AI Image
പ്രീ–സ്കൂളിലെ ഉച്ചയുറക്കത്തിനിടയില്‍ രണ്ടു വയസുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് പത്തുവര്‍ഷം ജയില്‍ ശിക്ഷ. സിംഗപ്പുരിലാണ് സംഭവം. സ്കൂളിലെ പാചകക്കാരന്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വിവരം മറച്ച് വയ്ക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചതിനാണ് മുന്‍ പ്രിന്‍സിപ്പലായ സ്ത്രീയെ കോടതി ശിക്ഷിച്ചത്.
സ്കൂളിലെ പാചകക്കാരനായ തിയോ ഗുവാന്‍ ഹുവാത് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ വിവരം പുറത്തറിയിക്കാതെ ഒതുക്കിത്തീര്‍ക്കാനാണ് പ്രിന്‍സിപ്പല്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടി വീട്ടില്‍ വിവരം പറഞ്ഞതോടെയാണ് വീട്ടുകാര്‍ പരാതി നല്‍കിയതും പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത ദിവസത്തെ സിസിടിവി ദൃശ്യം മായ്ക്കപ്പെട്ടതായി കണ്ടെത്തിയതും. ഒരു വയസു വീതമുള്ള വേറെ രണ്ട് പെണ്‍കുഞ്ഞുങ്ങളെയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പദവി ദുരുപയോഗം ചെയ്യുകയും പദവിയില്‍ ഇരിക്കാന്‍ താന്‍ യോഗ്യയല്ലെന്ന് തെളിയിക്കുകയുമാണ് പ്രിന്‍സിപ്പല്‍ ചെയ്തതെന്ന് കേസ് പരിഗണിച്ച ജില്ലാ ജഡ്ജി ശര്‍മിള ശ്രീപതി പറഞ്ഞു. ലൈംഗികാതിക്രമത്തിന് കൂട്ടുനില്‍ക്കുകയാണ് ഇവര്‍ ചെയ്തതെന്നും കോടതി പറയുന്നു. കുട്ടികളുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാം എന്നത് സംബന്ധിച്ച് പ്രത്യേക പരിശീലനം ലഭിച്ച വ്യക്തി കൂടിയാണ് പ്രിന്‍സിപ്പലെന്നതാണ് കേസിലെ വൈരുധ്യമെന്നും കോടതി പറഞ്ഞു. 'ഔപചാരികമായ പരിശീലനം ലഭിച്ചവര്‍ തലപ്പത്തെത്തിയതുകൊണ്ട് മാത്രം കുട്ടികള്‍ സുരക്ഷിതരാവണമെന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കേസെന്നും' കോടതി വിലയിരുത്തി. പ്രിന്‍സിപ്പലിന്‍റെ ഭാഗത്ത് നിന്നും ഗുരുതരമായ പിഴവ് സംഭവിച്ചത് കൊണ്ട് കൂടുതല്‍ കുഞ്ഞുങ്ങള്‍ സ്കൂളില്‍ വച്ച് ഉപദ്രവിക്കപ്പെട്ടുവെന്നും ഇത് അങ്ങേയറ്റം സങ്കടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2023ലായിരുന്നു കേസിന് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ തിയോയെ കഴിഞ്ഞ നവംബറില്‍ ഒന്‍പതേകാല്‍ വര്‍ഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. പ്രീ–സ്കൂളിലുണ്ടായ ഞെട്ടിക്കുന്ന അക്രമമാണിതെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ അന്ന് ആവശ്യപ്പെട്ടത്. മലേഷ്യക്കാരനായ തിയോയെ ഒക്ടോബറിലാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.