houthis-declare-naval-blockade

പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം. കഴിഞ്ഞയാഴ്ച സനാ രാജ്യാന്തര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് മറുപടിയായാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ഹൂതികൾ വ്യക്തമാക്കി. ഉപരോധം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന എണ്ണ പാതയായ ചെങ്കടലിലെയും ബാബ് അൽ-മന്ദബ് കടലിടുക്കിലെയും ഗതാഗതത്തെയും എണ്ണ വിതരണത്തെയും ഉപരോധം സാരമായി ബാധിച്ചേക്കാം.

ഹൂതികളുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, യമന് നേരെ സൗദി അറേബ്യ വർഷങ്ങളായി തുടരുന്ന ഉപരോധത്തിന് പകരമായാണ് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജനങ്ങളോട് സജ്ജരായിരിക്കാൻ ഹൂതികൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ‘കണ്ണിന് കണ്ണ്’ എന്നതായിരിക്കും തങ്ങളുടെ നയമെന്നും ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ ശക്തമായ സൈനിക തിരിച്ചടി ഉണ്ടാകുമെന്ന് സൗദിയും വ്യക്തമാക്കി. ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എണ്ണക്കപ്പലുകൾക്കും സൗദി സംരക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ലോകത്ത് സമുദ്രമാർഗ്ഗം കൊണ്ടുപോകുന്ന എണ്ണയുടെ വലിയൊരു ശതമാനം കടന്നുപോകുന്ന പാതയാണ് ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ്. ഹോർമുസ് അടച്ചതോടെ സൗദി അറേബ്യ തങ്ങളുടെ 'ഈസ്റ്റ്-വെസ്റ്റ് പെട്രോലൈൻ' വഴിയാണ് ചെങ്കടലിലെ തുറമുഖമായ യാൻബുവിലേക്ക് ദിവസേന ദശലക്ഷക്കണക്കിന് ബാരൽ എണ്ണ എത്തിച്ചിരുന്നത്. ഈ വഴിയിലാണ് ഇപ്പോൾ ഹൂതി ഭീഷണി ഉയർന്നിരിക്കുന്നത്. ഇത് സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയെ കൂടുതൽ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എണ്ണവിലയിൽ പെട്ടെന്ന് വർധനവും രേഖപ്പെടുത്തിയിരുന്നു. ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകളുടെ ഇൻഷുറൻസ് നിരക്കുകളും കുത്തനെ കൂട്ടിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കപ്പൽ പാതകളായ ഹോർമുസും ബാബ് അൽ-മന്ദബും ഒരുപോലെ തടസ്സപ്പെട്ടാൽ ലോകത്തെ ആകെ എണ്ണ-വാതക വിതരണത്തിന്റെ നാലിലൊന്ന് തടസ്സപ്പെടുമെന്നാണ് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്.

എന്നാല്‍ ഹൂതികൾ എങ്ങനെയാണ് സമുദ്ര ഉപരോധം നടപ്പിലാക്കുക? യമൻ തീരത്ത് രാജ്യാന്തര കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങള്‍ വീണ്ടും ആരംഭിക്കുന്നു എന്നതിന്‍റെ സൂചനയാണോ ഉപരോധം എന്നിവയിലൊന്നും വ്യക്തത വന്നിട്ടില്ല. സൗദിക്കെതിരെയുള്ള ഈ നീക്കം അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങൾക്കിടയിൽ പുതിയൊരു പോർമുഖം കൂടി തുറന്നിരിക്കുകയാണ്.

അതേസമയം, ജോർദാനിലെ യു.എസ് താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു മൃതദേഹാവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്. വടക്കൻ ഇറാഖിൽ തകർന്നുവീണ ഇറാന്റെ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ വീര്യമറ്റാക്കുന്നതിനിടെ മറ്റൊരു യു.എസ് സൈനികനും ജീവൻ നഷ്ടമായി. സംഭവത്തിൽ രൂക്ഷമായ ഭാഷയിലാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്. ഓരോ അമേരിക്കൻ സൈനികൻ കൊല്ലപ്പെടുമ്പോഴും ഇറാൻ അതിന് വൻവില നൽകേണ്ടി വരും. പ്രത്യാക്രമണങ്ങൾക്കുള്ള നിർദേശം സൈനിക മേധാവികൾക്ക് നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, അമേരിക്കൻ സെൻട്രൽ കമാൻഡ് ഇറാന്റെ വിവിധ നഗരങ്ങളിൽ നടത്തുന്ന ആക്രമണ പരമ്പരകളും തുടരുകയാണ്.

ENGLISH SUMMARY:

The Iran-backed Houthi rebels in Yemen have declared a naval blockade against Saudi Arabia in retaliation for a recent attack on Sanaa International Airport, escalating tensions in the Middle East. This blockade threatens critical maritime oil routes, including the Red Sea and the Bab al-Mandab Strait, where a significant portion of the world's daily oil transport passes. Consequently, global oil prices and shipping insurance rates have surged, raising fears that disruptions to both Hormuz and Bab al-Mandab could paralyze nearly a quarter of global oil and gas supplies. Meanwhile, broader regional conflict deepens as the U.S. confirms casualties from Iranian attacks in Jordan and Iraq, prompting strong retaliatory threats from the U.S. leadership.