ഇന്ത്യക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ ട്രംപിനെ നേരിട്ട് പരാമര്‍ശിക്കാതെ ഇന്ത്യയുടെ മറുപടി. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഗര്‍ഭിണികള്‍ പ്രസവത്തിനായി യുഎസില്‍ എത്തുന്നുവെന്നും അതിലൂടെ അവര്‍ക്ക് ഇന്‍സ്റ്റന്റ് പൗരത്വം ലഭിക്കുന്നു എന്നുമുള്ള പോസ്റ്റ് പങ്കിട്ടാണ് കഴിഞ്ഞ ദിവസം ട്രംപ് രാജ്യത്തെ അധിക്ഷേപിച്ചത്. പോസ്റ്റില്‍ ഇന്ത്യയേയും ചൈനയേയും നരകക്കുഴികള്‍ (hell-hole)‌ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. റേഡിയോ അവതാരകന്‍ മൈക്കല്‍ സാവേജ് എഴുതിയ പോസ്റ്റാണ് അമേരിക്കന്‍ പ്രസിഡ‍ന്‍റ് തന്‍റെ പ്രൊഫൈലിലും പങ്കിട്ടത്. പിന്നാലെയാണ് മറുപടിയുമായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന എത്തിയത്.

ഇന്ത്യയെയും ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അനുചിതവും, മോശവുമാണെന്നാണ് ട്രംപിനെ നേരിട്ട് പരാമർശിക്കാതെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശവും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. വളരെക്കാലമായി പരസ്പര ബഹുമാനത്തില്‍ തുടരുന്ന ഇന്ത്യ- യുഎസ് ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഈ പരാമര്‍ശമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

മൈക്കല്‍ സാവേജിന്‍റെ പോഡ്കാസ്റ്റിന്‍റെ നാല് പേജുള്ള ട്രാൻസ്ക്രിപ്റ്റാണ് ട്രംപ് പങ്കിട്ടത്. ഇന്ത്യന്‍, ചൈനീസ് കുടിയേറ്റക്കാരെ ലാപ്ടോപ്പുമായി വന്ന ഗുണ്ടകളെന്നും യുഎസ് പതാകയെ ചവിട്ടുന്നവരെന്നും ഇതില്‍ അധിക്ഷേപിക്കുന്നു. നിലവിലെ പൗരത്വ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കോടതി വിധിക്ക് കാത്തുനില്‍ക്കാതെ ദേശീയ ഹിതപരിശോധന വേണമെന്നുമാണ് മൈക്കല്‍ സാവേജ് ആവശ്യപ്പെടുന്നത്. അമേരിക്കൻ സുപ്രീം കോടതിയിൽ ജന്മാനാ ഉള്ള പൗരത്വവുമായി ബന്ധപ്പെട്ട വാദങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. പിന്നാലെ, വിഷയത്തില്‍ ചോദ്യങ്ങളുമായി ഇന്ത്യൻ മാധ്യമങ്ങള്‍ യുഎസ് എംബസിയിലെത്തി. എന്നാല്‍ തന്‍റെ ‘വലിയവനായ സുഹൃത്ത്’ നയിക്കുന്ന ‘മഹത്തായ രാജ്യമാണ്’ ഇന്ത്യ എന്ന് ട്രംപ് വിശ്വസിക്കുന്നതായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ട്രംപിന്റെ പോസ്റ്റിനെതിരെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. അമേരിക്കയിലുള്ള ഇന്ത്യൻ, ചൈനീസ് പൗരന്‍മാരെ ലക്ഷ്യമിട്ടുള്ള ഈ വെറുപ്പുളവാക്കുന്ന, വംശീയ പരാമർശം ട്രംപ് പങ്കുവെച്ചതിൽ തങ്ങൾക്ക് വളരെയധികം അസ്വസ്ഥതയുണ്ടെന്ന് ഫൗണ്ടേഷന്‍ പ്രസ്താവനയിൽ പറഞ്ഞു. വിജാതീയതയും വിദ്വേഷവും ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്ന ഇക്കാലത്ത് യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ഇത്തരം അധിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നത് വിദ്വേഷം വളർത്തുകയും നമ്മുടെ സമൂഹങ്ങളെ അപകടത്തിലാക്കുകയും ചെയ്യുമെന്നും ഫൗണ്ടേഷന്‍ കൂട്ടിച്ചേർത്തു. പേസ്റ്റ് പുനർപരിശോധിക്കാനും നീക്കം ചെയ്യാനും ഏഷ്യൻ അമേരിക്കക്കാരുടെ മായാത്ത സംഭാവനകളെ അംഗീകരിക്കാനും സംഘടന ട്രംപിനോട് ആവശ്യപ്പെട്ടു.

ENGLISH SUMMARY:

India has reacted to US President Donald Trump's controversial social media post that labeled India and China as "hell-holes." The Ministry of External Affairs termed the remarks "inappropriate" and inconsistent with the mutual respect shared between the two nations. Trump had shared a transcript by radio host Michael Savage, which insulted Indian and Chinese immigrants. While the Hindu American Foundation condemned the post as racist, the US Embassy attempted to downplay the tension by highlighting Trump’s friendship with the Indian leadership.