വന്ധ്യത ആധുനിക സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. ഇത് മാര്‍ക്കറ്റാക്കി നിരവധി ഗര്‍ഭധാരണ ചികില്‍സാ കേന്ദ്രങ്ങളും ഉയരുന്നുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടും കുഞ്ഞ് ജനിക്കാത്തവര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ചികില്‍സാരീതിയാണ് ഐവിഎഫ്. സ്ത്രീയുടെയും പുരുഷന്‍റെയും അണ്ഡവും ബീജവും വേര്‍തിരിച്ചെടുത്ത് പുറമെ ഇവ സംയോജിപ്പിച്ച് പിന്നീട് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. എന്നാല്‍ എല്ലാ ചികില്‍സാരീതികളെപ്പോലെയും ഐവിഎഫിനും പിഴവ് പറ്റാമെന്ന് തെളിയിക്കുന്നതതാണ് യുഎസിലെ ഫ്ളോറിഡയില്‍ നടന്ന സംഭവം.
ഏറെ നാളായി കുഞ്ഞുങ്ങള്‍ പിറക്കാത്തതിനെ തുടര്‍ന്ന് ഐവിഎഫ് ചികില്‍സ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു ടിഫിനി സ്കോര്‍ – സ്റ്റീവന്‍ മില്‍സ് ദമ്പതികള്‍. ചികില്‍സ വിജയമാവുകയും ടിഫിനി ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ ഒന്‍പത് മാസത്തിന് ശേഷം കുഞ്ഞ് പിറന്നപ്പോളാണ് എല്ലാ സന്തോഷവും തകിടം മറിയുന്നത്.
പിറന്ന കുഞ്ഞിന്‍റെ നിറമായിരുന്നു ഏറ്റവും വലിയ വിഷയം. യൂറോപ്യന്‍ പാരമ്പര്യമുള്ള വെള്ളക്കാരായിരുന്നു ടിഫിനിയും സ്റ്റീവനും എന്നാല്‍ കുഞ്ഞ് വെള്ള നിറമായിരുന്നില്ല. മറിച്ച് കുഞ്ഞ് ആഫ്രിക്കയിലോ ദക്ഷിണേഷ്യയിലോ ഉള്ളവരുടെ നിറവും ശരീരഘടനയുമാണ് പ്രകടിപ്പിച്ചത്. തങ്ങള്‍ക്ക് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തതയുണ്ടായിരുന്ന ദമ്പതികള്‍ ഒടുവില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിനോക്കി. ഇതില്‍ നിന്നും കുഞ്ഞ് 100 ശതമാനവും തങ്ങളുടെ കുഞ്ഞല്ലെന്ന് ഇവര്‍ക്ക് വ്യക്തമായി. ഒടുവില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറംലോകമറിയുന്നത്.
ദമ്പതികളുടെ ഐവിഎഫ് ചികില്‍സ നടത്തിയ സ്ഥാപനത്തിനാണ് പിഴവ് പറ്റിയത്. ടിഫിനിയുടെയും സ്റ്റീഫന്‍റെയും ബീജവും അണ്ഡവും ചേര്‍ത്ത് ഒരു ഭ്രൂണം സ്ഥാപനം നിര്‍മിച്ചിരുന്നു. എന്നാല്‍ ഇതും മറ്റൊരു ദമ്പതികളുടെയും ഭ്രൂണവുമായി മാറിപ്പോകുകയായിരുന്നു. തുടര്‍ന്ന് 100 ശതമാനവും ടിഫിനിയോടോ സ്റ്റീവനോടോ ബന്ധമില്ലാത്ത കുഞ്ഞ് ടിഫിനിയുടെ വയറ്റില്‍ വളരുകയും ടിഫിനി കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. സ്ഥാപനത്തിനെതിരെ ദമ്പതികള്‍ നിയമനടപടിയുമായി നീങ്ങി.
എന്നാല്‍ പത്ത് മാസം കാത്ത് നൊന്ത് പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ടിഫിനിക്കോ സ്റ്റീവനോ സാധിച്ചില്ല. കുഞ്ഞിന്‍റെ യഥാര്‍ഥ മാതാപിതാക്കളെ ഇരുവരും അന്വേഷിച്ച് കണ്ടെത്തുകയും ചെയ്തു. തങ്ങള്‍ക്ക് കുഞ്ഞിനെ വളര്‍ത്തണമെന്ന് ദമ്പതികള്‍ കുഞ്ഞിന്‍റെ യഥാര്‍ഥ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കുഞ്ഞിന്‍റെ പൂര്‍ണ അവകാശം അവര്‍ ടിഫിനിക്കും സ്റ്റീവനും എഴുതി നല്‍കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ചികില്‍സ നടത്തിയ സ്ഥാപനം പൂട്ടി. മാറിപ്പോയ ടിഫിനിയുടെ സ്റ്റീവന്‍റെയും ഭ്രൂണത്തിന് എന്ത് സംഭവിച്ചു എന്ന ചോദ്യം ബാക്കിയാണ്. പൂട്ടിയ സ്ഥാപനത്തിലെ ഫ്രീസ് ചെയ്ത ഭ്രൂണങ്ങള്‍ പരിശോധിച്ച് ഇരുവരുടെയും യഥാര്‍ഥ കുഞ്ഞിനെ കണ്ടെത്താന്‍ കേസില്‍ കോടതി ആവശ്യപ്പെട്ടു.