trump-8

TOPICS COVERED

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റേയും താരിഫ് യുദ്ധങ്ങളുടേയും പശ്ചാത്തലത്തില്‍ ചൈന സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യാത്ര തിരിച്ചു. ചൈനീസ് പ്രസിഡന്റുമായി നാളെ രാവിലെ ട്രംപ് കൂടിക്കാഴ്ച നടത്തും. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു യു.എസ് പ്രസിഡന്റ് ചൈന സന്ദര്‍ശിക്കാനൊരുങ്ങുന്നത്.

അമേരിക്ക ഫസ്റ്റ് നയവും ചൈനയുടെ വ്യാപാര താല്‍പര്യങ്ങളും നേര്‍ക്കുനേര്‍ പോരടിക്കുന്ന കാലത്താണ് യുഎസ് പ്രസിഡന്റിന്റെ ചൈന സന്ദര്‍ശനം. പശ്ചിമേഷ്യന്‍ യുദ്ധം, വ്യാപാരക്കരാര്‍, ഊര്‍ജ പ്രതിസന്ധി, തായ്‍വാന്‍, നിര്‍മിത ബുദ്ധി അങ്ങനെ ഇരുരാജ്യങ്ങള്‍ക്കും വ്യത്യസ്ത നിലപാടുകളുള്ള വിഷയങ്ങളില്‍ ട്രംപും ഷി ചിന്‍പിങ്ങും എന്ത് പറയുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മേഖലയില്‍ ഇറാനുമായി അടുത്ത സഹകരണമുള്ള ചൈന യുദ്ധത്തിന്റെ പേരില്‍ യുഎസിനെ വിമര്‍ശിച്ചിരുന്നു. ഹോർമുസ് കടലിടുക്കിലെ അസ്ഥിരതകാരണം ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ ഇറാന്റെ മേൽ വലിയ സ്വാധീനമുള്ള ചൈനയുടെ സഹായം ട്രംപ് തേടിയേക്കും. ഫേസ് വണ്‍ വ്യാപാരക്കരാറിന് താരിഫ് യുദ്ധം വരുത്തിയ പ്രതിസന്ധിയും സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായേക്കും. ചൈനീസ് മണ്ണിൽ യുഎസ് കമ്പനികൾക്ക് കൂടുതൽ ഇളവുകളും, യുഎസില്‍ ചൈനീസ് ഫാക്ടറികൾ സ്ഥാപിക്കാനുള്ള അനുമതിയും ചർച്ചയാകും. തായ്‌വാന് യുഎസ് ആയുധങ്ങൾ വിൽക്കുന്നതിനെ ചൈന ശക്തമായി എതിർക്കുന്നു. മേഖലയിലെ സൈനിക സംഘർഷം ഒഴിവാക്കാനുള്ള ധാരണയിലെത്താൻ ഷി ചിൻപിംഗ് സമ്മർദ്ദം ചെലുത്തിയേക്കും. എഐ സാങ്കേതികവിദ്യയുടെ സൈനിക ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക സംവിധാനം ഇരുരാജ്യങ്ങളും ആലോചിക്കുന്നുണ്ട്. ഇലക്ട്രോണിക്സ് നിർമ്മാണത്തിന് അത്യാവശ്യമായ അപൂർവ്വ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ട്രംപ് ആവശ്യപ്പെട്ടേക്കും. ഇലോണ്‍ മസ്ക്, ടിം കുക്ക്, കെല്ലി ഒര്‍ട്ബെര്‍ഗ് തുടങ്ങി മുന്‍നിര കമ്പനികളുടെ സിഇഒമാര്‍ ട്രംപിനൊപ്പം ചൈനയിലെത്തും. നാളെ രാവിലെ ഇന്ത്യന്‍ സമയം 7.30നാണ് ട്രംപ് ഷി ചിന്‍പിങ്ങിനെ കാണുന്നത്. ഉഭയകക്ഷി, വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രിയോടെ ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങും. 

 

ENGLISH SUMMARY:

Donald Trump's visit to China amidst West Asian conflicts and trade wars is a significant event. This visit marks the first time in nine years a US President is visiting China to discuss critical issues impacting global stability and economy.