അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാനിലെ ഇംഗ്ലീഷ് ദിനപത്രമായ ടെഹ്‌റാൻ ടൈംസ്. ഇറാന്‍റെ മണ്ണിൽ കാലുകുത്തുന്ന ഏതൊരു യുഎസ് സൈനികനും ശവപ്പെട്ടിയിലായിരിക്കും മടങ്ങുന്നത് എന്ന് ഒന്നാം പേജില്‍ കുറിച്ചാണ് പത്രത്തിന്‍റെ വെള്ളിയാഴ്ചത്തെ എഡിഷന്‍ പുറത്തിറങ്ങിയത്. ‘നരകത്തിലേക്ക് സ്വാഗതം’ എന്ന തലക്കെട്ടോടുകൂടിയാണ് പത്രത്തിന്‍റെ ഒന്നാം പേജ്.

മിഡിൽ ഈസ്റ്റില്‍ പതിനായിരം വരെ അധിക സൈനികരെ വിന്യസിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നുവെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഇറാനിൽ കരസേനാ നടപടിക്ക് അമേരിക്ക തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇറാന്‍ തങ്ങളുടെ പത്രത്തില്‍ മറുപടി നല്‍കിയത്. അമേരിക്ക കരയുദ്ധത്തിനു മുതിർന്നാൽ, യെമനിലെ ഹൂതി വിമതരെ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുമെന്ന് ബുധനാഴ്ച ഒരു ഇറാനിയൻ ഉദ്യോഗസ്ഥനും പറഞ്ഞിരുന്നു. ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനു നേരെ ആക്രമണം അഴിച്ചുവിടാന്‍ ഹൂതികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നായിരുന്നു ഭീഷണി.

ഇറാനെതിരായ പോരാട്ടത്തില്‍ കരസേനയെ ഉപയോഗിക്കാന്‍ ഉദ്ദേശമില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പലതവണ പറഞ്ഞിട്ടുണ്ട്. സംഘർഷം അവസാനിപ്പിക്കാൻ ഇറാന്‍ അമേരിക്കയുമായി സമാധാന ചർച്ചകള്‍ക്ക് തയ്യാറാകണമെന്നും ട്രംപ് ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് ഈ സൈനിക വിന്യാസം. ഇത് പ്രദേശത്തെ യുഎസ് സൈനികരുടെ എണ്ണത്തില്‍ വലിയ വർദ്ധനവിന് കാരണമാകും. എന്നാല്‍ സൈന്യത്തെ എവിടെയാണ് വിന്യസിക്കുന്നതെന്ന് കൃത്യമായി വ്യക്തമല്ല. ഖാർഗ് ദ്വീപിലായിരിക്കുമെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. 

ഇറാനിലെ ഊര്‍ജപ്ലാന്‍റുകള്‍ പത്തുദിവസത്തേക്ക് കൂടി ആക്രമിക്കില്ലെന്ന നിലപാടിലാണ് ട്രംപ്. ഏഴുദിവസത്തേക്ക് താല്‍കാലികമായി നിര്‍ത്തി വയ്ക്കണമെന്നാണ് ഇറാന്‍ അഭ്യര്‍ഥിച്ചതെന്നും എന്നാല്‍ താന്‍ പത്ത് ദിവസം നല്‍കുകയായിരുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ‘വളരെ നന്നായി നടക്കുന്നുണ്ടെന്നും’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

അതേസമയം, വെള്ളിയാഴ്ച രാവിലെ ടെഹ്‌റാന്റെ ഹൃദയഭാഗത്ത് അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ വ്യാപക ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വീണ്ടും ആക്രമണം നടത്തിയതായും ഹിസ്ബുള്ള ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടതായും ഇസ്രയേല്‍ അറിയിച്ചു.

ENGLISH SUMMARY:

Iran's Tehran Times issued a chilling warning to the US, stating any soldier entering Iranian soil would return in a coffin. The front-page editorial comes as reports suggest the US may deploy 10,000 additional troops to the Middle East, possibly at Kharg Island. Despite President Trump's claim of a 10-day ceasefire on energy plants, Israeli strikes continue in Tehran and Beirut. Iran also threatens to mobilize Houthi rebels in the Red Sea if a ground invasion occurs.