Image  Credit: JamPress

Image Credit: JamPress

പറക്കലിനിടെയുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ബോയിങ് 737–700 വിമാനത്തിന്‍റെ എന്‍ജിനുകളിലൊന്ന് തകര്‍ന്നതായി റിപ്പോര്‍ട്ട്. അറിക് എയറിന്‍റെ വിമാനമാണ് തെക്കന്‍ നൈജീരിയയില്‍ അടിയന്തരമായി നിലത്തിറക്കിയത്. വലിയ നാശമാണ് വിമാനത്തിനുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ഭീതി ജനിപ്പിക്കുന്ന പൊട്ടിത്തെറിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്‍ജിന്‍റെ പുറത്തെ പാളി മുഴുവനായി പിഞ്ഞിപ്പറി‍ഞ്ഞത് പോലെ തകര്‍ന്നിരിക്കുന്നതും ഉള്ളിലെ ഭാഗങ്ങളും വിഡിയോയില്‍ കാണാം.

വെള്ളിയാഴ്ച പുലര്‍ച്ചെ ലഗോസില്‍ നിന്നും നൈജീരിയയിലെ പോര്‍ട്ട് ഹാര്‍കോട്ടിലേക്ക് തിരിച്ച വിമാനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. 5N-MJF എന്ന വിമാനം പ്രാദേശിക സമയം രാവിലെ 7.24 ഓടെയാണ് മുര്‍ത്താല മുഹമ്മദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. 27,000 അടി ഉയരത്തില്‍ പറക്കവേയാണ് ഇടത്തേ എന്‍ജിനില്‍ നിന്നും വലിയ പൊട്ടിത്തെറി വിമാന ജീവനക്കാര്‍ കേട്ടത്. ഉടന്‍ തന്നെ യാത്രക്കാരുടെ സുരക്ഷിതാര്‍ഥം വിമാനം ബെനില്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു. 8.05 ഓടെ സുരക്ഷിതമായി വിമാനം നിലത്തിറക്കുകയായിരുന്നുവെന്ന് വിമാനക്കമ്പനി അറിയിച്ചു.  

എന്‍ജിന് ഗുരുതരമായ നാശം സംഭവിച്ചതായി വിഡിയോയില്‍ വ്യക്തമാണ്. എന്‍ജിന്‍റെ ലോഹനിര്‍മിതമായ പുറം ഭാഗം തകര്‍ന്നു പോയിട്ടുണ്ട്. ഉള്ളിലെ യന്ത്രഭാഗങ്ങളും ഫാന്‍ ബ്ലേഡുകളും ദൃശ്യമാണ്.  എന്‍ജിന്‍റെ ഇന്‍ലറ്റ് നഷ്ടമായെന്നും ബ്ലേഡുകളില്‍ ചിലത് തകര്‍ന്നിട്ടുണ്ടെന്നും  ഏവിയേഷന്‍ സേഫ്റ്റി നെറ്റ്​വര്‍കിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാന്‍ ബ്ലേഡ് ഓഫ് സംഭവിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തല്‍. 

അപകടസമയത്ത് വിമാനത്തിനുള്ളില്‍ 80 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സുരക്ഷിതരാണെന്നും വിമാനക്കമ്പനി അറിയിച്ചു. അപകടത്തിന്‍റെ കാരണത്തില്‍ അന്വേഷണം തുടരുകയാണെന്നും നൈജീരിയന്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും സുരക്ഷിതമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞുവെന്നും ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. 

ഫ്ലൈറ്റ് ഡേറ്റയും കോക്പിറ്റ് വോയിസ് റെക്കോര്‍ഡറും  പരിശോധിക്കുകയാണെന്നും വിമാന ജീവനക്കാരില്‍ നിന്നും വിവരം തേടുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്‍റെ മെയിന്‍റനന്‍സ് ഹിസ്റ്ററി, എന്‍ജിന്‍ പാര്‍ട്ടുകള്‍ തുടങ്ങിയവയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ENGLISH SUMMARY:

An Arik Air Boeing 737-700 aircraft made an emergency landing at Benin Airport, Nigeria, on February 13, 2026, after a mid-air engine explosion. The flight (5N-MJF), traveling from Lagos to Port Harcourt, suffered severe damage to its left engine at an altitude of 27,000 feet. Viral videos show the engine's outer casing completely ripped off, exposing the inner fan blades and machinery. All 80 passengers on board were evacuated safely without any injuries. The Nigerian Safety Investigation Bureau has launched a probe, suspecting a 'fan blade off' event. Authorities are examining flight data recorders and the aircraft's maintenance history to determine the cause of the structural failure