കത്തോലിക്കാ സഭയുടെ തലവനായി ലിയോ പതിനാലാമൻ പാപ്പ ചുമതലയേറ്റിട്ട് ഇന്ന് ഒരാണ്ട്. അമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പ എന്ന വിശേഷണത്തോടെ ചുമതലയേറ്റ ലിയോ പതിനാലാമൻ ലോകസമാധാനത്തിന്‍റെ ശക്തമായ ശബ്ദമായി മാറി.
കത്തോലിക്കാ സഭയുടെ 267-ാമത് മാർപാപ്പയായി ഷിക്കാഗോയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടത് സഭയുടെ ചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു. ലിയോ പതിനാലാമൻ എന്ന നാമം സ്വീകരിച്ച അദ്ദേഹം, ഫ്രാൻസിസ് മാർപാപ്പയുടെ വിപ്ലവാത്മകമായ ആശയങ്ങൾ പിന്തുടരുമെന്ന് ആദ്യമേ പ്രഖ്യാപിച്ചു. "സമാധാനത്തിൽ നമുക്ക് ഒറ്റജനതയാകാം" എന്ന ആഹ്വാനത്തോടെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ നിന്ന് തുടങ്ങിയ ആ യാത്ര, ഇന്ന് ലോകത്തെ സ്വാധീനിക്കുന്ന ധാർമ്മിക ശബ്ദമായി വളർന്നിരിക്കുന്നു. പാവപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും അഭയകേന്ദ്രമായി മാറിയ അദ്ദേഹം, രാഷ്ട്രീയ നിലപാടുകളിലും വിട്ടുവീഴ്ചയില്ലാത്ത കരുത്ത് കാട്ടി. ഇറാനെതിരായ യുഎസ് ആക്രമണത്തെ പരസ്യമായി അപലപിച്ച മാർപാപ്പ, 'യുദ്ധം നയിക്കുന്നവരുടെ പ്രാർത്ഥന ദൈവം കേൾക്കില്ലെന്ന' പ്രസ്താവനയിലൂടെ ലോകശ്രദ്ധ നേടി. അമേരിക്കക്കാരൻ എന്ന പരിഗണന പോലും മാറ്റിവച്ച് ഡൊണാൾഡ് ട്രംപ് ഭീഷണികൾക്ക് മുതിര്‍ന്നിട്ടും അചഞ്ചലനായി നിന്ന അദ്ദേഹം തന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഊട്ടിയുറപ്പിച്ചു.
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ കൃത്യമായി തിരിച്ചറിഞ്ഞ ഇടയൻ കൂടിയാണ് ലിയോ പതിനാലാമൻ. എ.ഐ സാങ്കേതികവിദ്യ മനുഷ്യരാശിയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ആദ്യ ചാക്രിക ലേഖനം എഴുതിക്കൊണ്ട് അദ്ദേഹം വിസ്മയിപ്പിച്ചു. ഇറ്റലിയിലെ പോംപെ മരിയൻ തീർത്ഥാടന കേന്ദ്രമാണ് തന്‍റെ സ്ഥാനാരോഹണ വാർഷികം ആഘോഷിക്കാൻ മാർപാപ്പ തിരഞ്ഞെടുത്തത്. ഇന്ന് ദിവ്യബലിക്കും സമാധാന പ്രാർത്ഥനകൾക്കും പാപ്പ നേതൃത്വം നൽകും. വിശ്വാസത്തിലും രാഷ്ട്രീയത്തിലും ലിയോ പതിനാലാമന്‍റെ ഉറച്ച നിലപാടുകൾ ലോകക്രമത്തിൽ നിർണ്ണായകമാകുന്ന കാലമാണ് കടന്നുവരുന്നത്.