ഒറ്റൊറ്റ ഫ്രോക്ക് കൊണ്ട് ഫാഷനില്‍ പുതുതരംഗം തീര്‍ത്തിരിക്കുകയാണ് യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ പത്നി ഉഷ വാന്‍സ്. ഫാദേഴ്സ് ഡേ സ്പെഷലായി തന്‍റെ യൂട്യൂബ് ചാനലില്‍ ജെ.ഡി.വാന്‍സ് ബുക്ക് വായിക്കുന്ന വിഡിയോ പങ്കുവച്ചതാണ് സോഷ്യല്‍ ലോകത്തെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് കാരണം.  ഈ വിഡിയോയില്‍ ഉഷ ധരിച്ചിരുന്ന വില കുറഞ്ഞ കോറല്‍ ഉടുപ്പിനെ രാഷ്ട്രീയത്തോട് ബന്ധിപ്പിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്ത വന്നു. ഇത് കണ്ടതിന് പിന്നാലെയാണ് ഉഷ ട്വീറ്റ് ചെയ്തത്. 

'800 രൂപ മാത്രം വില വരുന്ന, 'ഓള്‍ഡ് നേവി' യില്‍ നിന്ന് വാങ്ങിയ എന്‍റെ കോറല്‍ മറ്റേണിറ്റി ഉടുപ്പിന്‍റെ രാഷ്ട്രീയ പ്രാധാന്യം നമുക്കെല്ലാം മനസിലായല്ലോ. ആ സ്ഥിതിക്ക് എന്‍റെ ഇലാസ്റ്റിക് വെയ്സ്റ്റ് ബാന്‍ഡ് പാന്‍റ്സിനെ കുറിച്ചും കംപ്രഷന്‍ സോക്സിനെ കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് എന്ത് പറയുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്' എന്നായിരുന്നു നര്‍മം നിറച്ച് ഉഷ കുറിച്ചത്. 'ലേഖനം വരുന്നത് വരെ എന്‍റെ പ്രഗ്നന്‍സി ഫാഷനും നല്ല കഥകളും നിങ്ങള്‍ക്ക് കുട്ടികളുമായി സ്റ്റോറി ടൈം വിത് സെക്കന്‍ഡ് ലേഡിയില്‍ കയറിയാല്‍ ആസ്വദിക്കാമെന്നും ഉഷ വാന്‍സ് കൂട്ടിച്ചേര്‍ത്തു.  ഓണ്‍ലൈനിലൂടെ താന്‍ വാങ്ങിയ ഫ്രോക്കിന്‍റെ വില വിവരവും സ്ക്രീന്‍ഷോട്ടായി പങ്കുവച്ചു. 

നാലാമത്തെ കുഞ്ഞിനെയാണ് ജെ.ഡി.വാന്‍സും ഉഷയും കാത്തിരിക്കുന്നത്. 'ദ് പൊളിറ്റിക്സ് ആന്‍റ് പവര്‍ ഓഫ് ദ് പ്രഗ്നന്‍സി ഇമേജ്' എന്ന പേരിലാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചത്. വനേസ ഫ്രെഡ്മാനെഴുതിയ ലേഖനത്തില്‍ , ഉഷ ധരിച്ചിരിക്കുന്ന സ്ട്രെച്ചബ്ളായ കോറല്‍ വസ്ത്രം അവരുടെ വയറിനോട് ഒട്ടിക്കിടക്കുന്നതും അതിനെ കൂടുതല്‍ പ്രകടമാക്കുന്നതുമാണെന്ന് എഴുതിയിരുന്നു. ട്രംപ് സര്‍ക്കാരിലെ ഉന്നത പദവിയിലുള്ളവരും ശ്രദ്ധേയരുമായ സ്ത്രീകളില്‍ പലരും കുഞ്ഞുങ്ങള്‍ക്ക് അടുത്തയിടെ ജന്‍മം നല്‍കിയതും, ഗര്‍ഭിണികളാണെന്നതും യാദൃശ്ചികമെങ്കിലും കൗതുകകരമാണെന്നും ലേഖനത്തില്‍ പറയുന്നു. 

ഉഷയുടെ ഫ്രോക്കിന് ശരിക്കും 50 ഡോളറോളമാണ് വില. പക്ഷേ ഡിസ്കൗണ്ടുകളും കൂപ്പണുകളുമെല്ലാം ഉപയോഗിച്ചതോടെ വില 8.7  ഡോളറിലെത്തുകയായിരുന്നുവെന്നും സ്ക്രീന്‍ഷോട്ടില്‍ നിന്ന് വ്യക്തമാണ്. വാന്‍സിന്‍റെ ഭാര്യയും ഡിസ്കൗണ്ടൊക്കെ പ്രയോജനപ്പെടുത്തുമോ എന്ന് ആശ്ചര്യം കൂറുന്നവരെയും പോസ്റ്റിന് ചുവടെ കമന്‍റുകളില്‍ കാണാം. ഇത്ര സിംപിളാണോ ഉഷ വാന്‍സ് എന്ന് അമ്പരക്കുന്നവരുമുണ്ട്. 40 ശതമാനം ഓഫറില്‍ കിട്ടിയാല്‍ ആരാണ് രാഷ്ട്രീയം നോക്കിയിരിക്കുന്നത്? ആ ഉടുപ്പ് അങ്ങ് വാങ്ങും, അത്രതന്നെ എന്ന രസകരമായ കമന്‍റുകളുമുണ്ട്.

ENGLISH SUMMARY:

US Second Lady Usha Vance has generated significant social media buzz by wittily dismissing a prominent media analysis of her maternity wardrobe choices. The discussion began after The New York Times published an analytical piece by Vanessa Friedman examining the political symbolism behind a stretchable coral dress Usha wore in a Father's Day YouTube video. Responding with sharp humor on social media, Usha shared a screenshot revealing that the outfit was a simple Old Navy piece purchased online for just under nine dollars using coupons and a forty percent discount. She playfully questioned if the publication would next analyze the political implications of her elastic waistband pants and everyday compression socks. The couple, who are currently expecting their fourth child, had shared the video as part of a family-oriented storytime session for children. While critics and supporters online found amusement in the situation, many commentators highly praised the Second Lady for her remarkably grounded approach and relatable budget shopping habits.