Image Credit:x/newsx
കാനഡയിലെ ടൊറന്‍റോയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. തിരക്കേറിയ ഷോപ്പിങ്മാളിന്‍റെ പാര്‍ക്കിങില്‍ വച്ച് പട്ടാപ്പകലാണ് ചന്ദന്‍ കുമാര്‍ രാജ നന്ദകുമാറിന്(37) വെടിയേറ്റത്. ഷോപ്പിങ്മാളിലെ പാര്‍ക്കിങില്‍ തന്‍റെ കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു ചന്ദന്‍. വെടിയേറ്റ ചന്ദനെ ഉടന്‍ തന്നെ ആശുപത്രിയില്‍ െത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബുള്ളറ്റുകള്‍ തുളഞ്ഞ് കയറിയ ചന്ദന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസൂത്രിതമായ കൊലപാതകമാണെന്നാണ് സംശയം.
ടൊറന്‍റോയില്‍ കന്നഡക്കാരുടെ കൂട്ടായ്മ ഉണ്ടാക്കാന്‍ ചന്ദന്‍ ശ്രമിച്ചിരുന്നുവെന്നും ഇതില്‍ എതിര്‍പ്പുണ്ടായ ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് ചന്ദന്‍റെ കുടുംബം സംശയിക്കുന്നത്. കാനഡയില്‍ റിലീസ് ചെയ്യുന്ന കന്നഡ സിനിമകളും സാംസ്കാരിക പരിപാടികളും പ്രോല്‍സാഹിപ്പിക്കുന്നതില്‍ ചന്ദന്‍ അതീവ തല്‍പരനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം, മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ എംബസിയുടെ സഹായം തേടുമെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചിക്കബല്ലാപുര പൊലീസ് അറിയിച്ചു.
ബെംഗളൂരുവിലെ സപ്തഗിരി കോളജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ചന്ദന്‍ ആറു വര്‍ഷം മുന്‍പാണ് എല്‍ ആന്‍റ് ടി യുടെ അനുബന്ധ സ്ഥാപനം വഴി കാനഡയില്‍ എത്തിയത്. നെലമംഗല സ്വദേശിയായ ചന്ദന്‍കുമാര്‍ ഈ അവധിക്ക് വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. വിവാഹാലോചനകള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണാന്ത്യം.