മൊറോക്കോയില്‍ നിന്നും കൂട്ടത്തോടെ അഭയാര്‍ഥികള്‍ വന്നതോടെ അങ്കലാപ്പിലായിരിക്കുകയാണ് സ്പെയിന്‍ ഭരണകൂടം. ഒന്നും രണ്ടും അഭയാര്‍ഥികള്‍ വരുന്നതിന് പകരം 3000ത്തിന് മുകളില്‍ ആളുകളാണ് കടല്‍ കടന്ന് സ്പെയിന്‍ തീരദേശനഗരമായ സ്യൂട്ടയിലെത്തിയത്. 2021ലെ അഭയാര്‍ഥി പ്രവാഹത്തിന് ശേഷം ഇതാദ്യമായാണ് സ്പെയിനിലേക്ക് ഒരേ സമയം ഇത്രയും അഭയാര്‍ഥികളെത്തുന്നത്. നിരവധി ആളുകള്‍ കടല്‍മാര്‍ഗം കരയിലേക്കടിച്ച് കയറി, കടന്നുകയറ്റം തടയാനായി നിര്‍മിച്ച വേലി തകര്‍ത്ത് സ്പെയിനില്‍ പ്രവേശിച്ചു.
യുറോപ്യന്‍ യൂണിയനും ആഫ്രിക്കയുമായി കരവഴി ബന്ധമുള്ള ഏക പ്രദേശമാണ് സ്യൂട്ട. വന്‍ ജനക്കൂട്ടം തിങ്ങിയതോടെ സ്യൂട്ട ഭരണകൂടം പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും കൂടുതല്‍ സേനയെ അയയ്ക്കാനും സ്പെയില്‍ തലസ്ഥാനമായ മാഡ്രിഡിനെ സമീപിച്ചുകഴിഞ്ഞു.
കടലില്‍ നിന്നും കുപ്പികളും മറ്റുമുപയോഗിച്ചുള്ള ചങ്ങാടങ്ങളുപയോഗിച്ചും നീന്തിയും ആളുകള്‍ കൂട്ടത്തോടെ സ്യൂട്ട തീരത്തെത്തുന്ന ദൃശങ്ങള്‍ വന്‍തോതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരുപതിനായിരത്തിലധികം കുടിയേറ്റക്കാർ അതിർത്തിയിലേക്ക് നീങ്ങുന്നതായി സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്. തരാജൽ ഭാഗത്തെ കടൽ നീന്തിക്കടന്നാണ് കുടിയേറ്റക്കാർ എത്തുന്നത് .
റബർ ട്യൂബുകൾ, ബോയികൾ എന്നിവ ഉപയോഗിച്ചാണ് യുവാക്കളും പുരുഷൻമാരും എത്തുന്നത്. കടൽ കടക്കാനുള്ള ശ്രമത്തിനിടെയാണ് ഒൻപതുപേർ മരിച്ചതെന്ന് സ്പെയിൻ സർക്കാർ വിശദീകരിച്ചു. രക്ഷാപ്രവർത്തനത്തിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏതാനും മാസങ്ങളായി കടലിലൂടെ കടക്കാനുള്ള ശ്രമത്തിനിടെ മരിച്ച കുടിയേറ്റക്കാരുടെ എണ്ണം 60 കടന്നതായി സ്പാനിഷ് അധികൃതർ അറിയിച്ചു. 2021ല്‍ പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ സ്യൂട്ട തീരം വഴി സ്പെയിനിലേക്ക് പ്രവേശിച്ചിരുന്നു. ആഫ്രിക്കയിലെ പല രാജ്യങ്ങളില്‍ നിന്നും മൊറോക്കോ വഴി എത്തുന്ന ഇവരുടെ ദേശീയതയോ മറ്റ് വിവരങ്ങളോ നിര്‍ണയിക്കാന്‍ സ്പെയിന്‍ ഭരണകൂടത്തിന് സാധിക്കാറില്ല. ദുര്‍ഘടം പിടിച്ച യാത്രയില്‍ നിരവധി പേര്‍ കടലില്‍ വീണ് മരിക്കുന്നതും പതിവാണ്.
അനധികൃതമായി കടന്നവരെ തിരിച്ചയയ്ക്കാൻ സ്പെയിനും മൊറോക്കോയും താൽക്കാലിക കരാറിലെത്തി. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആഭ്യന്തരമന്ത്രി ഫെർണാണ്ടോ ഗ്രാൻഡേ മാർലാസ്കയും ഇന്ന് സ്യൂട്ടോ സന്ദർശിക്കും. കടൽവഴി സ്പെയിനിലേക്ക് എത്തുന്നവരെ തിരിച്ചയക്കുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിവിധിയാണ് അനധികൃത കുടിയേറ്റം വർധിക്കാൻ കാരണം . ഇത് മനുഷ്യക്കടത്ത് സംഘങ്ങൾ മുതലെടുക്കുകയാണ്. ഈ വർഷം കരവഴി മൊറോക്കോയിൽനിന്ന് സ്പെയിനിലേക്കുള്ള കടന്നുകയറ്റം 149 ശതമാനം വർധിച്ചതായാണ് കണക്ക്.