ദിവസങ്ങള്‍ക്ക് മുന്‍പാണ് ദക്ഷിണാഫ്രിക്കയിലെ ഒരു ഹോട്ടല്‍ മുതലാളിയെ കാണാതാവുന്നത്. 59കാരനായ ഗബ്രിയേല്‍ ബാറ്റിസ്റ്റ തന്‍റെ ഒഴിവുസമയം പുഴയില്‍ കയാക്ക് തുഴഞ്ഞും മീന്‍പിടിച്ചു ആസ്വദിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ഒരൊഴിവുദിവസം കോമാറ്റി പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ബാറ്റിസ്റ്റയെ കാണാതായി. നേരം വൈകിയിട്ടും ബാറ്റിസ്റ്റ വീട്ടിലെത്താതിരുന്നതിനാല്‍ ഭാര്യ പൊലീസില്‍ പരാതി നല്‍കി. പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലില്‍ ബാറ്റിസ്റ്റ ഒഴുകിപ്പോയതായേക്കാമെന്ന് പൊലീസ് സംശയിച്ചു.
തുടര്‍ന്ന് തീരത്തും പുഴയിലും തിരച്ചില്‍ നടത്തി. നിറയെ മുതലകളുള്ള പുഴ ആയതിനാല്‍ ബാറ്റിസ്റ്റയെ മുതലകള്‍ പിടിച്ചേക്കാമെന്ന ആശങ്കയും ഉയര്‍ന്നു. അന്വേഷണ സംഘം കൂടുതല്‍ പ്രദേശത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കുന്നതിനായി ഡ്രോണുകളും ഉപയോഗിച്ചു. ഡ്രോണുകളില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ മരങ്ങളുടെയും പാറയുടെയുമെല്ലാം ദൃശ്യങ്ങള്‍ ലഭിച്ചു. പക്ഷെ ബാറ്റിസ്റ്റയെ കണ്ടെത്താനായില്ല.
പുഴയുടെ കരയില്‍ മുതലകള്‍ വെയില്‍ കാഞ്ഞുകിടക്കുന്നത് ഈ പ്രദേശത്തെ ഒരു പതിവ് കാഴ്ചയായിരുന്നു. മുകളിലൂടെ ഡ്രോണ്‍ പറക്കുമ്പോള്‍ മുതലകള്‍ പുഴയിലേക്ക് എടുത്ത് ചാടി രക്ഷപ്പെടും. ചില മുതലകള്‍ ഡ്രോണിനു നേര്‍ക്ക് കുതിക്കുകയും ചെയ്തിരുന്നു.
ഈ മുതലക്കൂട്ടങ്ങളെ നിരീക്ഷിക്കുന്നതിനിടെ സവിശേഷമായ ഒരുകാര്യം ഡ്രോണ്‍ പറത്തുന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടു. വെയില്‍ കാഞ്ഞ് കിടക്കുകയായിരുന്ന ഒരു കൂറ്റന്‍ മുതല ഡ്രോണ്‍ അടുത്തെത്തിയിട്ടും അനങ്ങിയില്ല, കൂടുതല്‍ നിരീക്ഷണത്തില്‍ മുതലയുടെ വയര്‍ ഇരവിഴുങ്ങി അസാധാരണമാം വിധം വീര്‍ത്തിട്ടുണ്ടെന്നും വ്യക്തമായി. അന്വേഷണ സംഘത്തിലെ മേലധികാരികളെ അപൂര്‍വ ദൃശ്യം ഡ്രോണ്‍ ഓപ്പറേറ്റര്‍ കാണിച്ചു. ഒരുപക്ഷെ മുതല ബാറ്റിസ്റ്റയെ വിഴുങ്ങിയതാകാമെന്ന സംശയം അന്വേഷണസംഘത്തിനുണ്ടായി. ഒടുവില്‍ മുതലയെ പിടികൂടാന്‍ തന്നെ തീരുമാനിച്ചു.
അധികൃതരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി മുതലയെ കൊല്ലാന്‍ തീരുമാനിച്ചു. ഹെലികോപ്റ്ററില്‍ മുതലയ്ക്ക് മുകളിലെത്തിയിട്ടും വയറ് വീര്‍ത്ത് മയക്കത്തിലായതിനാല്‍ മുതലയ്ക്ക് അനങ്ങാനായില്ല. മുതലയെ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നു. അഞ്ഞുറ് കിലോയോളം ഭാരമുണ്ടായിരുന്ന മുതലയെ ഹെലികോപ്റ്ററില്‍ കെട്ടിത്തൂക്കി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
തുടര്‍ന്ന് വയര്‍ കീറി നടത്തിയ പരിശോധനയില്‍ മനുഷ്യശരീരാവശിഷ്ടം കണ്ടെത്തി.
രണ്ട് കൈകള്‍ വാരിയെല്ലുകളുടെ ഭാഗം, മാംസം എന്നിവയാണ് കണ്ടെത്തിയത്. വിരലിലെ മോതിരത്തില്‍ നിന്നും അത് ബാറ്റിസ്റ്റ തന്നെയാണെന്ന് ഉറപ്പിച്ചു. എന്നാല്‍ കൂടുതല്‍ കൗതുകമായത് മുതലയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ ആറ് ബൂട്ടുകളായിരുന്നു. ഒരാളില്‍ നിന്ന് ആറ് ബൂട്ടുകള്‍ മുതല വിഴുങ്ങിയതാകില്ല എന്നും മുന്‍പ് മുതല മനുഷ്യരെ ഭക്ഷിച്ചിരിക്കാമെന്നുമാണ് പരിശോധന നടത്തിയ സംഘത്തിന്‍റെ വിലയിരുത്തല്‍. അതല്ലെങ്കില്‍ പുഴയിലൂടെ ഒഴുകി വന്ന ബൂട്ടുകള്‍ മുതല വിഴുങ്ങിയതാകാമെന്നും അവര്‍ സംശയിക്കുന്നു. ബാറ്റിസ്റ്റ വെള്ളത്തില്‍ മുങ്ങി മരിച്ചശേഷം മുതല വിഴുങ്ങിയതാണോ അതോ മുതല ബാറ്റിസ്റ്റയെ ആക്രമിച്ചതാണോ എന്നതില്‍ ഇനിയും വ്യക്തതയില്ല.