പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് സമ്പൂർണ വിലക്കേർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ. കുട്ടികളെ കൂടുതൽ സുരക്ഷിതരും സന്തുഷ്ടരുമാക്കാനും അവർക്ക് നഷ്ടപ്പെട്ട ബാല്യം തിരിച്ചുനൽകാനുമാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും 2027-ഓടെ പ്രാബല്യത്തിൽ വരുമെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

കുട്ടികൾക്ക് വളരാൻ കൂടുതൽ സമയവും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് സർക്കാരിന്റെ നിർണായക നീക്കം. സമൂഹമാധ്യമങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതിലൂടെ കുട്ടികളുടെ മാനസികാരോഗ്യവും സാമൂഹിക വളർച്ചയും മെച്ചപ്പെടുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

നേരത്തെ കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ നിയന്ത്രിച്ച ആദ്യരാജ്യമായ ഓസ്‌ട്രേലിയയെക്കാൾ കടുത്ത നടപടികളാണ് ബ്രിട്ടൻ സ്വീകരിക്കുന്നത്. സമൂഹമാധ്യമങ്ങൾക്കൊപ്പം ഓൺലൈൻ ഗെയിമിങ്, തത്സമയ സംപ്രേഷണ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലും കുട്ടികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 18 വയസ്സിന് താഴെയുള്ളവർക്കായി അവസാനമില്ലാത്ത ഉള്ളടക്ക സ്ക്രോളിങ് ഉൾപ്പെടെയുള്ള ചില സവിശേഷതകളിൽ നിയന്ത്രണം കൊണ്ടുവരുന്നതും പരിഗണനയിലുണ്ട്.

യൂട്യൂബ്, ഫെയ്‌സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം, ടിക്‌ടോക്, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്രധാന സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിയമം ബാധകമാകും. എന്നാൽ വാട്‌സ്ആപ്പ്, സിഗ്നൽ പോലുള്ള സന്ദേശ സേവനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ യൂട്യൂബ് കിഡ്സ്, ഗൂഗിൾ ക്ലാസ്‌റൂം തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള സേവനങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

അതേസമയം, സമ്പൂർണ നിരോധനം കൗമാരക്കാരെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നടത്തുന്ന ആശയവിനിമയത്തിൽ നിന്ന് അകറ്റുമെന്ന് സ്‌നാപ്ചാറ്റിന്റെ മാതൃകമ്പനിയായ സ്‌നാപ് ഇൻക് പ്രതികരിച്ചു. നിയന്ത്രണങ്ങളുടെ വ്യാപ്തി പുനഃപരിശോധിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു.

നിലവിൽ അപകടകരമായ ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ വിവിധ സുരക്ഷാ സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് മെറ്റയും ഗൂഗിളും അറിയിച്ചു. സമ്പൂർണ നിരോധനം കുട്ടികളെ കൂടുതൽ സുരക്ഷിതമല്ലാത്തതും നിയന്ത്രണമില്ലാത്തതുമായ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേയ്ക്ക് ആകർഷിക്കാൻ സാധ്യതയുണ്ടെന്നും കമ്പനികൾ മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

The UK plans to implement a complete ban on social media for children under 16 to protect their childhood and mental well-being. This proposed legislation aims to make children safer and happier by restricting their access to platforms like YouTube, Facebook, and TikTok, with the law expected to be in effect by 2027.