പ്രതീകാത്മക ചിത്രം (UK Commando force conducting maritime interdiction operations in the English Channel - Photo by Ministry of Defence UK/ AFP)
ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ ഇംഗ്ലീഷ് ചാനലിൽ യുകെയുടെ കപ്പലിന് നേരെ മുന്നറിയിപ്പ് വെടിവയ്പ്പ് നടത്തി റഷ്യയുടെ യുദ്ധക്കപ്പല്‍. ചൊവ്വാഴ്ച ഇംഗ്ലീഷ് ചാനലിലൂടെ സഞ്ചരിക്കുകയായിരുന്ന റഷ്യൻ യുദ്ധക്കപ്പലായ അഡ്മിറൽ ഗ്രിഗോറോവിച്ചാണ് മുന്നിലൂടെ അശ്രദ്ധമായി കടന്നുപോയ യുകെ പതാകയേന്തിയ 'ബ്രൈറ്റ് ഫ്യൂച്ചർ' എന്ന യാച്ചിന് നേരെ വെടിവെച്ചത്. തങ്ങളുടെ യുദ്ധ കപ്പലുമായി കൂട്ടിയിടിക്കാവുന്ന തരത്തില്‍ അപകടകരമായ പാതയിലായിരുന്നു യാച്ച് സഞ്ചരിച്ചിരുന്നത് എന്നാണ് സംഭവത്തില്‍ റഷ്യൻ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിശദീകരണം.
യാച്ചിന്‍റെ സഞ്ചാരപാത ആശങ്കയുണര്‍ത്തിയ സാഹചര്യത്തില്‍ റേഡിയോ സന്ദേശങ്ങളിലൂടെ ജീവനക്കാരെ ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ലെന്നും റഷ്യ പറയുന്നു. തുടര്‍ന്ന് അവരുടെ ശ്രദ്ധ നേടാനായി ഫ്ലെയറുകൾ ഉപയോഗിച്ചു. എന്നിട്ടും യാച്ച് ഗതി മാറ്റാൻ തയ്യാറായില്ല. ഒടുവില്‍ 150 മീറ്റർ അടുത്തെത്തിയപ്പോഴാണ് വെടിവയ്ക്കാൻ കമാൻഡർ നിർദ്ദേശിച്ചത്. വെടിവയ്പ്പുണ്ടായതോടെ ഭയന്ന ജീവനക്കാർ ഉടൻ തന്നെ യാച്ചിന്‍റെ ഗതി മാറ്റി യാത്ര തുടർന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യാന്തര സമുദ്ര നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് തങ്ങളുടെ കപ്പൽ പ്രവർത്തിച്ചതെന്നും, ഒരു വലിയ അപകടം ഒഴിവാക്കാനായിരുന്നു നടപടിയെന്നും റഷ്യ വ്യക്തമാക്കി. റഷ്യൻ കപ്പൽ യാച്ചിനെ ലക്ഷ്യമാക്കി വെടിവെക്കുകയായിരുന്നില്ല മറിച്ച് കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം യുകെയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് പുറത്തായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ നിയമനടപടികൾക്ക് സാധ്യത കുറവാണ്.
ഇംഗ്ലീഷ് ചാനലില്‍ റഷ്യൻ കപ്പലുകളുടെ നീക്കങ്ങൾ യുകെ സൈന്യം എല്ലായ്പ്പോഴും നിരീക്ഷിക്കാറുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരു റഷ്യന്‍ എണ്ണക്കപ്പലിനെ യുകെ സൈന്യം തടയുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് അധികൃതർ പറയുന്നത്. ഇത്തവണ യാച്ചിന് നേരെ വെടിവയ്പ്പുണ്ടായപ്പോളും ബ്രിട്ടീഷ് റോയൽ നേവിയുടെ 'എച്ച്എംഎസ് മെർസി' എന്ന കപ്പൽ റഷ്യൻ യുദ്ധക്കപ്പലിനെ നിരീക്ഷിക്കാൻ സമീപത്തുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. യുഎസും റഷ്യയും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ് ചാനലിലെ ഇത്തരം സംഭവങ്ങൾ വലിയ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. സംഭവം രാജ്യാന്തര തലത്തില്‍ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.