President Donald Trump listens in the Oval Office of the White House before signing an executive order Tuesday, March 31, 2026, in Washington. (AP Photo/Alex Brandon)

ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസിനുണ്ടായ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 1990 ലെ ഗള്‍ഫ് യുദ്ധ സമയത്തുണ്ടായ സാഹയത്തിന് സമാനമായി ഗള്‍ഫ് രാജ്യങ്ങള്‍ പണം നല്‍കേണ്ടി വന്നേക്കാം എന്നാണ് ട്രംപിന്‍റെ വക്താവായ കരോലിന്‍ ലെവിറ്റ് സൂചന നല്‍കിയത്. 10 ബില്യണ്‍ ഡോളറാണ് ഇറാന്‍ സംഘര്‍ഷത്തില്‍ യു.എസിന്‍റെ ചെലവായി കണക്കാക്കുന്നത്. 

ഗള്‍ഫ് രാജ്യങ്ങളെ ബന്ധപ്പെടാന്‍ ട്രംപിന് താല്‍പര്യമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് ലെവിറ്റ് പറഞ്ഞു. "അക്കാര്യത്തിൽ അദ്ദേഹത്തിന് മുൻപേ ഞാൻ ഒന്നും പറയുന്നില്ല. പക്ഷേ അദ്ദേഹത്തിന്‍റെ മനസിലുള്ള ഒരു ആശയമാണെന്ന് എനിക്കറിയാം. അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അദ്ദേഹം തന്നെ പറയുന്നത് നിങ്ങൾക്ക് ഉടനെ കേൾക്കാം" എന്ന് ലെവിറ്റ് വിശദീകരിച്ചു. 

ഇറാഖിന്‍റെ കുവൈത്ത് അധിനിവേശത്തെ പ്രതിരോധിക്കാന്‍ യു.എസ് സൈന്യം ഇറങ്ങിയതിന് അന്ന് 54 ബില്യണ്‍ ഡോളറാണ് സഖ്യകക്ഷികള്‍ യു.എസിന് പിരിച്ചു നല്‍കിയത്. ഇത്തവണ യു.എസും ഇസ്രയേലും നേരിട്ട് ഇറാനുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 

വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടാന്‍ ഇറാന്‍ യുദ്ധ ചെലവ് വഹിക്കണമെന്ന് നേരത്തെ ട്രംപിനോട് അടുത്ത വലതുപക്ഷ വക്താവ് സീന്‍ ഹാനിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ മുഴുവൻ സൈനിക നടപടിയുടെയും മുഴുവൻ ചെലവും അമേരിക്കയ്ക്ക് എണ്ണയായി തിരികെ നൽകാൻ ഇറാന്‍ സമ്മതിക്കണം എന്നായിരുന്നു ഹാനിറ്റിയുടെ ആവശ്യം. എന്നാല്‍ യുദ്ധത്തിലൂടെയുണ്ടായ നഷ്ടങ്ങൾക്ക് യുഎസ് നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ  വ്യവസ്ഥയായി നിശ്ചയിച്ചിട്ടുണ്ട്.

യുദ്ധം അവസാനിക്കാനുള്ള ശ്രമങ്ങളിലാണ് യു.എസ്. ഇറാനുമായി സംസാരിക്കുകയാണെന്നും വൈകാതെ കരാറില്‍ എത്തിച്ചേരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതുവെന്നും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ വ്യക്തമാക്കി. പരമാവധി മൂന്നാഴ്ച, അതിനുള്ളില്‍ യുഎസ് സൈന്യം മടങ്ങുമെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.

ENGLISH SUMMARY:

US President Donald Trump is seeking payment from Arab nations to cover the cost of the US's involvement in the Iran conflict. This mirrors the cost-sharing arrangements seen during the 1990 Gulf War, where Gulf countries contributed financially to US military actions.