trump-hosrmuz

ഇറാനുമായുള്ള ചര്‍ച്ച അവസാന തീരുമാനത്തിലേക്കെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ടെഹ്റാന് യുദ്ധം അവസാനിപ്പിക്കുന്നതുമായുള്ള വ്യവസ്ഥകള്‍ കൈമാറിക്കഴിഞ്ഞെന്നും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുദ്ധാവസാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. 

ഹോര്‍മുസില്‍ അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയില്‍ കുടുങ്ങിയ കപ്പലുകള്‍ക്ക് മടങ്ങാന്‍ സമയമായെന്നും കപ്പലില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് തങ്ങളുടെ ഭാര്യമാരെയും മക്കളെയും മാതാപിതാക്കളെയും കുടുംബത്തെയും കണ്ടുമുട്ടാമെന്നും അവരോട് നിങ്ങളുടെ ‘ഫേവ്റൈറ്റ്’ പ്രസിഡന്‍റായ ട്രംപ് ഹലോ പറഞ്ഞതായി പറയണമെന്നും ട്രംപ് കുറിച്ചു. 

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ 60 ദിവസത്തേക്ക് ധാരണയെത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെടിനിർത്തൽ കരാര്‍ നീട്ടാനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കാനും ധാരണയായെന്ന് യുഎസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത ഗതാഗതം ഉറപ്പാക്കാനും ധാരണയായിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. ട്രംപിന്‍റെ അന്തിമ അനുമതിയോടെ  ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവില്‍ ട്രംപ് ട്രൂത്തിലൂടെ കുറിച്ചത് അന്തിമ പ്രഖ്യാപനത്തിന്‍റെ ട്രെയിലറാണെന്നാണ് നിരീക്ഷണം. 

ഹോർമുസ് കടലിടുക്കിലെ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് ഇറാൻ ഈ കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ നിർദ്ദേശങ്ങൾ പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഇറാൻ ഉറപ്പുനൽകിയിരിക്കുന്നു. ഇതിന്റെ ഭാഗമായി 30 ദിവസത്തിനുള്ളിൽ കടലിലെ മൈനുകൾ നീക്കം ചെയ്യുമെന്നും വാണിജ്യ കപ്പലുകൾക്ക് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും ഇറാൻ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്.

ENGLISH SUMMARY:

President Trump announced that talks with Iran are nearing a final decision, stating that Tehran has conveyed terms for ending the conflict and the Hormuz Strait crisis will soon be resolved. He shared these updates on his Truth Social platform, expressing optimism for peace in the Middle East.