ഇറാന്‍– ഇസ്രയേല്‍– യുഎസ് സംഘര്‍ഷത്തിന്‍റെ ഭാഗമായി ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങൾ നികത്താൻ യു.എസിലുള്ള ഇറാന്‍റെ ആസ്തികൾ കണ്ടുകെട്ടി ഉപയോഗിക്കാൻ അമേരിക്കൻ നീക്കം. ഇതുവരെ സംഭവിച്ചതും വരുംദിവസങ്ങളിൽ ഇറാൻ ആക്രമണത്തില്‍ ഉണ്ടായേക്കാവുന്നതുമായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായിട്ട് ഇറാന്‍റെ സമ്പത്ത് തന്നെ ഉപയോഗിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നതെന്ന അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗൾഫ് രാജ്യങ്ങളില്‍ ഇറാന്‍ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയും പുനര്‍നിര്‍മാണത്തിനുള്ള ചെലവും വിലയിരുത്താൻ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രത്യേക സംഘത്തിന് ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. എങ്കിലും ഇറാന്‍റെ ഏതുതരം ആസ്തികളാണ് ഇതിനായി ഉപയോഗിക്കുക എന്നതില്‍ വ്യക്തതയില്ല. എന്തായാലും ഈ നടപടി യുഎസിലെ ഇറാന്‍റെ  മരവിപ്പിച്ച ആസ്തികളിൽ മാത്രം ഒതുങ്ങില്ലെന്നാണ് സൂചന.

അമേരിക്കയിലുള്ള തങ്ങളുടെ 24 ബില്യൺ ഡോളറിന്റെ മരവിപ്പിച്ച ആസ്തികൾ യു.എസ് വിട്ടുനൽകിയാൽ മാത്രമേ സമാധാന ചർച്ചകൾക്ക് തയ്യാറാകൂ എന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമനയിയുടെ ഉപദേശകൻ മൊഹ്സെൻ റെസായ് കഴിഞ്ഞദിവസം സി.എൻ.എന്നിനോട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. എന്നാല്‍ അമേരിക്കയുടെ പുതിയ നീക്കം സമാധാന ചർച്ചകൾക്ക് വിലങ്ങുതടിയായേക്കാം എന്നാണ് കരുതുപ്പെടുന്നത്. നിലവിൽ സമാധാന ചർച്ചകൾ സ്തംഭിച്ച അവസ്ഥയിലാണ്.

അമേരിക്കയും ഇറാനും തമ്മില്‍ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ഹോര്‍മുസിന് സമീപമുള്ള ഖ്വേഷം ദ്വീപിലും ഗോരുകിലും ഇറാന്റെ തീരദേശ റഡാർ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് ശക്തമായ ആക്രമണം നടത്തിയിരുന്നു. കപ്പൽ ഗതാഗതത്തിന് ഭീഷണിയായ ഇറാന്റെ ഡ്രോണുകൾ വെടിവെച്ചിടുകയായിരുന്നു എന്നാണ് യുഎസ് പറയുന്നത്. ഹോര്‍മുസില്‍ തങ്ങള്‍ക്ക് നേരെ വന്ന ഡ്രോണുകളെ പ്രതിരോധിക്കുക മാത്രമാണ് ഉണ്ടായതെന്നാണ് യുഎസ് സൈന്യത്തിന്‍റെ വിശദീകരണം. യുദ്ധം അവസാനിച്ചുവെന്നും എത്രയും വേഗം മടങ്ങുകയാണെന്നുമുള്ള ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ആക്രമണം.

പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ തൊടുത്താണ് ഇറാന്‍ പ്രതികരിച്ചത്. ജനവാസ മേഖലകൾക്ക് മുകളിലൂടെ വന്ന ഏഴ് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിച്ചതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടമുണ്ടായെങ്കിലും ആളപായമില്ല. കുവൈത്തും ബഹ്‌റൈനും ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. അതേസമയം, സമാധാനശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ശനിയാഴ്ച ഇറാനില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിലായുള്ള നഖ്‌വിയുടെ മൂന്നാമത്തെ ഇറാന്‍ സന്ദര്‍ശനമാണിത്.

ENGLISH SUMMARY:

The United States is reportedly planning to seize Iranian assets hosted within its borders to compensate for infrastructure damages caused by Iran's military strikes in the Gulf region. According to a Reuters report, US Treasury Secretary Scott Bessent has already directed a specialized task force to structurally evaluate reconstruction costs, a move that extends beyond Iran's currently frozen accounts. This financial offensive follows a statement to CNN by Iranian advisor Mohsen Rezaei, who demanded the release of $24 billion in frozen frozen assets as a prerequisite for reviving stalled peace talks. The diplomatic friction worsened after US forces targeted Iranian coastal radar stations on Qeshm Island and Goruk, claiming they dynamically neutralised drones threatening commercial shipping routes. Iran retaliated by launching ballistic missiles at US military bases in Kuwait and Bahrain, prompting emergency air defense interceptions and a high-stakes diplomatic intervention by Pakistani Interior Minister Mohsin Naqvi.