ്റാണ്ടിന് ശേഷം ഇതാ തിരികെയെത്തി. വെറുതേയല്ല, 19 ലക്ഷം രൂപയോളം പിഴ ഈടാക്കിയാണ് പുസ്തകം ഷെല്‍ഫില്‍ തിരികെ വയ്പ്പിച്ചത്. 1858 ല്‍ പബ്ലിഷ് ചെയ്ത ആന്‍റിക്വിറ്റീസ് ഓഫ് ഏതന്‍സ് എന്ന പുസ്തകമാണ് ലൈബ്രറിയില്‍ തിരികെ എത്തിയത്.

വീട് പുതുക്കിപ്പണിയാന്‍ വൃത്തിയാക്കുന്നതിനിടെയാണ് കിയാമ സ്വദേശി കഴിഞ്ഞയാഴ്ച പുസ്തകം കണ്ടെത്തിയത്. വൈകാതെ പുസ്തകവുമായി ഇയാള്‍ ലൈബ്രേറിയനെ സമീപിച്ചു. കാലാവധിയെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ പുസ്തകം സ്വീകരിക്കാന്‍ 28,000 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 18.7 ലക്ഷം രൂപ) കൂടി വേണമെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇത്ര പഴക്കമുള്ള പുസ്തകം ഒരാള്‍ തിരികെ തരുന്നത് ആദ്യമായാണെന്നാണ് അസോസിയേറ്റഡ് പ്രസിനോട് ലൈബ്രേറിയന്‍ മിഷേല്‍ ഹഡ്സന്‍ വെളിപ്പെടുത്തിയത്. ' പുസ്തകം നഷ്ടമായെന്നേ അറിയാമായിരുന്നുള്ളൂ, ആരാണ് അവസാനമായി പുസ്തകമെടുത്തത് എന്ന വിവരം ലൈബ്രറിയില്‍ നിന്ന് എങ്ങനെയോ നഷ്ടമായെന്നും അവര്‍ പറഞ്ഞു. നിശ്ചിത കാലാവധി കഴിഞ്ഞാല്‍ ആഴ്ചയൊന്നിന് മൂന്ന് ബ്രിട്ടീഷ് പെന്‍സ് വീതമാണ് പിഴ നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ചാണ് പിഴത്തുക തീരുമാനിച്ചത്. 

വീടിന്‍റെ ചിമ്മിനിക്കരികെ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബുക്കില്‍ വെള്ളം നനഞ്ഞതിന്‍റെ പാടുകളുണ്ട്. ലൈബ്രറി ആരംഭിച്ചതിന്‍റെ തൊട്ടടുത്ത വര്‍ഷങ്ങളിലെപ്പഴോ ആണ് ഈ പുസ്തകം നഷ്ടമായതെന്നാണ് ലൈബ്രറി അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ ചരിത്ര പുസ്തകങ്ങളുടെ  നിരയിലേക്ക് മാറ്റി പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ് ബുക്ക്. ' ഇനിയും ഈ ബുക്ക് ആര്‍ക്കും നല്‍കുന്നതല്ലെന്നും ഇനിയൊരു 150 വര്‍ഷത്തേക്ക് കൂടി ഇത് തിരികെ ലഭിക്കാന്‍ കാത്തിരിക്കാന്‍ കഴിയില്ലെ'ന്നും ലൈബ്രേറിയന്‍ പറയുന്നു. 

ENGLISH SUMMARY:

A rare 1858 edition of Antiquities of Athens borrowed from an Australian public library was finally returned after 150 years by a resident of Kiama who discovered it while renovating his home. Upon its return, library officials calculated a staggering late fee of approximately 28,000 Australian dollars (around 18.7 lakh rupees) based on a historical rate of three British pence per week. Although the book bears some water damage from being stored near a chimney, it has now been relocated to the historical section for public exhibition. The librarian humorously noted that the book will no longer be issued to anyone, as they cannot wait another century and a half for its return.