കുഞ്ഞുങ്ങളുടെ ജീവിതത്തെ ഏറ്റവും സ്വാധീനിക്കുന്നത് രക്ഷിതാക്കള്‍ തന്നെയാണ്. പെരുമാറ്റവും പ്രവര്‍ത്തിയും മറ്റനേകം സ്വഭാവവിശേഷങ്ങളും ശൈശവകാലത്ത് കുട്ടികള്‍ക്ക് ലഭിക്കുന്നത് രക്ഷിതാക്കളില്‍ നിന്നാണ്. എന്നാല്‍ ശാരീരിക പരിമിതികളുള്ള കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്താമെന്നത് പലപ്പോഴും രക്ഷിതാക്കളെ അലട്ടുന്ന പ്രശ്നമാണ്. പരിമിതികളുള്ള കുഞ്ഞുങ്ങളെ രക്ഷിതാക്കള്‍ ഉപേക്ഷിക്കുന്ന സംഭവങ്ങളും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ശാരീരിക പരിമിതിയുള്ള മകനെ നിത്യജീവിതത്തില്‍ നേരിടേണ്ട പ്രശ്നങ്ങള്‍ പഠിപ്പിക്കുന്ന ഒരച്ഛനാണ് സോഷ്യല്‍ മീഡിയയിലെ താരം.
ബ്രസീലിലെ സംരംഭകരായ ദമ്പതികളുടെ മകനാണ് ഹോസെ. നീളം കുറഞ്ഞ കൈകളില്‍ രണ്ടുവീതം വിരലുകളുമായാണ് ഹോസെ ജനിക്കുന്നത്. സിംബ്രാകൈഡാക്ടിലി എന്ന അവസ്ഥ. സാധാരണ ഒരു ജീവിതമാവില്ല മകനുണ്ടാകുകയെന്ന് ഹോസെയുടെ ശൈശവകാലത്ത് തന്നെ മാതാപിതാക്കള്‍ മനസിലാക്കി.
തുടര്‍ന്ന് തന്‍റെ മകനെ ഒരോ ദിവസത്തെയും ചെറിയ കടമ്പകള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണ് ആ രക്ഷിതാക്കള്‍. ഇത്തരത്തില്‍ ഹോസെയെ സ്വയം ഭക്ഷണം കഴിക്കാന്‍ പിതാവ് പഠിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ തനിക്ക് പരിമിതികളുണ്ടെന്ന് ഹോസെ മനസിലാക്കിയിട്ടുണ്ട്. തനിക്ക് സ്പൂണ്‍ പിടിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഹോസെ കരയുകയാണ്. രണ്ട് കുഞ്ഞു വിരലുകള്‍ക്കിടയിലേക്ക് അച്ഛന്‍ സ്പൂണ്‍ വച്ചുകൊടുക്കുന്നു. ഏറെ കരഞ്ഞ ഹോസെ അവസാനം സ്പൂണ്‍ ഉപയോഗിക്കാന്‍ പഠിക്കുന്നു. തുടര്‍ന്ന് അച്ഛനും തന്‍റെ കൈകള്‍ കൊണ്ട് സ്പൂണില്‍ കോരിയ ഭക്ഷണം ഹോസെ കൊടുക്കുന്നുണ്ട്. ഹൃദയസ്പര്‍ശിയായ റീല്‍ നിരവധി പേരാണ് ഇതിനോടകം കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.
തുടര്‍ന്ന് വന്ന വിഡിയോ ആയിരുന്നു ഹോസെയെ പിതാവ് ഒരു പേപ്പര്‍ സ്വയം എടുക്കാന്‍ പഠിപ്പിക്കുന്നത്. തനിക്ക് പേപ്പറെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഹോസെ ഏറെ കരയുന്നുണ്ട്. എന്നാല്‍ വീണ്ടും വീണ്ടും ഹോസെയെ പ്രേരിപ്പിച്ച് പിതാവ് ഹോസെയെക്കൊണ്ട് സ്വയം വീണ്ടും പേപ്പര്‍ എടുപ്പിക്കുകയാണ്. നിരവധി പേരാണ് ഹോസെയേയും പിതാവിനെയും പ്രശംസിച്ച് വിഡിയോക്കടിയില്‍ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരിമിതികളുള്ളവരെ അവജ്ഞയോടെ കാണുന്നവര്‍ക്ക് പാഠമാണ് ഹോസെയും പിതാവും.