കർണാടകയിൽ നിന്നുള്ള 22കാരനായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയെ കലിഫോർണിയയിലെ ബെർക്ക്‌ലിയിൽ വെച്ച് കാണാതായതി. ബെംഗളൂരുവിലെ ശ്രീഗന്ധദ കാവല്‍ സ്വദേശിയായ സാകേത് ശ്രീനിവാസയ്യയെയാണ് കാണാതായത്. ബെർക്ക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിംഗിൽ മാസ്റ്റർ ഓഫ് സയൻസ് വിദ്യാര്‍ഥിയായിരുന്ന സാകേതിനെ ഈ മാസം 9 ന് ബെർക്ക്‌ലിയിലെ ഡ്വൈറ്റ് വേയിലെ 1700 ബ്ലോക്കിലാണ് അവസാനമായി കണ്ടത്. സാകേതിന്‍റെ കുടുംബം പറയുന്നതനുസരിച്ച്, ബെർക്ക്‌ലി പോലീസ് പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രാദേശിക അധികാരികളുടെ സജീവമായ അന്വേഷണത്തിനുശേഷവും കാണാതായ വിദ്യാര്‍ഥിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബെർക്ക്‌ലി ഹിൽസ് പരിസരത്തുള്ള ലേക്ക് അൻസയ്ക്കും ടിൽഡൻ റീജിയണൽ പാർക്കിനും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിയമപാലകരും കമ്മ്യൂണിറ്റി വളണ്ടിയർമാരും ഉൾപ്പെട്ട തിരച്ചിലില്‍, ലേക്ക് അൻസയ്ക്ക് സമീപത്തുനിന്ന് സാകേതിന്‍റെ പാസ്‌പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാക്ക്‌പാക്ക് കണ്ടെടുത്തു. സാകേതിന്റെ പിതാവ് ശ്രീനിവാസയ്യ, സഹോദരൻ സുധാംശു, റൂംമേറ്റ് ബനീത് സിംഗ് എന്നിവരുൾപ്പെടെയുള്ള കുടുംബവുമായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നിരന്തര ആശയവിനിമയം നടത്തുന്നുണ്ട്. തിരച്ചിലിൽ അപ്‌ഡേറ്റുകളും സഹായവും നൽകുന്നതിനായി ബെർക്ക്‌ലി പോലീസ് വകുപ്പുമായി മിഷൻ ഏകോപിപ്പിക്കുന്നുണ്ടെന്ന് കോൺസുലേറ്റിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ യശോവർദ്ധൻ സിംഗ് താക്കൂർ സ്ഥിരീകരിച്ചു. കർണാടക സർക്കാരും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗികമായി ഇടപെടൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
വിദ്യാർത്ഥിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക വർദ്ധിച്ചുവരുന്നതിനാൽ അധികൃതർ വേഗത്തിൽ നടപടിയെടുക്കണമെന്ന് സാകേതിന്‍റ കുടുംബം അഭ്യർത്ഥിച്ചു. സാകേത് എവിടെയാണെന്ന് അറിയാൻ സുഹൃത്തുക്കളും പരിചയക്കാരും ലിങ്ക്ഡ്ഇൻ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.