ന്യൂസീലാന്‍ഡ് വിദേശകാര്യമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ്
പിണറായി വിജയന്‍റെ ‘വീട്ടില്‍ പോയി ചോദിക്ക്’ പരാമര്‍ശം തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങളിലൊന്നായി കരുതുന്നവര്‍ ഏറെയുണ്ട്. അത്തരമൊരു പരാമര്‍ശത്തിന്‍റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ന്യൂസീലന്‍ഡ് വിദേശകാര്യമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ്. കോവിഡ് പ്രതിരോധത്തില്‍ ന്യൂസീലന്‍ഡ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയായിരുന്നു വേദി. ഗ്രീന്‍ പാര്‍ട്ടി അംഗവും ചൈനീസ് വംശജനുമായ ലോറന്‍സ് ഷു നാന്‍, വിന്‍സ്റ്റണ്‍ പീറ്റേഴ്സിനോട് ‘താങ്കള്‍ വാക്സീന്‍ എടുത്തിട്ടുണ്ടോ?’ എന്ന് ചോദിച്ചു. എന്നാല്‍ അതിന് മറുപടി പറയുന്നതിന് പകരം ‘താന്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകൂ’ എന്ന വിദ്വേഷ പരാമര്‍ശമാണ് വിന്‍സ്റ്റണ്‍ നടത്തിയത്. ‘തന്‍റെ നാട്ടിലുള്ളവരാണ് പരന്ന മത്സ്യത്തെപ്പോലെ കിടന്ന് നുണ പറയുന്നത്. ഇവിടെ അങ്ങനെ ചെയ്യാറില്ല.’ എന്ന വംശീയ പരാമര്‍ശം കൂടി വിദേശകാര്യമന്ത്രിയുടെ വായില്‍ നിന്ന് വീണതോടെ കടുത്ത പ്രതിഷേധമുയര്‍ന്നു.
ന്യൂസീലന്‍ഡ് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ചൈന നയതന്ത്രതലത്തില്‍ ന്യൂസീലന്‍ഡ് സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചു. ഒരു രാജ്യത്തെ മന്ത്രിക്കെതിരെ അവിടത്തെ ചൈനീസ് അംബാസഡര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന അത്യപൂര്‍വ സംഭവത്തിനും ഈ സംഭവം വഴിയൊരുക്കി. തുല്യതയില്‍ അധിഷ്ഠിതമായ ചൈന–ന്യൂസിലൻഡ് ബന്ധത്തെ വിലമതിക്കണമെന്നും, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്, മറിച്ചുള്ളവയല്ല എന്നും വെല്ലിംഗ്ടണിലെ ചൈനീസ് അംബാസഡര്‍ പ്രസ്താവനയില്‍ പറഞ്ഞു. ന്യൂസീലന്‍ഡിലെ ചൈനീസ് സമൂഹത്തിന്‍റെ നിയമപരമായ അവകാശങ്ങളും താല്‍പര്യങ്ങളും മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും അംബാസഡര്‍ ആവശ്യപ്പെട്ടു. പ്രാദേശിക രാഷ്ട്രീയത്തില്‍ ചൈനയെ വലിച്ചിഴയ്ക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
ന്യൂസീലാന്‍ഡ് പാര്‍ലമെന്‍റംഗം ലോറന്‍സ് ഷു നാന്‍
വിവാദമുയര്‍ന്നശേഷവും പീറ്റേഴ്സ് ഷു നാനെ അപമാനിക്കുന്നത് തുടര്‍ന്നു. ‘അയാള്‍ അഹങ്കാരിയായ ഒരു വിഡ്ഢിയാണ്. ഇവിടെയെത്തിയിട്ട് നാളുകള്‍ പോലുമായിട്ടില്ല. ഭാഷപോലും ശരിക്കറിയില്ല. ഞങ്ങളുടേത് ജനാധിപത്യരാജ്യമാണ്. അയാളുടേത് പോലെയല്ല.’ പീറ്റേഴ്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനീസ് അംബാസറുടെ പ്രതികരണം തന്‍റെ നിലപാട് ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഞങ്ങളുടെ നാട്ടിലെ ജനാധിപത്യത്തെ വിലയിരുത്തണമെങ്കില്‍ നിങ്ങളുടേതുപോലുള്ള കമ്യൂണിസ്റ്റ്, ഏകാധിപത്യ രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കണം.’ എന്നായിരുന്നു അംബാസഡര്‍ക്കുള്ള മറുപടി.
എന്നാല്‍ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ വിദേശകാര്യമന്ത്രിയുടെ നിലപാടുകള്‍ പാടേ തള്ളി. മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ അനുചിതമായ പരാമർശങ്ങൾ നടത്തുന്നത് വിൻസ്റ്റൺ പീറ്റേഴ്‌സിന്‍റെ സ്ഥിരം പരിപാടിയാണെന്നും അതില്‍ ഒടുവിലത്തെ സംഭവമാണിതെന്നും ലക്‌സണ്‍ പ്രതികരിച്ചു. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാനാണ് വിദേശകാര്യമന്ത്രി ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസീലാന്‍ഡ് പാര്‍ട്ടി സമ്മേളനം
തീവ്രദേശീയവാദം ഉയര്‍ത്തിപ്പിടിക്കുന്ന ന്യൂസീലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് വിന്‍സ്റ്റണ്‍ പീറ്റേഴ്സ്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്‍റായതിനാല്‍ ‘കിങ്മേക്കര്‍’ റോളിലാണ് ഇപ്പോള്‍ പീറ്റേഴ്സിന്‍റെ പാര്‍ട്ടി. ഏപ്രിലില്‍ ഇതേ പാര്‍ട്ടിയുടെ ഉപനേതാവ് ഷെയ്ന്‍ ജോണ്‍സ് ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ ‘ബട്ടര്‍ ചിക്കന്‍ സൂനാമി’ എന്ന് അധിക്ഷേപിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ന്യൂസീലന്‍ഡിന്‍റെ തന്നെ ഭാഗമായി കുക്ക് ഐലന്‍ഡില്‍ നിന്നുള്ള ജനപ്രതിനിധിയെയും വംശീയമായി അധിക്ഷേപിച്ച് വിമര്‍ശനം നേരിട്ടിരുന്നു.