ശാന്തസമുദ്രത്തിലെ പച്ചപ്പുനിറഞ്ഞ തുരുത്ത്. നിബിഡമായ മഴക്കാടുകൾ, അറ്റമില്ലാത്ത നീലക്കടൽ, പുകയുന്ന അഗ്നിപർവതം, സമ്പന്നമായ സംസ്കാരം... അതാണ് പാപ്പുവ ന്യൂഗിനിയുടെ കീഴിലുള്ള സ്വയംഭരണ പ്രദേശമായ ബൂഗൻവില്ലിയ. 2027ഓടെ ലോകഭൂപടത്തിലേക്ക് സ്വന്തം വിലാസവുമായി കടന്നുവരാനുള്ള ഒരുക്കത്തിലാണ് പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ബൂഗൻവില്ലിയ ദ്വീപ്.
പ്രകൃതിയുടെ വരദാനംസൗന്ദര്യം തുളുമ്പുന്ന ദ്വീപസമൂഹം. ജൈവവൈവിധ്യംകൊണ്ട് സമ്പന്നമാണ് 9300 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ബൂഗൻവില്ലിയ. ചെമ്പ്, സ്വർണം തുടങ്ങിയ വിലയേറിയ ധാതുക്കളുടെ വൻശേഖരം ഈ മണ്ണിലുണ്ട്. തനതായ പാരമ്പര്യവും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ജനവിഭാഗവുമാണ് ഇവിടെയുള്ളത്.
കൊക്കോയാണ് പ്രധാന നാണ്യവിള. വലിയൊരു വിഭാഗം ജനങ്ങളുടെയും വരുമാനമാർഗം കൊക്കോ കൃഷിയാണ്. നാളികേരവും മറ്റ് ഭക്ഷ്യവിളകളും ഇവരുടെ കൃഷിയിൽ ഉൾപ്പെടുന്നു. കൃഷിക്കൊപ്പം തീരദേശമേഖലയിലുള്ളവർ മീൻപിടിത്തവും ചെറിയ തോതിലുള്ള കന്നുകാലി വളർത്തലും ചെയ്യുന്നുണ്ട്.
സ്വാതന്ത്ര്യത്തിനു പിന്നിൽ പതിറ്റാണ്ടുകൾ നീണ്ട സംഘർഷങ്ങൾക്കും അവഗണനകൾക്കും ശേഷം ഭരണകൂടത്തിലുള്ള വിശ്വാസക്കുറവാണ് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന പ്രധാന കാരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ– ചെമ്പ് ഖനികളിൽ ഒന്നായ പൻഗുനയിൽ നിന്നുള്ള ലാഭം പുറത്തേക്ക് പോകാതെ സ്വന്തം ജനങ്ങൾക്ക് ഉറപ്പാക്കുക, സമാധാനവും സ്വന്തം ഭാവി സ്വയം തീരുമാനിക്കാനുള്ള അവകാശവും തുടങ്ങിയവയ്ക്കുവേണ്ടിയാണ് ഈ പോരാട്ടം. വർഷങ്ങൾ നീണ്ട പോരാട്ടംസ്വാതന്ത്ര്യത്തിലേക്കുള്ള ബൊഗെയ്ൻവില്ലെയുടെ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
1975ൽ പാപ്പുവ ന്യൂഗിനി ഓസ്ട്രേലിയയിൽ നിന്ന് സ്വതന്ത്രമായ സമയത്തുതന്നെ ബൊഗെയ്ൻവില്ലെയും സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചില്ല. 1988ൽ ദ്വീപിലെ കൂപിയംഗ എന്ന കൂറ്റൻ ചെമ്പ്–സ്വർണ ഖനിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഖനിയിൽ നിന്നുള്ള ലാഭം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 1988–98 കാലയളവിൽ ഫ്രാൻസിസ് ഓനയുടെ നേതൃത്വത്തിൽ 'ബൂഗൻവില്ലിയ റെവല്യൂഷണറി ആർമി' രൂപീകരിക്കപ്പെടുകയും പാപ്പുവ ന്യൂഗിനി സർക്കാരിനെതിരെ സായുധ പോരാട്ടം ആരംഭിക്കുകയും ചെയ്തു.
ഒരു പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായി. പിന്നീട് 1998ൽ വെടിനിർത്തൽ നിലവിൽ വരികയും 2001ൽ 'ബൊഗെയ്ൻവില്ലെ സമാധാന കരാർ' ഒപ്പുവെക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ബൂഗൻവില്ലിയ്ക്ക് 'ഓട്ടോണമസ് പ്രവിശ്യ' എന്ന പ്രത്യേക പദവിയും ലഭിച്ചു.
സമാധാന കരാറിന്റെ വ്യവസ്ഥ അനുസരിച്ച് 2019ൽ സ്വാതന്ത്ര്യത്തിനായി ഹിതപരിശോധന നടത്തി. ബൂഗൻവില്ലിയിലെ ജനങ്ങളിൽ 98.3 ശതമാനം പേരും പാപ്പുവ ന്യൂഗിനിയിൽ നിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമാകാൻ വോട്ട് രേഖപ്പെടുത്തി. തുടർന്ന് സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ 2027 സെപ്റ്റംബറിൽ ബൂഗൻവില്ലിയെ പുതിയ രാജ്യമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. വർഷങ്ങൾ നീണ്ട ചർച്ചകൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ സുന്ദരമായ ഈ സമുദ്രദ്വീപ് ലോകരാഷ്ട്രങ്ങളുടെ നിരയിലേക്ക് സ്വന്തം പതാകയുമായി കടന്നുവരുമ്പോൾ, ഭൂമിയിലെ ഏറ്റവും പുതിയ രാജ്യത്തെ സ്വാഗതം ചെയ്യാൻ ലോകം കാത്തിരിക്കുകയാണ്...!