എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image
ഇസ്രയേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ പ്രധാന വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയതോടെ ഏഷ്യക്കും യൂറോപ്പിനുമിടയിലുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. ദുബായ് ഉൾപ്പെടെയുള്ള പ്രധാന ഹബ്ബുകൾ വഴി സർവീസ് നടത്തിയിരുന്ന വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ മറ്റുമാർഗങ്ങൾ തേടാൻ നിർബന്ധിതരായിരിക്കുകയാണ്.
എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image
ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അടക്കം ഗൾഫ് ഹബ്ബുകൾ തുടർച്ചയായ നാലാം ദിവസവും അടഞ്ഞുകിടക്കുകയാണ്. ഇതോടെ എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സർവീസുകൾ നിലച്ചു. ഇത് ഓസ്‌ട്രേലിയയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്കുള്ള യാത്രാ സൗകര്യങ്ങളെ സാരമായി ബാധിച്ചു.
ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന: ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റുകളിൽ പല പ്രമുഖ റൂട്ടുകളിലും അടുത്ത ദിവസങ്ങളിലൊന്നും സീറ്റില്ല. ഉള്ള സീറ്റുകൾക്കാകട്ടെ സാധാരണ നിരക്കിന്റെ നാലിരട്ടി വരെയാണ് ഈടാക്കുന്നത്.
കാത്തേ പസഫിക്: ഹോങ്കോങ്ങ്-ലണ്ടൻ റൂട്ടിൽ മാർച്ച് 11 വരെ ഇക്കണോമി ക്ലാസ് സീറ്റുകൾ ലഭ്യമല്ല. മാർച്ച് 11-ലെ വൺ-വേ ടിക്കറ്റിന് ഏകദേശം 2.25 ലക്ഷം രൂപ (21,158 ഹോങ്കോങ്ങ് ഡോളർ) ആണ് നിരക്ക്. സാധാരണ 54,000 രൂപയിൽ താഴെയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. ക്വാന്റാസ് എയർവേയ്‌സിന്‍റെ വെബ്സൈറ്റ് പരിശോധിച്ചപ്പോള്‍ സിഡ്‌നിയിൽ നിന്ന് ലണ്ടനിലേക്ക് മാർച്ച് 17 വരെ ഇക്കണോമി ടിക്കറ്റുകൾ ലഭ്യമല്ല. ലഭ്യമായ ടിക്കറ്റുകൾക്ക് 1.85 ലക്ഷം രൂപയോളമാണ് ഈടാക്കുന്നത്. ലോസാഞ്ചലസ്, ജൊഹാനസ്ബർഗ് തുടങ്ങിയ ദീർഘദൂര റൂട്ടുകളിലൂടെയാണ് പലരും ഇപ്പോള്‍ യാത്ര ചെയ്യുന്നത്.
യൂറോപ്യന്‍ വിനോദസഞ്ചാരികളും മറ്റ് യാത്രക്കാരും മിഡിൽ ഈസ്റ്റ് ഒഴിവാക്കി നേരിട്ടുള്ള വിമാനങ്ങളെ ആശ്രയിക്കുന്നതിനാൽ തായ് എയർവേയ്‌സിന്റെ യൂറോപ്പ് വിമാനങ്ങൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ട നിലയിലാണ്. ബാങ്കോക്ക്-ലണ്ടൻ യാത്രയ്ക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ നിരക്ക്.
എഐ നിര്‍മിത പ്രതീകാത്മക ചിത്രം/AI-generated representative image
ഇതര പാതകളും വെല്ലുവിളികളും
മിഡിൽ ഈസ്റ്റിന് മുകളിലൂടെയുള്ള വ്യോമപാത ഒഴിവാക്കാൻ വിമാനങ്ങൾ ഇപ്പോൾ അഫ്ഗാനിസ്ഥാൻ വഴിയോ അല്ലെങ്കിൽ ഈജിപ്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ വഴിയോ ആണ് പറക്കുന്നത്. ഇത് യാത്രാസമയം വർദ്ധിപ്പിക്കുകയും ഇന്ധനച്ചെലവ് കൂട്ടുകയും ചെയ്യും. ആഗോള വിപണിയിൽ എണ്ണവില ഉയരുന്നത് വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടുതല്‍ വർധിക്കാൻ ഇടയാക്കിയേക്കും.
സിംഗപ്പുർ എയർലൈൻസ്, കാത്തേ പസഫിക്, ടർക്കിഷ് എയർലൈൻസ് തുടങ്ങിയ കമ്പനികൾക്ക് ഗള്‍ഫിലെ സാഹചര്യം താൽക്കാലിക നേട്ടമുണ്ടാക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഓസ്‌ട്രേലിയയിലെ ട്രാവൽ ഏജൻസിയായ ഫ്ലൈറ്റ് സെന്ററിൽ ഉപഭോക്തൃ കോളുകളിൽ 75 ശതമാനത്തോളം വർദ്ധനവുണ്ടായിട്ടുണ്ട്. ചൈന, സിംഗപ്പൂർ, മറ്റ് ഏഷ്യന്‍ ഹബുകള്‍, നോര്‍ത്ത് അമേരിക്ക തുടങ്ങിയ പാതകൾ വഴി യൂറോപ്പിലെത്താനാണ് ഇപ്പോൾ ഓസ്ട്രേലിയന്‍ സഞ്ചാരികള്‍ ശ്രമിക്കുന്നത്.
ഗൾഫ് മേഖലയിലെ അനിശ്ചിതത്വം തുടരുന്നത് ആഗോള വ്യോമയാന മേഖലയുടെ ലാഭക്ഷമതയെയും കണക്റ്റിവിറ്റിയെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഏഷ്യ പസഫിക് എയർലൈൻസ് അസോസിയേഷൻ പോലുള്ള സംഘടനകൾ.